സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ കലാരൂപങ്ങള്‍ ഇന്ന് അരങ്ങിലെത്തും

0
91

തൃശ്ശൂര്‍: 58-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരങ്ങള്‍ക്ക് തേക്കിന്‍കാട് മൈതാനത്ത് ശനിയാഴ്ച തുടക്കമാകും. കാലത്ത് 8.45ന് സൂര്യ കൃഷ്ണമൂര്‍ത്തി ഒരുക്കുന്ന ദൃശ്യവിസ്മയവും പത്തുമണിക്ക് ഉദ്ഘാടന സമ്മേളനവും നടക്കും. ഇതിനുശേഷമാകും മത്സരങ്ങള്‍ ആരംഭിക്കുക.
ഇന്നു രാവിലെ 8.45ന് കലോത്സവ നഗരിയിൽ കേളികൊട്ടുയരും. 9.30 വരെ തെക്കേ ഗോപുരനടയിലെ 12 മരച്ചുവടുകളിൽ 14 കലാരൂപങ്ങൾ അരങ്ങേറും. പ്രധാന വേദിക്കു മുൻപിൽ 1000 കുട്ടികളുടെ മെഗാ തിരുവാതിര നടക്കും.

2008നു ശേഷം ആദ്യമായി പരിഷ്കരിച്ച മാന്വൽ പ്രകാരം നടക്കുന്ന കലോത്സവമാണ് ഇത്തവണത്തേത്. 24 വേദികളിലായി 234 ഇനങ്ങളിൽ 8954 മത്സരാർഥികൾ മാറ്റുരയ്ക്കും. അപ്പീലിലൂടെ എത്തുന്നവരെ കൂടി ഉൾപ്പെടുത്തിയാൽ മത്സരാർഥികളുടെ എണ്ണം 12,000 കടക്കുമെന്നാണു സൂചന.

ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമായിര‌ിക്കും കലോത്സവ നടത്തിപ്പ്. വെള്ളപ്പാത്രം, സഞ്ചികൾ, ബാ‍ഡ്ജുകൾ തുടങ്ങി പേന വരെ പ്ലാസ്റ്റിക് വിമുക്തം. നഗരത്തിനു ചുറ്റുമുള്ള 21 വിദ്യാലയങ്ങളിലാണു മത്സരാർഥികൾക്കു താമസം ഒരുക്കിയിട്ടുള്ളത്.

ഭക്ഷണം നൽകാൻ പഴയിടം മോഹനൻ നമ്പൂതിരിയുടെ നേതൃത്വത്തിൽ സൗകര്യം ഒരുക്കിയിട്ടുണ്ട്. മൊത്തം ചെലവ് ഇത്തവണ ഒന്നരക്കോടി കടക്കുമെന്നാണു സൂചന.