വി.ടി.ബല്‍റാം എംഎല്‍എ യുടെ ഓഫീസിന് നേരെ ഡിവൈഎഫ്‌ഐ അക്രമം

0
115

പാലക്കാട്: തൃത്താല എംഎല്‍എ വി.ടി.ബല്‍റാമിന്റെ ഓഫീസിന് മുന്നില്‍ സംഘര്‍ഷാവസ്ഥ സൃഷ്ടിച്ച് ഡിവൈഎഫ്‌ഐ. എംഎല്‍എ യുടെ ഓഫീസിന് മുന്നിലെ ബോര്‍ഡ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ അടിച്ചുതകര്‍ത്തു. എ.കെ.ജി ക്കെതിരെ ബല്‍റാം നടത്തിയ പരാമര്‍ശത്തിനെതിരെ തൃത്താല മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ചിനിടെയായിരുന്നു അക്രമം. ഓഫിസിനു നേരെ പ്രവര്‍ത്തകര്‍ കരി ഓയില്‍ പ്രയോഗവും നടത്തി. കഴിഞ്ഞ ദിവസമാണ് എകെജിയുമായി ബന്ധപ്പെടുന്ന പരാമര്‍ശങ്ങള്‍ ഉള്‍പ്പെടുന്ന കുറിപ്പ് ബല്‍റാം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തത്.

ഇതില്‍ പ്രതിഷേധിച്ച് സിപിഎം നേതാക്കള്‍ പലരും രംഗത്തെത്തിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ബല്‍റാമിന്റെ ഓഫിസിനു നേരെ അജ്ഞാതര്‍ മദ്യക്കുപ്പികളെറിയുകയും ചെയ്തിരുന്നു. ഇതേക്കുറിച്ച് പൊലീസ് അന്വേഷണം നടത്തിവരികയാണ്.

എകെജി- സുശീലാ ഗോപാലന്‍ ബന്ധത്തെക്കുറിച്ച് കഴിഞ്ഞ ദിവസം രാത്രിയാണ് വി.ടി.ബല്‍റാം സമൂഹമാധ്യമത്തില്‍ പോസ്റ്റിട്ടത്. വിവാഹ സമയത്ത് സുശീലയുടെ പ്രായം 22 വയസ്സാണെന്നും 10 വര്‍ഷത്തെ പ്രണയത്തിനൊടുവിലായിരുന്നു വിവാഹമെന്നും എ.കെ. ഗോപാലന്റെ ആത്മകഥ ഉദ്ധരിച്ച് ബല്‍റാം കുറിച്ചു. എകെജി യെ അധിഷേപിക്കുന്ന തരത്തിലുള്ള മറ്റ് പരാമര്‍ശങ്ങളും ഉണ്ടായതോടെ ശക്തമായ പ്രതിഷേധമാണ് ബല്‍റാമിനെതിരെ സമൂഹ മാധ്യമത്തിലൂടെ നടക്കുന്നത്.