ഓഖി ദുരന്തം: രക്ഷപ്പെട്ട മൈക്കിള്‍ രക്തസ്രാവത്തെ തുടര്‍ന്ന് വീണ്ടും ആശുപത്രിയില്‍

0
47

തിരുവനന്തപുരം: ഓഖി ദുരന്തത്തെ തുടര്‍ന്ന് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുന്തുറ സ്വദേശി മൈക്കിളിനെ (42) തലച്ചോറിലെ രക്തസ്രാവത്തെ തുടര്‍ന്ന് വീണ്ടും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ആഴ്ചയിലാണ് ഓഖി ദുരന്തത്തില്‍ പരിക്കേറ്റ് ചികിത്സയില്‍ ആയിരുന്ന മൈക്കിളിനെ രോഗം ഭേദമായതിനെ തുടര്‍ന്ന് പൂന്തുറ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. എന്നാല്‍ തലച്ചോറില്‍ വീണ്ടും രക്തസ്രാവം ഉണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജില്‍ എത്തിക്കുകയായിരുന്നു.

ഇയാളെ ന്യൂറോ സര്‍ജറിയുടെ തീവ്രപരിചരണ വിഭാഗത്തില്‍ അഡ്മിറ്റ് ചെയ്തു. മൈക്കിള്‍ മരുന്നുകളോട് പ്രതികരിക്കുന്നതായും തല്‍ക്കാലം പുനര്‍ ശസ്ത്രക്രിയ ആവശ്യമില്ലെന്നും രോഗാവസ്ഥയില്‍ നിന്നും പുരോഗതിയുണ്ടെന്നും മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ഡോ.എം.എസ് ഷര്‍മ്മദ് അറിയിച്ചു. മൈക്കിളിന് വേണ്ടിയുള്ള മുഴുവന്‍ ചികിത്സയും സൗജന്യമായാണ് മെഡിക്കല്‍ കോളേജ് ആശുപത്രി ലഭ്യമാക്കുന്നത്.