പാര്‍ക്ക് നിര്‍മിച്ചത് പാറയ്ക്ക് മുകളില്‍ വെള്ളം കെട്ടി നിര്‍ത്തി; പി.വി അന്‍വര്‍ എം.എല്‍.എ വീണ്ടും വിവാദത്തില്‍

0
42

കോഴിക്കോട്: പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലിലെ വാട്ടര്‍ തീം പാര്‍ക്ക് പരിസ്ഥിതി ദുര്‍ബലപ്രദേശത്തെന്നു കോഴിക്കോട് കലക്ടറുടെ റിപ്പോര്‍ട്ട്. മണ്ണിടിച്ചിലിനു സാധ്യതയില്ലെന്ന് ഉറപ്പുവരുത്തിയശേഷം മാത്രമേ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാവൂ എന്നും റിപ്പോര്‍ട്ടിലുണ്ട്. റവന്യുമന്ത്രിയുടെ നിര്‍ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണു പിഴവുകള്‍ തെളിഞ്ഞതെന്നു വിവരാവകാശ മറുപടിയിലുണ്ട്. നിയമലംഘനങ്ങള്‍ തെളിഞ്ഞതിനുശേഷം മാത്രമാണു പാര്‍ക്കിനു പൂര്‍ണതോതിലുള്ള പ്രവര്‍ത്തനാനുമതി ലഭിച്ചത് എന്നതിന്റെ രേഖകളും പുറത്തായി.

പരിസ്ഥിതി ദുര്‍ബല പ്രദേശത്ത് പാറയ്ക്ക് മുകളില്‍ വെള്ളം കെട്ടി നിര്‍ത്തിയാണ് പാര്‍ക്ക് നിര്‍മിച്ചിരിക്കുന്നത്. ദുരന്തനിവാരണ അതോറിറ്റി തയാറാക്കിയ പട്ടികയില്‍ അപകടസാധ്യത ഏറെയുള്ള സോണ്‍ ഒന്നില്‍ ഉള്‍പ്പെടുന്ന പ്രദേശമാണ് കക്കാടംപൊയിലെന്നും വ്യക്തമാക്കുന്നുണ്ട്. ഈ പ്രദേശത്താണ് ലക്ഷക്കണക്കിന് ലിറ്റര്‍ വെള്ളം സംഭരിച്ചിരിക്കുന്നത്. ഇത് വന്‍ അപകടസാധ്യതയാണ് ഉയര്‍ത്തുന്നത്. പാര്‍ക്കിന്റെ പ്രവര്‍ത്തനം ഓരോദിവസവും ആശങ്കയ്ക്കിടയാക്കുന്നുവെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. നിയമലംഘനങ്ങള്‍ പുറത്തുവരുന്നത് വരെ പാര്‍ക്ക് പ്രവര്‍ത്തിച്ചിരുന്നത് പകല്‍സമയങ്ങളില്‍ ആളുകളെ കയറ്റാനുള്ള താല്‍ക്കാലിക അനുമതിയുടെ മറവിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

നിയമലംഘനങ്ങള്‍ക്കെതിരെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധമുയര്‍ന്ന സാഹചര്യത്തിലാണ് കഴിഞ്ഞ ഒക്ടോബര്‍ അവസാനം പാര്‍ക്കിന് പഞ്ചായത്തില്‍ നിന്നും ലൈസന്‍സ് അനുവദിച്ചത്. കൃത്യമായ രേഖകളുടെ അടിസ്ഥാനത്തിലാണ് പ്രവര്‍ത്തനാനുമതി നല്‍കിയതെന്ന കൂടരഞ്ഞി പഞ്ചായത്തിന്റെ അവകാശവാദവും തെറ്റെന്ന് തെളിഞ്ഞിട്ടുണ്ട്. പഞ്ചായത്ത് മൂന്ന് സാനിറ്ററി സര്‍ട്ടിഫിക്കറ്റാണ് പാര്‍ക്കിന് നല്‍കിയത്. പൂന്തോട്ടത്തിന് നല്‍കിയ സാനിറ്ററി സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ആദ്യം പ്രവര്‍ത്തനാനുമതി നല്‍കിയത്.

നിയമ പ്രശ്‌നങ്ങള്‍ ഉയര്‍ന്നതിനെത്തുടര്‍ന്ന് രണ്ടാമത് കെട്ടിടങ്ങള്‍ക്കും പിന്നീട് പാര്‍ക്കിന് പൂര്‍ണമായും സാനിറ്ററി സര്‍ട്ടിഫിക്കറ്റ് നല്‍കുകയായിരുന്നു. പാര്‍ക്കിന്റെ പ്രവര്‍ത്തനത്തിനായി പഞ്ചായത്ത് കൈയ്യയച്ച് സഹായിച്ചുവെന്ന് വ്യക്തം. റിപ്പോര്‍ട്ടില്‍ എന്ത് തുടര്‍നടപടിയുണ്ടായെന്ന ചോദ്യത്തിന് റവന്യൂവകുപ്പിന് മറുപടിയില്ല.