ഒരേ സമയം മൂന്നിലധികം സര്‍വകലാശാലകളില്‍ ജോലി; 80000 അധ്യാപകരുടെ തട്ടിപ്പ് പുറത്തു കൊണ്ടു വന്നത് ആധാര്‍

0
46

ഡല്‍ഹി: ഒരേ സമയത്ത് മൂന്നിലധികം സര്‍വകലാശാലകളില്‍ ജോലി ചെയ്തു വന്ന 80000 അധ്യാപകരുടെ തട്ടിപ്പുകള്‍ പുറത്ത് കൊണ്ടുവന്ന് ആധാര്‍. രാജ്യത്തെ പതിനായിരക്കണക്കിന് ഉന്നത വിദ്യാഭ്യാസരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ മൂന്നോ നാലോ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഫാക്കല്‍റ്റി അംഗങ്ങളാണെന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

2016-17 ലെ ആധാര്‍ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരമാണ് വിവരങ്ങള്‍ പുറത്തുവന്നത്. ആധാറില്‍ നിന്നും കിട്ടിയ വിവരം അനുസരിച്ച് രാജ്യത്തുടനീളമുള്ള സര്‍വകലാശാലകളിലും വിവിധ കോളേജുകളിലുമായി 80,000 തട്ടിപ്പ് ടീച്ചര്‍മാരുണ്ട്. ഇതിനകം 85 ശതമാനം അദ്ധ്യാപകരും ആധാര്‍ നമ്പര്‍ നല്‍കിക്കഴിഞ്ഞു. ബാക്കിയുള്ളവര്‍ കൂടി നല്‍കുന്നതോടെ ഇത്തരം അദ്ധ്യാപകരുടെ എണ്ണം ഇനിയും കൂടുമെന്നാണ് വിവരം. കേന്ദ്ര മാനവശേഷി മന്ത്രി പ്രകാശ് ജാവദേക്കറാണ് ഓള്‍ ഇന്ത്യ സര്‍വേ ഓഫ് ഹയര്‍ എഡ്യൂക്കേഷന്‍ (എഐഎസ്എച്ച്ഇ) ന്റെ അവസാന സര്‍വേ റിപ്പോര്‍ട്ട് വെള്ളിയാഴ്ച പുറത്തുവിട്ടത്.
വിവരങ്ങള്‍ ചോരുമോ എന്ന ആശങ്കയുമായി ബന്ധപ്പെട്ട് അനേകം വിവാദങ്ങള്‍ നില നില്‍ക്കുമ്പോഴും ആധാറിലൂടെയുള്ള തുറന്നുപറച്ചില്‍ പുറത്തു കൊണ്ടു വന്നത് 80,000 അദ്ധ്യാപകരുടെ തട്ടിപ്പാണ്. ഈ രീതി അനുസരിച്ച് അനേകം അദ്ധ്യാപകര്‍ മുഴുനീള ഉദ്യോഗസ്ഥരായി ഒന്നിലധികം സ്ഥാപനങ്ങളില്‍ ജോലി ചെയ്തു വരുന്നുണ്ടെന്നും ആധാര്‍ അവതരിപ്പിച്ചതോടെ ഇവരെല്ലാം കുടുങ്ങിയെന്നും മന്ത്രി വ്യക്തമാക്കി.
വ്യാജ പതിപ്പ് ഒഴിവാക്കാനായി സര്‍വ്വകലാശാലകളോട് എല്ലാ ഉദ്യോഗസ്ഥരില്‍ നിന്നും വിദ്യാര്‍ത്ഥികളില്‍ നിന്നും ആധാര്‍ നമ്പര്‍ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോളേജുകള്‍ ഉള്ള ബംഗലുരുവാണ് തട്ടിപ്പില്‍ മുന്നില്‍. സര്‍വേ ഈ രംഗത്തേക്ക് വരുന്നവരുടെ എണ്ണം അഞ്ചു വര്‍ഷം മുമ്പ് ഉണ്ടായിരുന്ന 21.5 ശതമാനത്തില്‍ നിന്നും 25.5 ശതമാനമായി കൂടിയതായി കണ്ടെത്തിയിട്ടുണ്ട്.