കര്‍ണാടകയില്‍ നിന്നുള്ള ഇറക്കുമതി നിലച്ചു; ഗോവയില്‍ ബീഫ് ക്ഷാമം

0
45


പനാജി: കര്‍ണാടകയില്‍ നിന്ന് ബീഫ് ഇറക്കുമതി നിലച്ചതോടെ ഗോവയില്‍ ബീഫ് ക്ഷാമം രൂക്ഷമായി. ഗോരക്ഷാ പ്രവര്‍ത്തകരുടെ ആക്രമണത്തെ തുടര്‍ന്നാണ് കര്‍ണാടകയില്‍ നിന്ന് ബീഫ് എത്തിക്കേണ്ടെന്ന് വ്യാപാരികളുടെ സംഘടന തീരുമാനിച്ചത്. ഗോരക്ഷാ പ്രവര്‍ത്തകര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി എടുക്കുന്നതുവരെ ഇറക്കുമതി വേണ്ടെന്നാണ് തീരുമാനം.

കര്‍ണാടകയിലെ ബെലാഗവിയില്‍ നിന്ന് 25 ടണ്‍ ബീഫാണ് എല്ലാ ദിവസവും ഗോവയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. എന്നാലിപ്പോള്‍ സംസ്ഥാനത്ത് ബീഫിന് വലിയ ക്ഷാമം നേരിട്ട് കൊണ്ടിരിക്കുകയാണെന്നും വ്യാപാരി സംഘടനാ പ്രസിഡന്റായ മന്നാ ബേപാരി പറഞ്ഞു.

നിയമവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന അറവുശാലകളില്‍ നിന്നാണ് ഗോവിയിലേക്ക് ബീഫ് എത്തിക്കുന്നതെന്ന് ആരോപിച്ചാണ് ഗോരക്ഷാ പ്രവര്‍ത്തകര്‍ ആക്രമണങ്ങള്‍ നടത്തുന്നത്. ക്രിസ്മസ്-പുതുവത്സര നാളുകളിലൊക്കെ വ്യാപകമായ ആക്രമണമാണ് ഇറച്ചി ഇറക്കുമതി ചെയ്യുന്ന വാഹനങ്ങള്‍ക്കുനേരെ നടന്നത്.

അതേസമയം, നിയമാനുസൃതമായ അറവുശാലകളില്‍ നിന്നാണ് തങ്ങള്‍ ഇങ്ങോട്ടേക്ക് ബീഫ് കൊണ്ടുവരുന്നതെന്നും തങ്ങളുടെ വാഹനം ഇവര്‍ തടയുന്നത് കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായികൊണ്ടിരിക്കുന്നതെന്നും വ്യാപാരി സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. നിയമവിരുദ്ധമായി ആരെങ്കിലും അറവുശാലകള്‍ നടത്തുന്നുണ്ടെങ്കില്‍ ഗോ രക്ഷകര്‍ അവിടെ പോയി പ്രതിഷേധിക്കണമെന്നും അവര്‍ പറയുന്നു.