കോസ്റ്റ് ഗാര്‍ഡ് അക്കാദമി കര്‍ണാടകയിലേക്ക് മാറ്റാനുളള നീക്കം ഉപേക്ഷിക്കണം: പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

0
39

കണ്ണൂര്‍: ഇരിണാവിലെ കോസ്റ്റ് ഗാര്‍ഡ് അക്കാദമി കര്‍ണാടകയിലേക്ക് മാറ്റാനുളള നീക്കം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. മംഗലാപുരത്ത് ബൈക്കാംപടിയിലേക്ക് കോസ്റ്റ് ഗാര്‍ഡ് അക്കാദമി മാറ്റാനുളള നീക്കം നീതികരിക്കാനാവില്ലെന്നും സംസ്ഥാന താല്‍പര്യത്തിന് എതിരാണെന്നും ചൂണ്ടിക്കാട്ടിയാണ് മുഖ്യമന്ത്രിയുടെ ഇടപെടല്‍.

കോസ്റ്റ് ഗാര്‍ഡ് അക്കാദമിക്കായി 164 ഏക്കര്‍ സ്ഥലം കേരളം നേരത്തെ കൈമാറിയിരുന്നു. പശ്ചാത്തല സൗകര്യമൊരുക്കാന്‍ 65.56 കോടി രൂപ ഇതിനകം ഇരിണാവില്‍ ചെലവഴിക്കുകയും ചെയ്തു. നിര്‍മ്മാണത്തിനുളള അനുമതി ശുപാര്‍ശ കേരള തീരദേശ പരിപാലന അതോറിറ്റി കേന്ദ്രം വനം പരിസ്ഥിതി മന്ത്രാലയത്തിന് നല്‍കുകയും ചെയ്തിട്ടുണ്ട്. തീരദേശത്തെ കണ്ടല്‍ക്കാടുകള്‍ ചൂണ്ടിക്കാട്ടിയാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുമതി നല്‍കാത്തത്. എന്നാല്‍ കണ്ടല്‍ക്കാടുകള്‍ ഇല്ലാത്ത 50 ഏക്കര്‍ സ്ഥലം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അവിടെ ലഭ്യമാണ്. ഈ സൗഹചര്യത്തില്‍ വനം പരിസ്ഥി മന്ത്രാലയത്തിലെ പ്രത്യേക സംഘത്തെ അയച്ച് അനുമതി നല്‍കാനാവശ്യമായ ഇടപെടല്‍ നടത്തണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിച്ചു.