വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ച് തീപിടിച്ചു

0
64

ടൊറന്റോ: കാനഡയിലെ ടൊറന്റോ പിയേഴ്സണ്‍ വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ഒരു വിമാനത്തിന്‍ പിന്‍ഭാഗത്തിന് തീപ്പിടിച്ചു. അപകടത്തെ തുടര്‍ന്ന് യാത്രക്കാരെ എമര്‍ജെന്‍സി സ്ലൈഡ് വഴി പുറത്തിറക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ വിമാനത്തിന് തീപ്പിടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പ്രചരിക്കുന്നുണ്ട്.

വെസ്റ്റ് ജെറ്റ്, സണ്‍വിങ് കമ്പനികളുടെ വിമാനങ്ങള്‍ തമ്മിലാണ് കൂട്ടിയിടിച്ചതെന്ന് ടൊറന്റോ വിമാനത്താവളം അധികൃതര്‍ വ്യക്തമാക്കി. അത്യാഹിത, അടിയന്തര വിഭാഗങ്ങളുടെ സമയബന്ധിതമായ ഇടപെടലോടെ യാത്രക്കാരെയെല്ലാം സുരക്ഷിതരായി പുറത്തെത്തിക്കാനായെന്നും അധികൃതര്‍ അറിയിച്ചു.

വെസ്റ്റ് ജെറ്റിന്റെ WS2425 ബോയിങ്-737-800 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ആറ് ജീവനക്കാരും 168 യാത്രക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. അഞ്ച് മാസത്തിനിടെ ടൊറന്റോ വിമാനത്താവളത്തില്‍ ഉണ്ടായ രണ്ടാമത്തെ അപകടമാണിത്. ആഗസ്റ്റില്‍ ഒരു പൊളിഷ് പാസഞ്ചര്‍ ജെറ്റിന്റെ ചിറക് റണ്‍വേയില്‍ തട്ടി അപകടത്തില്‍ പെട്ടിരുന്നു. അന്നും ജീവഹാനികളൊന്നും സംഭവിച്ചിട്ടില്ല.