ഭൂവിവാദം: കര്‍ദിനാളിനെതിരായ പടയൊരുക്കം ശക്തമാക്കി വിമതവിഭാഗം

0
34

കൊച്ചി: എറണാകുളം അങ്കമാലി അതിരൂപതയിലെ ഭൂമിവില്‍പന വിവാദത്തില്‍ കര്‍ദിനാളിനെതിരായ പടയൊരുക്കം വിമതവിഭാഗം ശക്തമാക്കുന്നു. വൈദികസമിതി എത്രയും വേഗം വിളിച്ച് ചേര്‍ക്കണമെന്ന് വിമതവിഭാഗം ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം ചേരാനിരുന്ന വൈദികയോഗം പ്രതിഷേധത്തെ തുടര്‍ന്ന് അനിശ്ചിതകാലത്തേക്ക് മാറ്റിവെച്ച സാഹചര്യത്തിലാണ് വിമതവിഭാഗം കര്‍ശനനിലപാടുമായി രംഗത്തെത്തിയിരിക്കുന്നത്.
വൈദികസമിതി ഉടന്‍ തന്നെ വിളിച്ച് ചേര്‍ക്കണമെന്ന ആവശ്യവുമായാണ് ഇക്കൂട്ടര്‍ രംഗത്തെത്തിയിരിക്കുകയാണ്. യോഗം ഒരാഴ്ചയ്ക്കകം വിളിച്ച് ചേര്‍ത്തില്ലെങ്കില്‍ വത്തിക്കാനെ സമീപിക്കാനാണ് ഇവരുടെ തീരുമാനം. സിനഡ് ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്നും ഇവര്‍ ആവശ്യം ഉന്നയിച്ചു.

ഭൂമി വില്‍പനയില്‍ കര്‍ദിനാളിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന റിപ്പോര്‍ട്ടാണ് സഭയുടെ അന്വേഷണസമിതി ജനുവരി നാലിന് സമര്‍പ്പിച്ചിരിക്കുന്നത്. ഈ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യാനായിട്ടായിരുന്നു കഴിഞ്ഞ ദിവസം വൈദിക യോഗം ചേരാനിരുന്നത്. എന്നാല്‍ കര്‍ദിനാള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനെതിരെ ഒരു വിഭാഗം വിശ്വാസികള്‍ രംഗത്തെത്തിയതോടെ യോഗം മാറ്റിവെക്കുകയായിരുന്നു. കര്‍ദിനാളിനെ വിശ്വാസികള്‍ തടഞ്ഞുവെച്ചെന്നും സമ്മര്‍ദത്തിലാക്കുകയാണെന്നും അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ രംഗത്തെത്തി.
എറണാകുളം അങ്കമാലി അതിരൂപതയുടെ ആസ്ഥാനത്ത് കഴിഞ്ഞദിവസം നാടകീയമായ രംഗങ്ങളാണ് നടന്നത്. യോഗത്തില്‍ പങ്കെടുക്കാന്‍ ആര്‍ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി എത്തിയില്ല. അദ്ദേഹത്തെ സഭാവിശ്വാസികള്‍ തടഞ്ഞ് വെക്കുകയായിരുന്നെന്ന ആരോപണവുമായി സഭാ വക്താക്കള്‍ രംഗത്തെത്തി. കര്‍ദിനാളിനെ ചില അല്‍മായര്‍ സമ്മര്‍ദത്തിലാക്കിയെന്നും ഇവര്‍ ആരോപിച്ചു. ചിലര്‍ തന്നെ ബലമായി തടഞ്ഞതായി കര്‍ദിനാള്‍ പറഞ്ഞെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍ ഇത് അല്‍മായര്‍ വിഭാഗം നിഷേധിച്ചു. ഒരു വിഭാഗം വൈദികര്‍ കര്‍ദിനാളിനെ അപായപ്പെടുത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തെ അതില്‍ നിന്ന് തങ്ങള്‍ രക്ഷിക്കുകയായിരുന്നുവെന്നും അല്‍മായര്‍ വിഭാഗം പറഞ്ഞു.
