രാജ്യത്ത് സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ശക്തമാക്കി ജി.ഡി.പി വളര്‍ച്ചാ നിരക്ക്; തിരിച്ചടിയായത് നോട്ട് നിരോധനവും ജി.എസ്.ടിയും

0
57

ന്യൂഡല്‍ഹി: സാമ്പത്തിക മാന്ദ്യത്തിന്റെ സൂചനകള്‍ ശക്തമാക്കി നടപ്പ് സാമ്പത്തിക വര്‍ഷം സമാപിക്കുമ്പോള്‍ ഇന്ത്യയുടെ ജി ഡി പി വളര്‍ച്ചാ നിരക്ക് നാലു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന തോതിലായിരിക്കുമെന്ന് നിഗമനം. കേന്ദ്ര സ്റ്റാറ്റിസ്റ്റിക്സ് ഓഫിസ് വെള്ളിയാഴ്ച പുറത്തു വിട്ട അഡ്വാന്‍സ് എസ്റ്റിമേറ്റ് പ്രകാരം 2017 -18 സാമ്പത്തിക വര്‍ഷം അവസാനിക്കുമ്പോള്‍ ജി ഡി പി വളര്‍ച്ച 6 .5 ശതമാനമായിരിക്കും. മുന്‍ വര്‍ഷം 7 .1 ശതമാനമായിരുന്നു വളര്‍ച്ചാ നിരക്ക്. നോട്ട് നിരോധനവും ജി എസ് ടിയുമാണ് പ്രതികൂലമായി ബാധിച്ചതെന്ന് സര്‍ക്കാരിന്റെ തന്നെ സ്റ്റാറ്റിസ്റ്റിക്സ് ഡിപ്പാര്‍ട്‌മെന്റ് വിലയിരുത്തുന്നു.
കാര്‍ഷിക രംഗത്താണ് ഏറ്റവും കനത്ത ഇടിവ് ഉണ്ടായിരിക്കുന്നത്. ഈ രംഗത്തെ വളര്‍ച്ച പകുതിയായി താഴും. 2 .1 ശതമാനമാണ് കാര്‍ഷിക മേഖലയിലെ വളര്‍ച്ച. മുന്‍ വര്‍ഷം ഇത് 4 .9 ശതമാനമായിരുന്നു. വ്യവസായ രംഗത്തെ വളര്‍ച്ച 4 .4 ശതമാനത്തിലേക്ക് താഴുമെന്നാണ് നിഗമനം. സര്‍വീസ് മേഖലയില്‍ മാത്രമാണ് നേരിയ നേട്ടം രേഖപ്പെടുത്തിയത്. 8 .3 ശതമാനം വളര്‍ച്ച ഈ മേഖലയില്‍ രേഖപെടുത്തുമെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷം ഇത് 7 .7 ശതമാനമായിരുന്നു.