സര്‍ക്കാര്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് സൂസെപാക്യം

0
36

തിരുവനന്തപുരം: സര്‍ക്കാര്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പുവരുത്തണമെന്ന് ആര്‍ച്ച് ബിഷപ് സൂസെപാക്യം. ബോണക്കാട് സംഘര്‍ഷം ഉണ്ടായത് ദുഃഖകരമായ കാര്യമാണ്. കുരിശിന്റെ പേരില്‍ സംഘര്‍ഷം ഉണ്ടാകാന്‍ പാടില്ലായിരുന്നെന്നും തെറ്റ് ആരുടെ ഭാഗത്തായാലും അന്വേഷിച്ച് നടപടിയെടുക്കണമെന്നും വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു.

ബോണക്കാട് കൂടുതല്‍ കുരിശ് നിര്‍മിച്ച് ആരേയും പ്രകോപിപ്പിക്കില്ല. പരമ്പരാഗതമായി കുരിശുണ്ടായിരുന്ന സ്ഥലത്ത് കുരിശ് സ്ഥാപിച്ച് സര്‍ക്കാരിന്റെ അറിവോടുകൂടി തന്നെ ആരാധന നിലനിര്‍ത്താനാണ് ശ്രമിച്ചത്. സര്‍ക്കാരിന്റെ അധീനതയിലുള്ള വിശേഷപ്പെട്ട പലസ്ഥലങ്ങളിലും ക്രൈസ്തവര്‍ മാത്രമല്ല ഹൈന്ദവരും മുസ്ലിങ്ങളുമെല്ലാം പരമ്പരാഗതമായി തീര്‍ത്ഥാടനം നടത്താറുണ്ടെന്നും സര്‍ക്കാര്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

പ്രശ്നങ്ങളുണ്ടാക്കിയത് ചില സാമൂഹ്യ വിരുദ്ധരാണ്. കുരിശ് തകര്‍ക്കാന്‍ ഉത്തരവാദിത്വപ്പെട്ട ചിലരും കൂട്ടുനിന്നതായി സംശയിക്കുന്നു. പ്രശ്നങ്ങള്‍ സമാധാനപരമായി പരിഹരിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തും. സര്‍ക്കാര്‍ വിചാരിച്ചാല്‍ എല്ലാവരേയും നിയന്ത്രിക്കാന്‍ കഴിയും. അക്രമവും സംഘര്‍ഷവും ആരുടെ ഭാഗത്തുനിന്നുണ്ടായതാണെങ്കിലും നടപടി എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.

കുരിശ് തകര്‍ത്ത സ്ഥലത്ത് 10 അടി നീളമുള്ള കുരിശ് പുനഃസ്ഥാപിച്ച് ചില പ്രത്യേക സാഹചര്യങ്ങളില്‍ ആരാധന നടത്താന്‍ അനുവദിക്കമെന്ന് സര്‍ക്കാരിനോട് ആവശ്യപ്പെട്ടതായും സൂസെപാക്യം പറഞ്ഞു.