ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ പ്രാചീന ഗഗന ചാരികള്‍; ഒരു ചുരുളഴിയാത്ത പ്രഹേളിക

0
113
ചിത്രങ്ങള്‍ക്ക് കടപ്പാട്: Phenomenalplace.com

ഋഷിദാസ്

പുരാതനകാലത്ത് പ്രപഞ്ചത്തിന്റെ മറ്റു കോണുകളില്‍ നിന്നും ഗഗനചാരികള്‍ ഭൂമിയില്‍ വന്നിരുന്നു എന്നത് സങ്കല്പത്തിനും യാഥാര്‍ഥ്യത്തിനും ഇടയില്‍ ഒളിച്ചു കളിക്കുന്ന ഒരു പ്രഹേളികയാണ്. പല പുരാണ ഇതിഹാസങ്ങളിലെയും പരാമര്‍ശങ്ങളുടെ സാധൂകരണത്തിന് ഇത് ഉപയോഗിക്കുന്നുണ്ട്. ഈജിപ്ഷ്യന്‍ പിരമിഡുകളിലെയും, സുമേറിയന്‍ ഫലകങ്ങളിലെയും, മായന്‍ ശേഷിപ്പുകളിലെയും പുരാതന ഗഗനചാരികളുടെയും പറക്കും തളികകള്‍ക്കു സമാനമായ വാഹനങ്ങളുടെയും പ്രതിരൂപങ്ങള്‍ പ്രശസ്തമാണ്. ഇന്ത്യയിലും ഇത്തരം പ്രതിപാദനങ്ങളും ചിത്രീകരണങ്ങളും കണ്ടെത്തപ്പെട്ടിട്ടുണ്ട്. അവയില്‍ ഏറ്റവും വിസ്മയിപ്പിക്കുന്ന ഒന്ന് ഒരു പക്ഷെ കര്‍ണാടകത്തിലെ ഹോയ്‌സാലേശ്വര ക്ഷേത്രത്തിലെ പൗരാണിക ഗഗനചാരികളുടെ ചിത്രീകരണമാണ്. വൈദേശിക ആക്രമണകാരികള്‍ പല തവണ തച്ചുടച്ചിട്ടും പൂര്‍ണ്ണമായും നശിക്കാതെ നിലനില്‍ക്കുന്ന ഹൊയ്സാലേശ്വര ക്ഷേത്രവും അതിലെ വിസ്മയകരമായ കൊത്തുപണികളും ഒരത്ഭുതം തന്നെയാണ്. ആ വിസ്മയങ്ങള്‍ക്കിടയിലെ ഒരു വലിയ വിസ്മയമാണ് ക്ഷേത്രമതിലുകളില്‍ ചിത്രീകരിക്കപ്പെട്ടിരിക്കുന്ന പുരാതന ഗഗനചാരികള്‍.

കര്‍ണാടകത്തില്‍ ഒരു സഹസ്രാബ്ദം മുന്‍പേ ഭരണം നടത്തിയിരുന്ന രാജവംശമാണ് ഹൊയ്‌സാല രാജവംശം. കര്‍ണാടകം ഒരു പക്ഷെ ഏറ്റവും ഔന്നത്യം പ്രാപിച്ചതും ഹൊയ്‌സാല രാജാക്കന്മാരുടെ കാലത്തു തന്നെ. വാസ്തുവിദ്യയുടെ സുവര്‍ണകാലമായിരുന്നു ഹൊയ്‌സാല കാലഘട്ടം. ഹൊയ്‌സാല വാസ്തുവിദ്യയുടെ മകുടോദാഹരണമാണ് ഹൊയ്സാലേശ്വര ക്ഷേത്രവും ചെന്ന കേശവ ക്ഷേത്രവും.

ചിത്രങ്ങള്‍ക്ക് കടപ്പാട്: Phenomenalplace.com

ഇന്നേക്കും എണ്ണൂറിലേറെ കൊല്ലങ്ങള്‍ക്കു മുമ്പ് നിര്‍മിക്കപ്പെട്ടതാണ് അത്ഭുതങ്ങളുടെ കലവറയായ ഹൊയ്സാലേശ്വര ക്ഷേത്രം. ഭഗവാന്‍ ശിവന്റെ ക്ഷേത്രമാണ് ഹൊയ്സാലേശ്വര ക്ഷേത്രം. ഹൊയ്‌സാല രാജവംശത്തിലെ മഹാരാജാവായിരുന്ന വിഷ്ണു വര്‍ദ്ധനന്റെ കാലത്താണ് നിര്‍മിതി നടന്നത്. കര്‍ണാടകത്തിലെ ഹാലേബീട് എന്ന ചെറുപട്ടണത്തിലാണ് ഈ മഹാവിസ്മയം നിലനില്‍ക്കുന്നത്. ബെംഗളൂരില്‍ നിന്നും ഏതാണ്ട് 200 കിലോമീറ്റര്‍ അകലെയാണ് ഹൊയ്സാലേശ്വര ക്ഷേത്രം. അധിനിവേശ ശക്തികള്‍ പലതവണ ആക്രമിച്ചു തകര്‍ക്കാന്‍ ശ്രമിച്ചിട്ടും തകരാതെ ഇപ്പോഴും തലയുയര്‍ത്തി നില്‍ക്കുകയാണ് ഈ വിസ്മയം.

