എ.കെ.ജിക്കെതിരായ ബല്‍റാമിന്റെ പരാമര്‍ശം: വിമര്‍ശനവുമായി നേതാക്കള്‍ രംഗത്തെത്തി

0
57

തിരുവനന്തപുരം: എ.കെ.ജിക്കെതിരായി തൃത്താല എംഎല്‍എ വി.ടി.ബല്‍റാം ഫെയ്‌സ്ബുക്കിലൂടെ നടത്തിയ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി വിവിധ നേതാക്കള്‍ രംഗത്തെത്തി. എ.കെ.ജിയെ ബാലപീഡകനാക്തി ചിത്രീകരിക്കുന്ന ബല്‍റാമിന്റെ പരാമര്‍ശങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് സിപിഎം നേതാക്കളാണ് രംഗത്തെത്തിയിട്ടുള്ളത്.

പാവപ്പെട്ടവര്‍ക്കും, അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും, തൊഴിലാളികള്‍ക്കും വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച നേതാവാണ് എ.കെ.ജി. ബല്‍റാമിന്റെ നീചമായ നടപടി പ്രബുദ്ധ കേരളം പൊറുക്കില്ലെന്നും കോണ്‍ഗ്രസ് ഇക്കാര്യത്തില്‍ വിവേകപൂര്‍വമായ ഇടപെടല്‍ പ്രതീക്ഷിക്കുന്നതായും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രതികരിച്ചു.

ചരിത്രത്തെ വളച്ചൊടിച്ച്, കോണ്‍ഗ്രസിന്റെ സമകാലിക അവസ്ഥ കാണാതെ എത്ര കാലം ബല്‍റാമിന് പോസ്റ്റിട്ട് നടക്കാനാവുമെന്നാണ് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന്‍ പരിഹസിച്ചത്. വൈദ്യരേ, സ്വയം ചികിത്സിക്കൂ എന്നല്ലാതെ മറ്റെന്ത് പറയാനാണെന്നും എം.വി തന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പാര്‍ലമെന്റ് വേദിയെപ്പോലും പോരാട്ടവേദിയാക്കി മാറ്റിയ ജനപ്രതിനിധിയായ എ.കെ.ജിയെ അപമാനിക്കുന്ന ബലറാം നെഹ്റുവിനെയും അപമാനിക്കുകയാണെന്നും എം.വി പറഞ്ഞു.

എകെജിയെക്കുറിച്ചുള്ള ബല്‍റാമിന്റെ പരാമര്‍ശം ശുദ്ധ പോക്രിത്തരമാണെന്ന് മന്ത്രി മണി പറഞ്ഞു. എകെജി എന്ന 3 അക്ഷരം കേള്‍ക്കുമ്പോള്‍ ആവേശം തോന്നുന്ന ജനത ബല്‍റാമിന്റെ ജല്‍പ്പനങ്ങള്‍ പൊറുക്കില്ലെന്ന് മന്ത്രി കടകംപള്ളി പ്രതികരിച്ചു. പാവങ്ങളുടെ പടത്തലവന്‍ ആരാധ്യനായ സഖാവ്. എകെജിയെ അവഹേളിച്ച വി.ടി.ബല്‍റാം എംഎല്‍എ മാപ്പ് പറയണമെന്നും അദ്ദേഹം പറഞ്ഞു.

പൊതുപ്രവര്‍ത്തകന്‍ കാണിക്കേണ്ട സാമാന്യ മാന്യത പോലും കാണിക്കാന്‍ കഴിയാത്ത നേതാവാണ് ബല്‍റാം. എ.കെ.ജി തീഷ്ണമായ സമരങ്ങളിലൂടെയും പോരാട്ടങ്ങളിലൂടെയുമാണ് ജനങ്ങളുടെ നേതാവായത്. ബല്‍റാം നവമാധ്യമത്തിലൂടെ രാഷട്രീയത്തില്‍ എത്തിയ ആളാണെന്നും ഫെയ്സ്ബുക്ക് എന്ന നവമാധ്യമം ഇല്ലായിരുന്നെങ്കില്‍ ബല്‍റാം ഇന്ന് രാഷട്രീയരംഗത്ത് ഉണ്ടായിരിക്കില്ലായിരുന്നെന്നും എ.എന്‍.ഷംസീര്‍ എംഎല്‍എ പറഞ്ഞു.

മാധ്യമ ശ്രദ്ധ പിടിച്ചുപറ്റാന്‍ എന്ത് വിവരക്കേടും വിളിച്ചു പറയുന്ന മാനസിക നില ഒഴിവാക്കാന്‍ ബല്‍റാമിനെപോലുള്ളവര്‍ ശ്രമിക്കണമെന്ന് പി.സി ജോര്‍ജ്ജ് എം.എല്‍.എ പ്രതികരിച്ചു. എ.കെ.ജിയെപ്പോലെ കേരള രാഷട്രീയത്തിലെ മുതിര്‍ന്ന നേതാക്കളെക്കുറിച്ച് ഇത്തരത്തില്‍ പ്രസ്താവന നടത്തി വിവാദമുണ്ടാക്കുന്നത് ഗുണകരമല്ല. എ.കെ.ജി കേവലം കമ്മ്യൂണിസ്റ്റ് നേതാവ് മാത്രമല്ല, സാധാരണക്കാരുടെ കര്‍ഷക ബന്ധുകൂടിയാണെന്നും പി.സി ജോര്‍ജ്ജ് പറഞ്ഞു.

ബല്‍റാമിന്റെ എകെജിക്കെതിരായ പരാമര്‍ശത്തെ തുടര്‍ന്ന് സാമൂഹിക മാധ്യമങ്ങളിലൂടെ തന്നെ നിരവധി വിമര്‍ശനങ്ങളാണ് ഉയര്‍ന്നു വരുന്നത്. ബല്‍റാം മാപ്പ് പറഞ്ഞിട്ട് പോയാ മതിയെന്ന ഹാഷ്ടാഗോടുകൂടിയാണ് സമൂഹമാധ്യങ്ങളിലൂടെ ബല്‍റാമിനെതിരായുള്ള ആക്രമണം.

എന്നാല്‍ ഇതിനെതിരെ പറയാനുള്ളത് പറഞ്ഞിട്ടേ പോകു എന്ന ഹാഷ്ടാഗോടുകൂടി ബല്‍റാം വീണ്ടും പോസ്റ്റിട്ടു. ദി ഹിന്ദുവില്‍ വന്ന വാര്‍ത്തയും എകെജിയുടെ ആത്മകഥയും ആധാരമാക്കിയായിരുന്നു രണ്ടാമത്തെ പോസ്റ്റ്. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ലെന്നും ബല്‍റാം പോസ്റ്റില്‍ വ്യക്തമാക്കുന്നുണ്ട്.