പൊലീസിന്റെ നിയമനത്തിലും സ്ഥലംമാറ്റത്തിലും പാര്‍ട്ടിക്കാര്‍ ഇടപെടരുത്: മുഖ്യമന്ത്രി

0
57

കൊല്ലം: പൊലീസിന്റെ നിയമനത്തിലും സ്ഥലംമാറ്റത്തിലും പാര്‍ട്ടിക്കാര്‍ ഇടപെടരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സിപിഎം കൊല്ലം ജില്ലാ സമ്മേളനത്തിലായിരുന്നു മുഖ്യമന്ത്രിയുടെ നിര്‍ദേശം. സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു കൊണ്ടായിരുന്നു പിണറായി ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

നിഷ്പക്ഷമായി പ്രവര്‍ത്തിക്കുന്ന പൊലീസ് സംവിധാനമാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. അനാവശ്യമായി പൊലീസിന്റെ കാര്യത്തില്‍ ഇടപെടുന്ന രീതി നേതാക്കള്‍ ഉപേക്ഷിക്കണം. നിയമനം, സ്ഥലംമാറ്റം തുടങ്ങിയ കാര്യങ്ങളില്‍ ശുപാര്‍ശയുമായി വരുന്ന പ്രവണത നേതാക്കള്‍ അവസാനിപ്പിക്കണമെന്നും പിണറായി പറഞ്ഞു. ജോലിഭാരം കുറഞ്ഞ സ്ഥാനങ്ങളിലേക്ക് പോകാനാണ് പാര്‍ട്ടിയോട് ആഭിമുഖ്യമുള്ള പലര്‍ക്കും താത്പര്യം. അതുകൊണ്ടു തന്നെ ജോലിഭാരം കൂടുതലുള്ള പ്രധാനപ്പെട്ട സ്ഥാനങ്ങള്‍ യുഡിഎഫിനോട് ആഭിമുഖ്യമുള്ളവര്‍ക്കു നല്‍കേണ്ടതായി വരുന്നുണ്ടെന്നും ഇത് അനുവദിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ഭരണം ലഭിക്കുമ്പോള്‍ പൊലീസിനെ അഴിച്ചു വിടുന്ന നടപടി ശരിയല്ലെന്ന് പ്രതിനിധികള്‍ സമ്മേളനത്തില്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ആഭ്യന്തര വകുപ്പിനെതിരെയാണ് പ്രതിനിധികളുടെ പ്രധാന വിമര്‍ശമുണ്ടായത്. മൂന്നാംമുറ പോലുള്ള നടപടികള്‍ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകാന്‍ പാടില്ലെന്നും പ്രതിനിധികള്‍ പറഞ്ഞു. സ്വകാര്യ കശുവണ്ടി ഫാക്ടറി തുറക്കാത്തതിലും വിമര്‍ശനമുണ്ടായി. ദീന്‍ദയാല്‍ ഉപാധ്യായ ശതാബ്ദി ആഘോഷ സര്‍ക്കുലര്‍ ഇറക്കിയതിനേയും ചിലര്‍ വിമര്‍ശിച്ചിരുന്നു.

തൃശ്ശൂരില്‍ നടക്കുന്ന 58-ാമത് സ്‌കൂള്‍ കലോത്സവത്തിന്റെ ഉദ്ഘാടനച്ചടങ്ങില്‍ പങ്കെടുക്കാതെയാണ് മുഖ്യമന്ത്രി കൊല്ലം ജില്ലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.