‘ജിഷ്ണു, നിങ്ങളുടെ ജീവത്യാഗം കൊണ്ട് ഇവിടെ ഒന്നും മാറിയില്ല, മാറാനും പോകുന്നില്ല’

0
369


കെ.ശ്രീജിത്ത്

ജിഷ്ണു പ്രണോയ് മരിച്ചിട്ട് ഇന്ന് ഒരു വര്‍ഷം തികയുന്നു. കടുത്ത അരാഷ്ട്രീയതയുടെയും വിദ്യാഭ്യാസ കച്ചവടത്തിന്റെയും ഇരയാണ് ജിഷ്ണു. സാമ്പ്രദായിക-ഔപചാരിക വിദ്യാഭ്യാസത്തിന്റെ ഇരയെന്നും വേണമെങ്കില്‍ തിരുത്തി വായിക്കാം. എങ്ങിനെ വായിച്ചാലും ഒരു കാര്യം ഉറപ്പാണ്. അയാളുടെ ജീവത്യാഗം കൊണ്ട് ഇവിടെ ഒന്നും മാറിയിട്ടില്ല. മാറാനും പോകുന്നില്ല.

ജിഷ്ണു പ്രണോയ് ഒരു പ്രതീകമാണ്. നാം ജീവിക്കുന്ന ഗതികെട്ട കാലത്തിന്റെ പ്രതീകം. ബുദ്ധിയല്ല, അക്കങ്ങളാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനമെന്ന് സകലരും വിശ്വസിക്കുന്ന കെട്ടകാലത്തിന്റെ പ്രതീകം. ബുദ്ധിയ്‌ക്കോ അറിവിനോ യാതൊരു പ്രാധാന്യവുമില്ലാത്ത മാര്‍ക്കും ഗ്രേഡും ‘ക്ലാസും’ മാനദണ്ഡമാക്കുന്ന ഒരു ലോകത്തിന്റെ പ്രതീകം. സര്‍ഗാത്മകത തീര്‍ത്തും ആവശ്യമില്ലാത്ത ഒരു വ്യവസ്ഥിതിയും ഉത്പന്ന കേന്ദ്രീകൃതമായ കച്ചവടവുമാണ് ആ ലോകത്തിന്റെ നീതി. അവിടെ സാമ്പ്രദായികമോ ഔപചാരികമോ ആയ കെട്ടുകാഴ്ചകള്‍ മാത്രം സ്ഥാനം പിടിക്കുന്നു. ബുദ്ധിയുള്ള കുട്ടികളെ അതിവേഗം ബുദ്ധിശൂന്യരാക്കാന്‍ വേണ്ടി മാത്രം ചമയ്ക്കപ്പെടുന്ന അഭ്യാസം മാത്രമാണത്. അതിന് പക്ഷെ ജിഷ്ണു പ്രണോയിയെ പോലെ ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ്, മനുഷ്യജീവികളാണ് വില നല്‍കേണ്ടി വരുന്നതെന്ന് മാത്രം. ‘I was born intelligent, but education ruined me’ എന്ന് ഓരോ കുട്ടിയും ഓരോ സെക്കന്റിലും സ്വയം പറഞ്ഞുകൊണ്ടിരിക്കുന്നു. ആ ആത്മഗതത്തിന്റെ ഒരു പേരാണ് ജിഷ്ണു പ്രണോയ്. അത്തരത്തില്‍ ഇനിയും എത്രയോ ആത്മഗതങ്ങള്‍ നിത്യേനയെന്നോണം നമ്മുടെ സമൂഹത്തില്‍ ഉത്പാദിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.

