കൊച്ചിയില്‍ വീണ്ടും ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസിന്റെ സദാചാര ഗുണ്ടായിസം

0
56

പൊലീസ്

കൊച്ചി: കൊച്ചിയില്‍ വീണ്ടും ഭിന്നലിംഗക്കാര്‍ക്കെതിരെ പൊലീസിന്റെ സദാചാര ഗുണ്ടായിസം. ലൈംഗിക കുറ്റമാരോപിച്ച് നാല് ഭിന്നലിംഗക്കാരെ പൊലീസ് പിടിച്ചുകൊണ്ടുപോയി. വാടകയ്ക്ക് താമസിക്കുന്ന ലോഡ്ജില്‍ എത്തിയാണ് പോലീസ് അറസ്റ്റ് നടത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘമെന്ന് ആരോപിച്ചാണ് പൊലീസ് നടപടി.

കാവ്യ, ദയ, സായ മാത്യു, അതിഥി എന്നിവരെയാണ് എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷന്‍ സിഐ എ. അനന്തലാലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. അറസ്റ്റ് രേഖപ്പെടുത്തിയ ഉടന്‍ ‘എറണാകുളം നഗരത്തില്‍ വന്‍ ഓണ്‍ലൈന്‍ പെണ്‍വാണിഭ സംഘം പിടിയില്‍’ എന്ന് പറഞ്ഞുകൊണ്ട് സിഐ അനന്തലാല്‍ പത്രക്കുറിപ്പ് തയ്യാറാക്കി മാധ്യമങ്ങള്‍ക്ക് കൈമാറുകയും ചെയ്തു.

എറണാകുളം പുല്ലേപ്പടിയിലെ ഐശ്വര്യ ലോഡ്ജില്‍ നിന്നാണ് നാല് ഭിന്നലിംഗക്കാരെയും അവരോടൊപ്പമുണ്ടായിരുന്ന കാവ്യയുടെ സഹോദരി അഞ്ജുവിനേയും പൊലീസ് കസ്റ്റഡിയിലെടുത്തത്. കാവ്യയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകാന്‍ വന്നതായിരുന്നു അഞ്ജു. ഇവര്‍ക്കൊപ്പം മറ്റ് ആറ് പുരുഷന്‍മാരേയും അഞ്ച് സ്ത്രീകളേയും അറസ്റ്റ് ചെയ്തു എന്നാണ് പൊലീസ്ന്റെ അവകാശവാദം. ഇവര്‍ ഓണ്‍ലൈന്‍ ഇടപാടുകാരെ ലോഡ്ജിലേക്ക് വരുത്തി ലൈംഗികവൃത്തി നടത്തിയെന്നാണ് പൊലീസ് ആരോപണം. പുതുതായി കമ്മ്യൂണിറ്റിയില്‍ ചേര്‍ന്ന രണ്ട് കുട്ടികളേയും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് ഭിന്നലിംഗക്കാര്‍ നല്‍കുന്ന വിവരം.

വാടകയ്ക്ക് മറ്റുവീടുകള്‍ ലഭിക്കാത്തതിനാല്‍ ഇത്തരം ലോഡ്ജ് മുറികളിലാണ് കൊച്ചിയില്‍ ഭൂരിഭാഗം ഭിന്നലിംഗക്കാരും വാടകയ്ക്ക് താമസിക്കുന്നത്. കൊച്ചി മെട്രോയില്‍ ജോലി ചെയ്യുന്ന ഭിന്നലിംഗക്കാര്‍ വരെ ലോഡ്ജുകളിലാണ് താമസിക്കുന്നത്. റെയ്ഡ് നടത്തിയ ഐശ്വര്യ ലോഡ്ജിലും ഒരു മെട്രോ ജീവനക്കാരി താമസിച്ചിരുന്നു.