കൊല്ലത്ത് ഡിവൈഎഫ്‌ഐ നേതാവിന് പൊലീസ് മര്‍ദ്ദനം

0
70

കൊല്ലം: ഡി.വൈ.എഫ്.ഐ നേതാവിനെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി. പിങ്ക് പോലീസിന്റെ വാഹനത്തില്‍ സ്‌കൂട്ടര്‍ തട്ടിയതിനാണ് മര്‍ദ്ദനം. കൊല്ലം കിളികൊല്ലൂര്‍ മേഖല കമ്മിറ്റി അംഗം നന്ദുവിനാണ് മര്‍ദ്ദനമേറ്റത്. സിപിഎം കൊല്ലം ജില്ലാ സമ്മേളനം നടക്കുന്നതിന് അടുത്തായാണ് സംഭവം.

ഇടിച്ച പൊലീസ് കാര്‍ നന്നാക്കി നല്‍കണമെന്ന് പിങ്ക് പൊലീസ് നന്ദുവിനോട് ആവശ്യപ്പെട്ടു. എന്നാല്‍ കാര്‍ പെട്ടെന്ന് നിര്‍ത്തിയതുകൊണ്ടാണ് സ്‌കൂട്ടര്‍ അതിലിടിക്കാന്‍ കാരണമായതെന്ന് നന്ദു അവരോട് പറഞ്ഞു. ഇതോടെ പൊലീസ് സ്റ്റേഷനിലേക്ക് വിളിച്ച് മറ്റു പൊലീസുകാരെ വരുത്തി നന്ദുവിനെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു. തുടര്‍ന്ന് സമ്മേളന നഗരിയില്‍ നിന്ന് മറ്റു ഡി.വൈ.എ.ഫ്.ഐ നേതാക്കളെത്തിയാണ് ഇയാളെ മോചിപ്പിച്ചത്. പിന്നീട് കമ്മീഷണര്‍ ഓഫീസിലെത്തി ഇയാള്‍ പൊലീസിനെതിരെ പരാതി നല്‍കി.
സ്റ്റേഷനില്‍ വെച്ച് ഫോണ്‍ ആവശ്യപ്പെട്ട് തന്നെ പൊലീസുകാര്‍ മുഖത്ത് അടിക്കുകയും മുതുകത്ത് ഇടിക്കുകയും ചെയ്തെന്നാണ് നന്ദുവിന്റെ പരാതി. എന്നാല്‍ തങ്ങള്‍ മര്‍ദ്ദിച്ചില്ലെന്നും വാഗ്വാദം കാരണം അയാളെ സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയായിരുന്നു എന്നുമാണ് പൊലീസിന്റെ വാദം.