കാലിത്തീറ്റ കുംഭകോണ കേസ്: ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവ്‌

0
55

റാഞ്ചി: കാലിത്തീറ് റകുംഭകോണ കേസില്‍ ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവുമായ ലാലു പ്രസാദ് യാദവിന് മൂന്നര വര്‍ഷം തടവും അഞ്ച് ലക്ഷം പിഴയും വിധിച്ചു. റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴിയാണ് ശിക്ഷ വിധിച്ചത്. കാലിത്തീറ്റ കുംഭകോണത്തില്‍ ആറ് കേസുകളിലാണ് ലാലു പ്രതിയായിട്ടുള്ളത്. അതില്‍ രണ്ടാമത്തെ കേസിലാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

കാലിത്തീറ്റ കുംഭകോണത്തിലെ ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷത്തെ തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. ഈ കേസില്‍ സുപ്രിംകോടതിയില്‍നിന്നും ജാമ്യം തേടുകയായിരുന്നു. ആറ് കേസുകളില്‍ ഇനി നാല് കേസുകള്‍ കൂടി കോടതിയുടെ പരിഗണനയിലാണ്.

ഡിസംബര്‍ 23 നാണ് ലാലു ഉള്‍പ്പെടെ 16 പേരെ കാലിത്തീറ്റകുംഭകോണവുമായി ബന്ധപ്പെട്ട രണ്ടാമത്തെ കേസില്‍ കുറ്റക്കാരനെന്ന് കോടതി വിധിച്ചത്. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രി ജഗന്നാഥ് മിശ്ര ഉള്‍പ്പെടെ ആറുപേരെ കോടതി കുറ്റവിമുക്തരാക്കുകയും ചെയ്തിരുന്നു. കേസില്‍ മൊത്തം 34 പ്രതികളാണ് ഉണ്ടായിരുന്നത്.

11 പേര്‍ വിചാരണക്കാലയിളവിനിടെ മരണപ്പെട്ടിരുന്നു. ഒരാള്‍ കുറ്റം സമ്മതിച്ച് മാപ്പ് സാക്ഷിയായിരുന്നു. നേരത്തെ ആദ്യ കേസില്‍ ലാലുവിന് അഞ്ച് വര്‍ഷം തടവും 25 ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. 1995-1996 കാലയളവില്‍ വ്യാജബില്ലുകള്‍ ഹാജരാക്കി ഡിയോഹര്‍ ജില്ലാ ട്രഷറിയില്‍ നിന്ന് 84.5 കോടി രൂപ പിന്‍വലിക്കപ്പെട്ട കേസിലാണ് വിധി വന്നിരിക്കുന്നത്. ഈ സമയത്ത് ബിഹാറിന്റെ മുഖ്യമന്ത്രി, ധനമന്ത്രി സ്ഥാനങ്ങള്‍ വഹിക്കുകയായിരുന്നു ലാലു.

അഴിമതിയുമായി ബന്ധപ്പെട്ട അന്വേഷണഫയലില്‍ നടപടി സ്വീകരിക്കുന്നതിന് ലാലു പ്രസാദ് മനഃപ്പൂര്‍വം കാലതാമസം വരുത്തിയെന്നാണ് സിബിഐ കേസ്. ലാലുവിന് അഴിമതിയെ കുറിച്ച് അറിവുണ്ടായിരുന്നെന്നും എന്നാല്‍ നടപടി വൈകിപ്പിച്ച് അദ്ദേഹം അഴിമതിക്ക് കൂട്ട് നില്‍ക്കുകയായിരുന്നു എന്നുമായിരുന്നു സിബിഐ ആരോപിച്ചത്.