ട്രംപിന്റെ ശ്രമങ്ങള്‍ വിഫലമായി; വിവാദ പുസ്തകം പ്രകാശനം ചെയ്തു

0
96

വാഷിങ്ടണ്‍: വൈറ്റ് ഹൗസിന്റെ ശ്രമങ്ങളെ മറികടന്ന് മാധ്യമപ്രവര്‍ത്തകന്‍ മൈക്കല്‍ വുള്‍ഫിന്റെ പുസ്തകം ‘ഫയര്‍ ആന്‍ഡ് ഫ്യൂറി ഇന്‍സൈഡ് ദ ട്രംപ് വൈറ്റ് ഹൗസ്’ പുറത്തിറങ്ങി. ഇതിന് മുന്നെ ജനുവരി 9നാണ് പുസ്തക പ്രകാശനം നിശ്ചയിച്ചിരുന്നത്. പ്രസീദ്ധീകരണം നിയമപരമായി തടയാന്‍ വൈറ്റ് ഹൗസ് ശ്രമിച്ചെങ്കിലും അതിന് സാധിച്ചില്ല. അതേസമയം പുസ്തക പ്രകാശനത്തിന് മുമ്പ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് എഴുത്തുകാരനെതിരെ രംഗത്തെത്തിയിരുന്നു. ട്വിറ്ററിലാണ് ട്രംപ് വുള്‍ഫിനെതിരെ ആഞ്ഞടിച്ചത്.

”പുസ്തകത്തെ സംബന്ധിച്ച് അയാളുമായി ഞാന്‍ സംസാരിച്ചിട്ടില്ല. കള്ളത്തരങ്ങള്‍ മാത്രം നിറഞ്ഞ പുസ്തകം. ആധികാരികത തീരെ അവകാശപ്പെടാന്‍ ആ പുസ്തകത്തിനാവില്ല. അതില്‍ പറയപ്പെടുന്ന വ്യക്തിയുടെ ചരിത്രം പരിശോധിച്ചാല്‍ മാത്രം മതി” ട്രംപ് ട്വീറ്റ് ചെയ്തു.

പ്രശസ്തിക്കു മാത്രമാണ് യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ട്രംപ് മത്സരിച്ചതെന്നും മകള്‍ ഇവാന്‍ക പ്രസിഡന്റാകാനുള്ള തയാറെടുപ്പിലാണെന്നതു മുള്‍പ്പെടെ വിവരങ്ങളാണ് പുസ്തകത്തിലുള്ളത്.

പുസ്തകത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചെന്നാരോപിച്ച് ട്രംപിന്റെ മുന്‍ വിശ്വസ്തനും ഉപദേശകനുമായിരുന്ന സ്റ്റീവ് ബാനണെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് പ്രസിഡന്റിന്റെ അഭിഭാഷകര്‍ നേരത്തേ അറിയിച്ചിരുന്നു. യു.എസില്‍ ട്രംപ് പ്രതിനിധാനം ചെയ്യുന്ന തീവ്ര വലതുപക്ഷത്തിന്റെ പ്രധാന വക്താവ് കൂടിയായ ബാനണെതിരെ വൈറ്റ്ഹൗസ് ഔദ്യോഗികമായി പ്രസ്താവനയും പുറത്തിറക്കിയിട്ടുണ്ട്.

പ്രസിദ്ധീകരണത്തിനു ശേഷം വുള്‍ഫ് പുസ്തകം ദീര്‍ഘ പഠനത്തിനുശേഷം എഴുതിയതാണെന്ന് വാദിച്ചു. ”ഒടുവില്‍ ഞങ്ങളതു പുറത്തിറക്കി. ഇനി നിങ്ങള്‍ക്കത് വായിക്കാം. നന്ദി, മിസ്റ്റര്‍ പ്രസിഡന്റ് 200ഓളം അഭിമുഖങ്ങള്‍ നടത്തി തയാറാക്കിയതാണ് ഈ പുസ്തകം” -വുള്‍ഫ് ട്വിറ്ററില്‍ പ്രതികരിച്ചു.

അതേസമയം, പുസ്തകത്തിനെതിരെ വൈറ്റ്ഹൗസും രൂക്ഷമായി പ്രതികരിച്ചു. പുസ്തകത്തെ മനോഹരമായ കെട്ടുകഥയെന്നും ടാബ്ലോയ്ഡ് ഗോസിപ്പുകള്‍ മാത്രമാണ് അതിലെന്നും പ്രസ് സെക്രട്ടറി സരാഹ് സാന്‍ഡേഴ്‌സ് പ്രതികരിച്ചു.