ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 209 റണ്‍സിന് പുറത്ത്‌

0
56

കേപ്ടൗണ്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 209 റണ്‍സിന് പുറത്ത്. 93ന് ഏഴ് എന്ന ദയനീയ നിലയില്‍ നിന്ന് ഹാര്‍ദിക് പാണ്ഡ്യയും ഭുവനേശ്വര്‍ കുമാറും ചേര്‍ന്ന് നേടിയ 99 റണ്‍സ് കൂട്ടുക്കെട്ടാണ് ഭേദപ്പെട്ട സ്‌കോറില്‍ എത്തിച്ചത്. ഇതോടെ ദക്ഷിണാഫിക്ക 93 റണ്‍സിന്റെ ലീഡ് സ്വന്തമാക്കി. 93 റണ്‍സെടുത്ത ഹാര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ നിരയിലെ ടോപ് സ്‌കോറര്‍.

ദക്ഷിണാഫ്രിക്കയ്ക്കായി വെര്‍നോണ്‍ ഫിലാന്‍ഡര്‍, കഗീസോ റബാഡ എന്നിവര്‍ മൂന്നും ഡെയ്ല്‍ സ്റ്റെയിന്‍, മോണി മോര്‍ക്കല്‍ എന്നിവര്‍ രണ്ടു വിക്കറ്റും വീഴ്ത്തി. ദക്ഷിണാഫ്രിക്ക ഒന്നാം ഇന്നിങ്‌സില്‍ 286 റണ്‍സിന് പുറത്തായിരുന്നു.

93ന് ഏഴ് എന്ന നിലയില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ടീമിനെയാണ് ഹാര്‍ദിക് ഒറ്റയ്ക്ക് തോളിലേറ്റിയത്. ഒപ്പം കൂട്ടിന് ഭുവനേശ്വര്‍ കുമാര്‍ ചേര്‍ന്നതോടെ പതിയെ ഇന്ത്യ താളം കണ്ടെത്തുകയായിരുന്നു. ഏകദിന ശൈലിയില്‍ ദക്ഷിണാഫ്രിക്കന്‍ ബൗളര്‍മാരെ നേരിട്ട ഹാര്‍ദിക് ഒരു ഘട്ടത്തില്‍ ഇന്ത്യയ്ക്ക് ലീഡ് നേടി നേടി തരുമെന്നും തോന്നിച്ചു. 95 പന്തുകള്‍ നേരിട്ട ഹാര്‍ദിക് 14 ബൗണ്ടറിയും ഒരു സിക്‌സും ഉള്‍പ്പെടെയാണ് 93 റണ്‍സെടുത്തത്. കഗീസോ റബാഡയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കിന് ക്യാച്ച് നല്‍കിയാണ് പാണ്ഡ്യ മടങ്ങിയത്. 86 പന്തുകള്‍ നേരിട്ട ഭുവി, നാലു ബൗണ്ടറികളോടെ 25 റണ്‍സെടുത്തു. മോണി മോര്‍ക്കലാണ് ഭുവനേശ്വറിന്റെ വിക്കറ്റ് നേടിയത്.