സര്‍ഗാത്മകത അടിസ്ഥാനമായ ഒരു സമൂഹം ഇവിടെയുണ്ടാകരുതെന്ന് വ്യവസ്ഥിതി തീര്‍പ്പുകല്പിച്ചു കഴിഞ്ഞു. സ്വാഭാവികമായ പ്രതിഭകള്‍ ഇനി ഉണ്ടാകരുതെന്ന്, അഥവാ അങ്ങിനെ വല്ലതുമുണ്ടെങ്കില്‍ മുളയിലെ നുള്ളിക്കളയണമെന്ന് ആ വ്യവസ്ഥിതി തീരുമാനിച്ചുകഴിഞ്ഞു. അതുകൊണ്ടാണ് പാമ്പാടിയിലെ നെഹ്‌റു കോളേജിനെ പോലെ ആയിരക്കണക്കിന് ‘കച്ചവട’ സ്ഥാപനങ്ങള്‍ ഈ നാടിന്റെ നിയന്ത്രണമേറ്റെടുക്കുന്നത്. ഭരണകൂടങ്ങള്‍ നിശബ്ദമായി അതിനെ സഹായിച്ചുകൊണ്ടിരിക്കുന്നത്. അല്ലെങ്കില്‍ പിന്നെ ജിഷ്ണു പ്രണോയിയുടെ ദുരന്തം ഭരണകൂടത്തിന് ഒരു അവസരമായിരുന്നു. ഇനി ഒരിക്കലും ജിഷ്ണു പ്രണോയിമാര്‍ ഉണ്ടാകില്ലെന്ന് ഉറപ്പ് വരുത്തുന്നതിനുള്ള അവസരം. പക്ഷെ ഭരണകൂടത്തിന് അതിന് താല്പര്യമില്ല. അതുകൊണ്ടാണ്, അതുകൊണ്ട് മാത്രമാണ് മകനെ നഷ്ടപ്പെട്ട ഒരു അമ്മ മുന്നോട്ടുവെയ്ക്കുന്ന ‘രാഷ്ട്രീയ’ത്തെ ചവിട്ടിമെതിച്ച് അവരെ റോഡില്‍ വലിച്ചിഴയ്ക്കാന്‍ തയ്യാറാകുന്നത്. ആ സ്ത്രീ ഉയര്‍ത്തുന്ന രാഷ്ട്രീയത്തിന് ഉറച്ച പിന്തുണ നല്‍കിയവര്‍ തുറങ്കിലടയ്ക്കപ്പെടുന്നതും അതുകൊണ്ടാണ്.

ജിഷ്ണു പ്രണോയിയെ ഒരു അവസരമായി കണ്ട് സമൂഹത്തിന് ദോഷകരമായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ കിട്ടിയ അവസരം കണ്‍മുന്നില്‍ പാഴാക്കുന്നതാണ് കഴിഞ്ഞ ഒരു വര്‍ഷമായി നാം കണ്ടുകൊണ്ടിരിക്കുന്നത്. ഒരു സുവര്‍ണാവസരം. പ്രത്യേകിച്ചും ഒരു കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍. തികച്ചും അരാഷ്ട്രീയമായ, കച്ചവടവത്കരിക്കപ്പെട്ട ഒരു സംവിധാനത്തെ പൂര്‍ണമായും ഒരു രാഷ്ട്രീയ പ്രക്രിയയാക്കി മാറ്റാന്‍, കച്ചവടത്തെ അതില്‍ നിന്ന് പടി കടത്താന്‍ കിട്ടിയ ഉഗ്രന്‍ ഒരു അവസരം ബോധപൂര്‍വം നഷ്ടപ്പെടുത്തി. അതിന് ഒരൊറ്റ കാരണമേയുള്ളൂ, എല്ലാ ഭരണകൂടങ്ങളുടെയും പൊതുസ്വഭാവം ഒന്നാണ് എന്നതുമാത്രം. വലതുപക്ഷത്തിന്റെയും ഇടതുപക്ഷത്തിന്റെയും അജണ്ടകള്‍ ഒരേ ബിന്ദുവില്‍ കേന്ദ്രീകരിക്കുന്ന സന്ദര്‍ഭങ്ങള്‍ക്ക് ഇതിലും മികച്ചൊരു ഉദാഹരണം കാണിച്ചുതരാനില്ല. ഇടതുപക്ഷം ഇടതുപക്ഷമല്ലാതാകുന്നു എന്ന് മുറവിളി കൂട്ടുന്നതിന്റെ കാരണം അന്വേഷിച്ച് കൂടുതലൊന്നും അലയേണ്ടതില്ല.

