സീറ്റൊഴിഞ്ഞ് കൊടുക്കാനുള്ള മനസ് ആരെങ്കിലും കാണിച്ചിരുന്നെങ്കില്‍ ദുരന്തം സംഭവിക്കില്ലായിരുന്നു; പ്രതികരണവുമായി മരിച്ച നാഷിദയുടെ ഭര്‍ത്താവ്

0
141

കോട്ടയം: ഈരാറ്റുപേട്ടയില്‍ എട്ടുമാസം ഗര്‍ഭിണിയായ യുവതി ബസില്‍ നിന്ന് തെറിച്ചു വീണ സംഭവത്തില്‍ പ്രതികരണവുമായി ഭര്‍ത്താവ് രംഗത്ത്. ഏതെങ്കിലും ഒരാള്‍ അവള്‍ക്ക് സീറ്റൊഴിഞ്ഞ് കൊടുക്കാനുള്ള മനസ് കാണിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ അവള്‍ ജീവനോടെയുണ്ടായിരുന്നേനെയെന്ന് മരിച്ച നാഷിദയുടെ ഭര്‍ത്താവ് താഹ പറഞ്ഞു. എന്റെ ഭാര്യയുടെ ആദ്യത്തെ യാത്ര ആയിരുന്നില്ല അത്. പക്ഷേ അത് അവളുടെ അവസാനത്തെ യാത്രായായി മാറിയെന്നും താഹ പറഞ്ഞു. എല്ലാം അല്ലാഹുവിന്റെ നിശ്ചയം. ഇനിയാര്‍ക്കും ഇത്തരമൊരു അവസ്ഥ ഉണ്ടാകരുത്. ആശുപത്രിയിലുള്ള ഇളയ കുട്ടിയെക്കുറിച്ച് ഓര്‍ക്കുമ്പോഴാണ് ഏറെ ദുഃഖം നെഞ്ച് തകര്‍ന്ന് വട്ടക്കയത്ത് താഹ പറയുന്നു.

ഭാര്യയുടെ മരണത്തിന് ബസ്സില്‍ യാത്ര ചെയ്തിരുന്നവരും ഉത്തരവാദികളാണ്. ആര്‍ക്കും ഗര്‍ഭിണിയായ തന്റെ ഭാര്യയോട് സഹാനുഭൂതി തോന്നിയില്ലെന്നും അദ്ദേഹം പറഞ്ഞു.സ്ത്രീകള്‍ പോലും സീറ്റ് നല്‍കി സഹായിച്ചില്ല. എന്നാല്‍ ബസ് ഡ്രൈവര്‍ ചെയ്ത കുറ്റം കുറച്ചുകാട്ടുകയല്ല. ഞങ്ങളെപ്പോലുള്ള പാവപ്പെട്ടവര്‍ ബസിലാണ് യാത്ര ചെയ്യുന്നത്. ഞങ്ങളുടെ സുരക്ഷ അവരുടെ കൈയിലേക്കാണ് നല്‍കുന്നത്. എല്ലാ യാത്രക്കാരുടേയും സുരക്ഷ ഉറപ്പാക്കാനുള്ള ചുമതല അവര്‍ക്കുണ്ട്. എന്നാല്‍ അവര്‍ അത് ചെയ്തില്ലെന്നും താഹ വിലപിച്ചു. ഒരു മാധ്യമത്തോട് സംസാരിക്കവെയാണ് താഹ ഇക്കാര്യങ്ങള്‍ പറഞ്ഞത്. നാഷിദയുടെ മരണം ഭര്‍ത്താവ് താഹയ്ക്കും കുടുംബത്തിനും ഇപ്പോഴും ഉള്‍ക്കൊള്ളാനായിട്ടില്ല.

എല്ലാ ബസുകളിലും ഒരു സീറ്റെങ്കിലും ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കണമെന്ന നിര്‍ദേശമുള്‍പ്പെടുത്തി കേരള മോട്ടോര്‍ വാഹന നിയമം ഭേദഗതി ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷന്റെ ഉത്തരവുപ്രകാരമാണു നടപടി. സ്ത്രീകള്‍ക്കായി നീക്കിവച്ച സീറ്റുകളില്‍ ഒരെണ്ണമാണു ഗര്‍ഭിണികള്‍ക്കായി മാറ്റിയിരിക്കുന്നത്. വനിതാ സീറ്റുകളില്‍ ഒരെണ്ണം മൂന്നു വയസ്സില്‍ താഴെയുള്ള കുട്ടികളുമായി കയറുന്ന അമ്മയ്ക്കു മാറ്റിവയ്ക്കണമെന്നു നേരത്തേ ഉത്തരവുള്ളതാണ്. ഡ്രൈവറുടെയും കണ്ടക്ടറുടെയും സീറ്റുകള്‍ ഒഴിച്ചുള്ളവയില്‍ നാലിലൊന്നാണു വനിതകള്‍ക്കായി സംവരണം ചെയ്തിട്ടുള്ളത് 48 സീറ്റുള്ള ബസില്‍ 11 എണ്ണം. ഇതില്‍ ഒന്നാണ് ഗര്‍ഭിണികള്‍ക്കു നീക്കിവയ്ക്കുന്നത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഈരാറ്റുപേട്ട വട്ടക്കയം താഹയുടെ ഭാര്യ നാഷിദ (34) ബസില്‍ നിന്നു തെറിച്ചുവീണ് അപകടത്തില്‍പെട്ടത്. നാഷിദയ്ക്കൊപ്പം ഇളയ മകള്‍ ഹയ മറിയവും നാഷിദയുടെ സഹോദരി ഷാനിദയും ഉണ്ടായിരുന്നു. ഷാനിദയ്ക്കൊപ്പമായിരുന്നു ഹയ. ബസില്‍ കയറിയ ഉടനെ നാഷിദ ഡോറിനടുത്ത് നിന്നു മുന്‍പോട്ടു കയറിനിന്നു. ഷാനിദയും ഹയയും പിന്‍ഭാഗത്തേക്കു മാറിനിന്നു.
ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോഴാണ് അപകടം. വളവ് തിരിച്ചെടുത്ത ബസിന്റെ തുറന്നു കിടന്ന മുന്‍വാതിലിലൂടെ നാഷിദ പുറത്തേക്ക് തെറിച്ചുവീണു. ആരോ വെളിയിലേക്കു വീണെന്നു മാത്രമാണ് ഷാനിദ അറിഞ്ഞത്. അപകടം നടന്നതിനു ശേഷം 100 മീറ്ററോളം മാറ്റിയാണ് ബസ് നിര്‍ത്തിയത്. ആദ്യം വന്ന രണ്ട് വാഹനങ്ങളും നിര്‍ത്താതെ പോയി. ചെവിയിലൂടെയും മൂക്കിലൂടെയും രക്തം ഒഴുകി പരുക്കേറ്റ നാഷിദയെ പിന്നാലെയെത്തിയ വാഹനത്തില്‍ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു. തലയ്ക്ക് സാരമായി പരുക്കേറ്റിരുന്നതിനാല്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി എട്ടുമാസം മാത്രം വളര്‍ച്ചയുള്ള ആണ്‍കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍ നാഷിദയുടെ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.