ജെയ്റ്റിലിക്കെതിരായ പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്‌

0
50

ന്യൂഡല്‍ഹി: ബി.ജെ.പി നേതാവ് അരുണ്‍ ജെയ്റ്റ്‌ലിയെ അപമാനിച്ചുവെന്നാരോപിച്ച് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍
രാഹുല്‍ ഗാന്ധിക്കെതിരെ അവകാശ ലംഘനത്തിന് നോട്ടീസ്. രാജ്യസഭാധ്യക്ഷന്‍ വെങ്കയ്യ നായിഡുവാണ് ലോക്‌സഭാ സ്പീക്കര്‍ സുമിത്രമഹാജന് ഇതുസംബന്ധിച്ച നോട്ടീസ് അയച്ചത്. തുടര്‍ നടപടികള്‍ കൈക്കൊള്ളണമെന്ന് ശനിയാഴ്ച്ച അയച്ച നോട്ടീസില്‍ രാജ്യസഭാധ്യക്ഷല്‍ ആവശ്യപ്പെട്ടു.

ട്വീറ്റില്‍ ജെയ്റ്റ്‌ലി എന്നതിന് പകരം കള്ളം എന്നര്‍ത്ഥം വരുന്ന ജെയ്റ്റ്‌ലൈ (jaitlie) എന്ന പദം രാഹുല്‍ ഉപയോഗിച്ചതാണ് അവകാശ ലംഘന നോട്ടീസിന് ആധാരം. സഭാ നേതാവായ അരുണ്‍ ജെയ്റ്റിലിക്കു നേരെ മോശം വാക്കുകള്‍ ഉപയോഗിച്ചത് അവകാശ ലംഘനമാണെന്ന് നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു.

അവകാശ ലംഘനം നടന്നിട്ടുണ്ട് എന്ന് പ്രഥമ പരിശോധനയില്‍ വ്യക്തമായതിനാലാണ് നടപടിയെന്ന് വെങ്കയ്യ നായിഡു അഭിപ്രായപ്പെട്ടു. രാഹുല്‍ ഗാന്ധി ലോക്‌സഭാംഗമായതിനാലാണ് ലോക്‌സഭാ സ്പീക്കര്‍ക്ക് നോട്ടീസ് അയച്ചത്. രാജ്യസഭാംഗവും ബിജെപി നേതാവുമായ ഭൂപീന്ദര്‍ യാദവ് ആണ് അവകാശ ലംഘനത്തിന് ആദ്യം നോട്ടീസ് അയച്ചത്. രാഹുല്‍ ഗാന്ധി തന്റെ ട്വീറ്റിലൂടെ രാജ്യസഭയുടെ അവകാശത്തെയും തീരുമാനത്തെയും ചോദ്യം ചെയ്തുവെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.