ഭൂവിവാദത്തെ കുറിച്ച് അന്വേഷിച്ച സഭസമിതിയുടെ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്യുന്നതിനായിരുന്നു വൈദികരുടെ യോഗം വിളിച്ചിരുന്നത്. എന്നാല്‍ റിപ്പോര്‍ട്ട് രാവിലെ തന്നെ ചോര്‍ന്നു. ഭൂമി വില്‍പനയില്‍ കര്‍ദിനാള്‍ ആലഞ്ചേരിയെ കുറ്റപ്പെടുത്തുന്നതാണ് അന്വേഷണസമിതി റിപ്പോര്‍ട്ട്. ഭൂമി വില്‍പന കര്‍ദിനാളിന്റെ അറിവോടെ ആയിരുന്നെന്നും ഇടപാടില്‍ സഭയ്ക്ക് വീഴ്ച പറ്റിയെന്നും വൈദികരും വിശ്വാസികളും അടങ്ങിയ കമ്മിറ്റി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂമി വില്‍പനയിലൂടെ സഭയ്ക്ക് 34 കോടി രൂപയുടെ നഷ്ടം ഉണ്ടാതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കര്‍ദിനാളിനെതിരെ ഗുരുതര ആരോപണങ്ങളാണ് റിപ്പോര്‍ട്ടില്‍ ഉള്ളതെന്നാണ് സൂചന. ഭൂമി വില്‍പന നടന്നത് കര്‍ദിനാളിന്റെ അറിവോടെയാണെന്നും വിഷയത്തില്‍ സഭയ്ക്ക് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഭൂമി വില്‍പനയുടെ ഇടനിലക്കാരനെ ധനകാര്യവിഭാഗത്തിന് പരിചയപ്പെടുത്തിക്കൊടുത്തത് കര്‍ദിനാളാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
എറണാകുളം അങ്കമാലി അതിരൂപതയുടെ ഉടമസ്ഥതയിലുള്ള മൂന്ന് ഏക്കര്‍ സ്ഥലം വിറ്റതുമായി ബന്ധപ്പെട്ടാണ് തര്‍ക്കം കൊഴുക്കുന്നത്. അതിരൂപതയുടെ കീഴിലുള്ള ലിസി ആശുപത്രിയുടെ വികസനത്തിനായി പണം കണ്ടെത്താന്‍ തൃക്കാക്കരയിലെ സഭയുടെ സ്ഥലങ്ങള്‍ വില്‍ക്കാന്‍ അതിരൂപത സമിതികളില്‍ ആലോചനകള്‍ നടന്നിരുന്നു. 100 കോടി രൂപയുടെ വില്‍പന കരാറിന് സമിതികള്‍ അംഗീകാരം നല്‍കി. എന്നാല്‍ അതിരൂപതയുടെ ധനകാര്യസമിതിയുടെ മാത്രം അറിവോടെ 27 കോടി രൂപ വിലകാണിച്ച് സ്ഥലം സ്വകാര്യവ്യക്തിക്ക് കര്‍ദിനാള്‍ എഴുതി നല്‍കുകയായിരുന്നു എന്ന് അതിരൂപതയിലെ ഒരു വിഭാഗം ആക്ഷേപിക്കുന്നു. ഒന്‍പത് കോടി രൂപ മാത്രമാണ് വസ്തുകച്ചവടത്തില്‍ രൂപതയ്ക്ക് ലഭിച്ചത്.
വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ ദിവസം സ്ഥിരം സിനഡിന്റെ അടിയന്തരയോഗം ചേര്‍ന്നിരുന്നു. വിവാദങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്നും എല്ലാവരെയും ഒരുമിച്ച് മുന്നോട്ട് കൊണ്ടുപോകാന്‍ സഹായമെത്രാന്‍മാരായ സെബാസ്റ്റ്യന്‍ എടയന്ത്രത്തും ജോസ് പുത്തന്‍വീട്ടിലും മുന്‍കൈ എടുക്കണമെന്നും സിനഡ് നിര്‍ദേശിച്ചിരുന്നു. അതേസമയം, ഭൂമി വില്‍പനയില്‍ തനിക്ക് സാങ്കേതികപ്പിഴവ് മാത്രമാണ് ഉണ്ടായതെന്ന് കര്‍ദിനാള്‍ ആലഞ്ചേരി സിനഡില്‍ വ്യക്തമാക്കി.