അതിമനോഹരമാണ് ക്ഷേത്രത്തിന്റെ നിര്‍മിതി. ക്ഷേത്രം കൃഷ്ണശിലകൊണ്ട് നിര്‍മിച്ച തൂണുകളിലാണ് നില്‍ക്കുന്നത്. അത്യാധുനിക യന്ത്രങ്ങളാല്‍ കടഞ്ഞെടുത്തതിന് സമാനമാണ് ഈ ശിലാ സ്തംഭങ്ങള്‍. എങ്ങനെയാണ് അക്കാലത്ത് ഇത്തരം വലിയ സ്തംഭങ്ങള്‍ കടഞ്ഞെടുത്തത് എന്നത് ഇന്നും അജ്ഞാതമായി തുടരുന്നു. കടച്ചിലിനുപയോഗിച്ച ആയുധങ്ങള്‍ ഉണ്ടാക്കിയ വര്‍ത്തുള രേഖകള്‍ ഇപ്പോഴും തൂണുകളില്‍ ദൃശ്യമാണ്. അതി സങ്കീര്‍ണമാണ് ക്ഷേത്രത്തിലെ കൊത്തു പണികള്‍. ശിലകളില്‍ അതിസൂക്ഷ്മവും സുന്ദരവുമായ കൊത്തുപണികളും വിസ്മയങ്ങളും തീര്‍ത്തത് മഹാവൈഭവശാലികളായ കലാകാരന്മാരാവാതെ തരമില്ല. ശിലകള്‍ സൂക്ഷ്മമായി തുരന്ന് നിര്‍മിച്ചിരിക്കുന്ന ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ ശില്പങ്ങള്‍ക്ക് ഇന്ത്യയിലല്ലാതെ മറ്റെവിടെയും സമാനതയില്ല.

പീഠത്തില്‍ ആസനസ്ഥനായ ഒരു ദേവതയെ വന്ദിക്കുന്ന രീതിലാണ് ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ പുരാതന ഗഗനചാരികളുടെ ചിത്രീകരണം. ആസനസ്ഥനായ ദേവതയുടെ മുഖം ആക്രമണകാരികളാല്‍ തകര്‍ക്കപ്പെട്ട നിലയിലാണ്. 900 കൊല്ലം മുമ്പ് രചയിക്കപ്പെട്ട ഈ ഗഗന ചാരികളുടെ രൂപവും അവരോടനുബന്ധിച്ച ഉപകരണ സദൃശമായ വസ്തുക്കളും ഇന്നും വലിയ കേടില്ലാതെ നിലനില്‍ക്കുന്നു. ദേവതാരൂപങ്ങളെ തകര്‍ത്ത ആക്രമണകാരികള്‍ക്ക് ഇവര്‍ ആരെണെന്നു മനസ്സിലായിക്കാനില്ല, അല്ലെങ്കില്‍ ഈ രൂപങ്ങളെയും അവര്‍ തകര്‍ക്കുകയോ, അല്ലെങ്കില്‍ വികൃതമാക്കുകയോ ചെയ്‌തേനെ. പുരാതന ഗഗനചാരികളെല്ലാം തന്നെ ആധുനിക ഗഗനചാരികളെപ്പോലെ മുഖം മുഴുവന്‍ ആവരണം ചെയ്യത്തക്ക ഹെല്‍മെറ്റ് ധരിച്ചിട്ടുണ്ട്. ഇവരുടെ പിറകില്‍ ഓക്‌സിജന്‍ സിലിണ്ടറും മറ്റു യന്ത്രങ്ങളും ഘടിപ്പിച്ചിരിക്കുന്ന ആധുനിക ബാക്പാക്കിന് സമാനമായ ഒരു വസ്തുവും ഘടിപ്പിച്ചിട്ടുണ്ട്. ഹെല്‍മെറ്റില്‍ നിന്നും ബാക്പാക്കിലേക്കുള്ള വയറുകളും ട്യൂബുകളും വരെ ചിത്രീകരണത്തിന്റെ ഭാഗമാണ്.

ഹൊയ്സാലേശ്വര ക്ഷേത്രത്തിലെ പുരാതന ഗഗനചാരികളുടെ ചിത്രീകരണത്തിന് നമ്മുടെ ഭാവനക്ക് അനുസരിച്ച എന്ത് വിശദീകരണവും നല്‍കാം .പക്ഷെ കല്ലില്‍ കൊത്തിവച്ച രൂപങ്ങള്‍ വെറും യാദൃച്ഛികം എന്ന് കരുതുന്നത് വെറും മൗഢ്യമായിരിക്കും. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ സംസ്‌കാരങ്ങള്‍ ഒരേ തരത്തിലും ഭാവത്തിലുമുളള രൂപങ്ങള്‍ അവരുടെ ഏറ്റവും പവിത്രമായ സ്ഥലങ്ങളില്‍ കൊത്തി വക്കണമെങ്കില്‍ അതിന് എന്തെങ്കിലും കാരണങ്ങള്‍ ഉണ്ടാവണം. ആ കാരണങ്ങള്‍ ഇന്ന് നമുക്ക് അജ്ഞാതമാണ്. പക്ഷെ നമ്മുടെ അറിവിന്റെ ചക്രവാളങ്ങള്‍ വികസിക്കുമ്പോള്‍ തീര്‍ച്ചയായും നമുക്ക് ഉത്തരങ്ങള്‍ ലഭിക്കുക തന്നെ ചെയ്യും. അതുവരെ ഇതെല്ലം നമുക്ക് സൈന്ധവ മുദ്രകള്‍ പോലെയോ രണ്ടു നൂറ്റാണ്ടു മുന്‍പ് വരെയുള്ള ഈജിപ്ഷ്യന്‍ ചിത്രലിപികളെപ്പോലെയോ അര്‍ത്ഥമില്ലാത്ത രൂപങ്ങളും ചിഹ്നങ്ങളുമായി അവശേഷി