ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും സെറീന വില്ല്യംസ് പിന്മാറി

0
51

മെല്‍ബണ്‍: ബ്രിട്ടീഷ് സൂപ്പര്‍ താരം ആന്‍ഡി മുറേയ്ക്ക് പിന്നാലെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ നിന്നും മുന്‍ ലോക ഒന്നാം റാങ്കുകാരിയും നിലവിലെ ജേതാവുമായ സെറീന വില്ല്യംസും പിന്‍മാറി. സെപ്തംബറില്‍ അമ്മയായതിന് ശേഷം ടെന്നീസില്‍ നിന്നു വിട്ടുനില്‍ക്കുകയായിരുന്ന സെറീന അബുദാബിയില്‍ നടന്ന സൗഹൃദ മല്‍സരത്തിലൂടെയാണ് തിരിച്ചുവന്നത്. എന്നാല്‍ താരത്തിന്റെ മടങ്ങിവരവ് തോല്‍വിയയില്‍ കലാശിക്കുകയായിരുന്നു. ആരോഗ്യം വീണ്ടെടുത്തുവെങ്കിലും വിചാരിച്ച നിലവാരത്തിലേക്കാന്‍ എത്താന്‍ തനിക്കായിട്ടില്ലെന്ന് 23 ഗ്രാന്റ്സ്ലാമുകള്‍ നേടിയിട്ടുള്ള സെറീന വ്യക്തമാക്കി.

ദീര്‍ഘകാലം സിംഗിള്‍സ് റാങ്കിങില്‍ ഒന്നാംസ്ഥാനം അലങ്കരിച്ചിട്ടുള്ള 36 കാരി ഇപ്പോള്‍ 22ാം സ്ഥാനത്താണ്. കുറച്ചു കാലം മല്‍സരംഗത്തു നിന്നു വിട്ടുനിന്നതോടെയാണ് സെറീനയ്ക്ക് റാങ്കിങിലും തിരിച്ചടി നേരിട്ടത്. പൂര്‍ണമായും തയ്യാറാണെങ്കില്‍ മാത്രം ടൂര്‍ണമെന്റുകളില്‍ പങ്കെടുത്താല്‍ മതിയെന്നാണ് തന്റെ കോച്ചും ടീമും പറയുന്നതെന്ന് സെറീന വ്യക്തമാക്കി.

‘മത്സരിക്കാന്‍ ഇപ്പോള്‍ എനിക്കാവും. പക്ഷെ വെറും സാന്നിധ്യമറിയിക്കാന്‍ വേണ്ടി മാത്രം മത്സരിക്കാന്‍ ആഗ്രഹമില്ല. പഴയ താളത്തിലേക്ക് തിരിച്ചെത്താന്‍ കുറച്ചു സമയം കൂടി വേണം. കഴിഞ്ഞ സീസണിലെ ഓസ്ട്രേലിയന്‍ ഓപ്പണ്‍ നേടിയതിന്റെ മധുരമുള്ള ഓര്‍മകള്‍ ഇപ്പോഴും മനസ്സിലുണ്ട്. ഉടന്‍ തിരിച്ചുവരിക തന്നെ ചെയ്യും’ അമേരിക്കന്‍ ഇതിഹാസതാരം കൂട്ടിച്ചേര്‍ത്തു.

2017 ഡിസംബര്‍ 30ന് നടന്ന കളിയില്‍ യെലേന ഒസ്റ്റാപെന്‍കോയാണ് സെറീനയെ പരാജയപ്പെടുത്തിയത്.