ജിഷ്ണു പ്രണോയിയ്ക്ക് ജീവന്‍ നഷ്ടപ്പെടാനുള്ള കാരണങ്ങള്‍ ആത്യന്തികമായി രണ്ടാണ്. ഒന്ന് സ്വാശ്രയ വിദ്യാഭ്യാസം എന്ന കച്ചവടം. രണ്ട് കോളേജ് ക്യാംപസുകളില്‍ രാഷ്ട്രീയം നിരോധിച്ചത്. ഭരണകൂടത്തിന്റെ ഈ രണ്ട് തീരുമാനങ്ങളും തലമുറകളെ നശിപ്പിക്കുന്നതായി എന്നതാണ് യാഥാര്‍ത്ഥ്യം. ദീര്‍ഘവീക്ഷണമില്ലാത്ത ഒരു ഭരണകൂടം സമൂഹത്തിന് എത്രത്തോളം ആപത്താണെന്നതിന്റെ കൃത്യമായ ഉദാഹരണം. കോളേജുകളില്‍ നിന്ന് രാഷ്ട്രീയം നിരോധിക്കാനുള്ള തീരുമാനം തെറ്റായിപ്പോയെന്ന് എ.കെ.ആന്റണി പിന്നീട് പശ്ചാത്തപിച്ചെങ്കിലും അത് എന്തെല്ലാം അപകടങ്ങളുണ്ടാക്കാമോ അതെല്ലാം ഉണ്ടാക്കിക്കഴിഞ്ഞു. അതിന്റെ തുടര്‍ചലനങ്ങള്‍ വരാനിരിക്കുന്നതേയുള്ളൂ. ഈ രണ്ട് തീരുമാനങ്ങളും നടപ്പിലാക്കിയ ശേഷം വളര്‍ന്നുവന്ന തലമുറ അധ്യാപകരായി മാറിയപ്പോഴുണ്ടാകുന്ന പ്രത്യാഘാതങ്ങളും ജിഷ്ണു പ്രണോയിയുടെ കേസില്‍ കൃത്യമായി കാണാം. അവിടെ മാത്രമല്ല കേരളത്തിലൊട്ടാകെ വിദ്യാഭ്യാസരംഗത്ത് അത് പ്രകടമാണ്. അതുകൊണ്ടാണ് ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കരുതെന്നും പരസ്പരം സംസാരിക്കരുതെന്നും, എന്തിന് രണ്ട് കൂട്ടര്‍ക്കും വരാനും പോകാനും പ്രത്യേകം ഗേറ്റുകള്‍ പോലുമുണ്ടാകുന്നത്. അരാഷ്ട്രീയമായ ക്യാംപസുകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍, സ്വാശ്രയ കോളേജുകളില്‍ നിന്ന് പഠിച്ചിറങ്ങിയവര്‍ ഫലത്തില്‍ ജനാധിപത്യബോധം തൊട്ടുതീണ്ടിയിട്ടില്ലാത്തവരായി മാറുന്നു. അവര്‍ അധ്യാപകരാകുമ്പോഴുണ്ടാകുന്ന നിലവാരത്തിലും അത് പ്രതിഫലിക്കും.

ജിഷ്ണു മരിച്ചിട്ട് ഒരു വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ആ മരണത്തിന് ഉത്തരവാദികളായവരെ ശിക്ഷിക്കുമെന്ന് ഉറപ്പ് വരുത്താന്‍ നമ്മുടെ സംവിധാനങ്ങള്‍ക്ക് കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ കേസ് സിബിഐ ഏറ്റെടുത്തിരിക്കുന്നു. അതുവഴി നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുക മാത്രമാണ് നമ്മുടെ മുന്നിലുള്ള വഴി. ഈ കേസില്‍ പ്രതികള്‍ ശിക്ഷിക്കപ്പെടണമെന്ന് ഭരണകൂടത്തിന് എന്തെങ്കിലും താല്പര്യമുള്ളതായി പ്രത്യക്ഷത്തില്‍ കാണാനില്ല എന്നതാണ് വാസ്തവം. കേസ് പരമാവധി ദുര്‍ബലമാക്കാനുള്ള പൊലീസിന്റെ ശ്രമം ഇതാണ് നമ്മെ ബോധ്യപ്പെടുത്തുന്നത്. സ്വാശ്രയ വിദ്യാലയങ്ങള്‍ വലിയ ‘ഇടിമുറി’കളായി നമ്മുടെ സമൂഹത്തില്‍ മാറിക്കഴിഞ്ഞു. വിദ്യാഭ്യാസം സമ്പന്നന് മാത്രം എന്ന മുദ്രാവാക്യമാണ് അവിടെ നിന്ന് മുഴങ്ങിക്കേള്‍ക്കുന്നത്. ഒരു പുരോഗമന സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാന്‍ കഴിയാത്ത ആ മുദ്രാവാക്യം തിരുത്തിയെഴുതേണ്ട ഉത്തരവാദിത്തം ഭരണകൂടത്തിനുണ്ട്. സ്വാശ്രയ മുതലാളിമാരുമായി ഒത്തുതീര്‍പ്പിന് ശ്രമിക്കാതെ അവരെ വരച്ച വരയില്‍ നിര്‍ത്താനും അതുവഴി സമൂഹത്തിന്റെ താഴേത്തട്ടിലുള്ളവര്‍ക്ക് വരെ വിദ്യാഭ്യാസം പ്രാപ്യമാക്കാനുമാണ് ഭരണകൂടം ശ്രമിക്കേണ്ടത്. ആ മൗലികാവകാശം പൗരന് നല്‍കാന്‍ കഴിയാത്ത ഒരു ഭരണകൂടത്തിനും, അതിന് നേതൃത്വം നല്‍കുന്നത് ഇടതുപക്ഷമോ വലതുപക്ഷമോ ആകട്ടെ, നിലനില്‍ക്കാനുള്ള അര്‍ഹതയില്ല.