കൊച്ചി തൃക്കാക്കര നൈപുണ്യ സ്‌കൂളിന് എതിര്‍വശമുള്ള 70.15 സെന്റ്, തൃക്കാക്കര ഭാരതമാത കോളെജിന്റെ എതിര്‍വശമുള്ള 62.33 സെന്റ്, തൃക്കാക്കര കരുണാലയത്തിന്റെ സമീപമുള്ള 99.44 സെന്റ്, കാക്കനാട് നിലംപതിഞ്ഞിമുകളിലുള്ള 20.35 സെന്റ്, മരടിലുള്ള 54.71 സെന്റ് എന്നീ സ്ഥലങ്ങളിലുള്ള ഭൂമിയാണ് വില്‍പ്പന നടത്തിയിരിക്കുന്നത്. 27.30 കോടി രൂപയ്ക്കാണ് വില്‍പ്പന ഉറപ്പിച്ചത്. അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരുകക്ഷിയ്ക്കോ കക്ഷികള്‍ക്കോ സ്ഥലങ്ങള്‍ മുറിച്ചു നല്‍കാന്‍ പാടില്ലെന്ന കരാര്‍ ലംഘിച്ച് 36 പേര്‍ക്കായാണ് സ്ഥലങ്ങള്‍ വിറ്റത്. 2016 മെയ് 21 നാണ് വില്‍പ്പന നടന്നത്. ഒരു മാസത്തിനകം തുക നല്‍കണമെന്നായിരുന്നു കരാറെങ്കിലും ഒന്നര വര്‍ഷത്തിനകം സഭയ്ക്ക് ലഭിച്ചത് 9.13 കോടി രൂപമാത്രമാണ്. അലക്സെന്‍ സന്യാസി സഭ സീറോ മലബാര്‍ സഭയ്ക്ക് കൈമാറിയതാണ് വില്‍പന നടത്തിയ തൃക്കാക്കരയിലെ ഭൂമി. ജീവകാരുണ്യ പ്രവര്‍ത്തനത്തിന് മാത്രമെ ഈ ഉപയോഗിക്കാവു എന്നതായിരുന്നു വ്യവസ്ഥ.
ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയോട് ചേര്‍ന്ന് ഒരു മെഡിക്കല്‍ കോളെജ് തുടങ്ങുന്നതിനായി അതിരൂപത തുറവൂരിലെ മറ്റൂരില്‍ 23.22 ഏക്കര്‍ സ്ഥലം വാങ്ങിയിരുന്നു. വരന്തരപ്പിള്ളിയിലുള്ള രൂപതയുടെ സ്ഥലം വിറ്റ് തിരിച്ചടയ്ക്കാമെന്ന ധാരണയില്‍ ബാങ്കില്‍ നിന്നും 60 കോടി വായ്പ എടുത്തായിരുന്നു ഈ ഭൂമി വാങ്ങല്‍. എന്നാല്‍ വരന്തരപ്പിള്ളിയിലെ ഭൂമി വില്‍പ്പന നടക്കാതെ വന്നതോടെ വാര്‍ഷികപ്പലിശയായ ആറുകോടി നല്‍കാന്‍ സാധിക്കാതെ വന്നു. തുടര്‍ന്നാണ് വിവിധ സ്ഥലങ്ങളിലായുള്ള 306.98 സെന്റ് ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചത്. ഈ ഭൂമി വില്‍പ്പന വഴി ലഭിക്കുന്ന 27.30 കോടി രൂപ ബാങ്കില്‍ നിക്ഷേപിക്കാനായിരുന്നു തീരുമാനം. പിന്നീട് 32 കോടി രൂപ മാത്രമേ ബാങ്കില്‍ ബാധ്യത ഉണ്ടാകുമായിരുന്നുള്ളൂ. എന്നാല്‍ വില്‍പനയിലൂടെ പ്രതീക്ഷിച്ച തുകയില്‍ 18.17 കോടിരൂപ ലഭിക്കാഞ്ഞത് തിരിച്ചടിയായി. ഇതിന് പുറമെ അതിരൂപതാ കാനോനിക സമിതികളുടെയും ഐകോയുടെ (അതിരൂപതാ സ്ഥാപനങ്ങളുടെ കേന്ദ്ര ഓഫീസ്) പ്രസിഡന്റിന്റെയും അനുമതിയില്ലാതെ ഐകോ വഴി ബാങ്കില്‍ നിന്നും 10 കോടി രൂപ ലോണെടുത്ത് 16.59 കോടി രൂപയ്ക്ക് കോതമംഗലത്തിനടുത്ത് കോട്ടപ്പിടിയില്‍ 25 ഏക്കറും (07042017) ഇടുക്കി ദേവികുളത്ത് 17 (22022017) ഏക്കറും അതിരൂപതയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തു. മറ്റൂരില്‍ സ്ഥലം വാങ്ങിയതിലൂടെ അതിരൂപതയ്ക്ക് ഉണ്ടായിരുന്ന ബാധ്യത 60 കോടി ആയിരുന്നെങ്കില്‍ ഈ ഭൂമി വാങ്ങല്‍ കൂടി കഴിഞ്ഞപ്പോള്‍ ബാധ്യത 84 കോടി രൂപയായി ഉയര്‍ന്നു.