രാജ്യത്തെ മികച്ച പോലീസ് സ്‌റ്റേഷനുകളില്‍ വളപട്ടണവും

0
51

കണ്ണൂര്‍: രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകളില്‍ ഒന്നായി കണ്ണൂര്‍ ജില്ലയിലെ വളപട്ടണം പൊലീസ് സ്റ്റേഷന്‍ തെരഞ്ഞെടുക്കപ്പെട്ടു. പ്രവര്‍ത്തന മികവിന്റെ അടിസ്ഥാനത്തിലാണ് വളപട്ടണത്തെ മികച്ച സ്റ്റേഷനുകളില്‍ ഒന്നായി തെരഞ്ഞെടുത്തത്.

കുറ്റാന്വേഷണമികവ്, ക്രമസമാധാനപരിപാലനരംഗത്തെ ജാഗ്രത, കേസുകള്‍ കൈകാര്യം ചെയ്ത രീതി, ജനങ്ങളും പൊലീസും തമ്മിലുള്ള ബന്ധം, ശുചിത്വം തുടങ്ങി മുപ്പതോളം ഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയാണ് വളപട്ടണത്തിന് ഈ അംഗീകാരം. കഴിഞ്ഞ ആറുമാസമായി വളപട്ടണത്തെ പ്രവര്‍ത്തനങ്ങള്‍ കേന്ദ്രസംഘം നിരീക്ഷിക്കുന്നുണ്ട്. സ്റ്റേഷന്റെ പ്രവര്‍ത്തനം വിലയിരുത്താന്‍ കേന്ദ്രസംഘം വളപട്ടണത്ത് എത്തിയിരുന്നു. വീടുകളിലെത്തി ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ചശേഷമാണ് കേന്ദ്രസംഘം പൊലീസ് സ്റ്റേഷന് മാര്‍ക്കിട്ടത്.

മികച്ച നേട്ടം കൊയ്ത കേരളാപൊലീസിനെ അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തിലെ പൊലീസ് സേനക്കാകെ അഭിമാനിക്കാവുന്ന നേട്ടമാണ് വളപട്ടണത്തിന്റേതെന്നും അദ്ദേഹം പറഞ്ഞു.