ജീവന് ഭീഷണി ഉയര്‍ത്തുന്ന ടെറസ് പാര്‍ട്ടികള്‍ക്ക് വിലക്ക്; നടപടി സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നതിനാല്‍

0
67

ന്യൂഡല്‍ഹി: സുരക്ഷക്കും ജീവനും ഭീഷണിയാകുന്ന ടെറസ് പാര്‍ട്ടികള്‍ നടത്തേണ്ടതില്ലെന്ന് ന്യൂഡല്‍ഹി മുന്‍സിപ്പല്‍ കൗണ്‍സില്‍(എന്‍ഡിഎംസി). സുരക്ഷാ സംവിധാനങ്ങള്‍ കര്‍ശനമാക്കുന്നതിനാണ് നടപടിയെന്ന് എന്‍ഡിഎംസി വക്താവ് പറഞ്ഞു. കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് മുംബൈ കമലാ മില്‍സ് പബ്ബിലുണ്ടായ തീപ്പിടിത്തത്തില്‍ 14 പേര്‍ മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് അധികാരികളുടെ നടപടി.

പബ്ബുകള്‍ക്കും ബാറുകള്‍ക്കും മാത്രമാവില്ല നിയമം ബാധകമാകുക. ക്ലബുകളിലും മറ്റ് സംസ്‌കാരിക കൂട്ടായ്മകളിലും ഇത്തരം ആഘോഷങ്ങള്‍ സംഘടിപ്പിക്കേണ്ടതില്ലെന്നാണ് മുന്‍സിപ്പല്‍ കൗണ്‍സില്‍ തീരുമാനം.എംപിമാരും എംഎല്‍എമാരുമുള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ഇടങ്ങളില്‍ നിന്നുമാണ് ഇത്തരം ആഘോഷങ്ങളുടെ സുരക്ഷാ പ്രശ്നങ്ങള്‍ ചര്‍ച്ചയായതെന്നും റിപ്പോര്‍ട്ടുണ്ട്. തങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുരക്ഷാ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഇവര്‍ ഇതിനെ എതിര്‍ത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ടെറസ് പാര്‍ട്ടികള്‍ കൂടുതലായും ഇത്തരം ഇടങ്ങളിലാണ് സംഘടിപ്പിക്കപ്പെടുന്നതെന്ന് സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ചൂണ്ടിക്കാട്ടുന്നു.
തോക്കുകള്‍ ഉപയോഗിച്ച് ആകാശത്തേക്ക് വെടിയുതിര്‍ത്തും ഉഗ്രസ്ഫോടന ശേഷിയുള്ള പടക്കങ്ങള്‍ പൊട്ടിച്ചുമാണ് ഇത്തരം ആഘോഷങ്ങള്‍ അവസാനിപ്പിക്കാറുള്ളത്. അതിനാല്‍ തന്നെ ജീവനും സുരക്ഷക്കും ഭീഷണിയാണ് ഈ ആഘോഷങ്ങള്‍. സര്‍ക്കാര്‍ കെട്ടിടങ്ങളുടെയും മറ്റും ചുമരുകളും മറ്റും പൂര്‍ണമായി തകര്‍ന്നെന്ന് പരാതികളും ധാരാളമായി ലഭിക്കാറുണ്ടെന്നും സെന്‍ട്രല്‍ പബ്ലിക് വര്‍ക്ക് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.