ഉപ്പിലിട്ട ബീഫ് സാന്‍ഡ്‌വിച്ച് ബഹിരാകാശത്തെത്തിച്ച് വാര്‍ത്തയില്‍ ഇടം നേടിയ ജോണ്‍ യങ് അന്തരിച്ചു

0
72

വാഷിങ്ടണ്‍: നാസയുടെ ആറ് ബഹിരാകാശ പദ്ധതികളില്‍ പങ്കെടുത്തിട്ടുള്ള ലോകപ്രശസ്ത ബഹിരാകാശ യാത്രികന്‍ ജോണ്‍ യങ് (87) അന്തരിച്ചു. ചന്ദ്രനില്‍ ഇറങ്ങിയിട്ടുള്ള ബഹിരാകാശ സഞ്ചാരികളില്‍ ഒമ്പതാമനാണ് ജോണ്‍ യങ്. നാസയാണ് ജോണ്‍ യങ്ങിന്റെ നിര്യാണ വാര്‍ത്ത ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ബഹിരാകാശത്തേക്ക് ഉപ്പിലിട്ട ബീഫ് സാന്‍ഡ്‌വിച്ച് കടത്തിക്കൊണ്ടു പോയതിലൂടെ യങ് വാര്‍ത്തയില്‍ ഇടംപിടിച്ചിരുന്നു.

നാസയുടെ ജമിനി ബഹിരാകാശ പദ്ധതിയിലും അപ്പോളോ ചന്ദ്ര പര്യവേഷണ യാത്രയിലും രണ്ടു തവണ വീതം അദ്ദേഹം ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. 1972ല്‍ നടത്തിയ നാലാമത്തെ ബഹിരാകാശ യാത്രയിലാണ് ചന്ദ്രോപരിതലത്തില്‍ അദ്ദേഹം ഇറങ്ങുന്നത്. ചന്ദ്രനില്‍ നിന്നുള്ള കല്ലിന്റെയും മണ്ണിന്റെയും മാതൃകകള്‍ ശേഖരിക്കുകയും ചന്ദ്രോപരിതലത്തില്‍ 26 കിലോമീറ്റര്‍ സഞ്ചരിക്കുകയും ചെയ്തു.

അമേരിക്കന്‍ നാവികസേനയില്‍ പൈലറ്റ് ആയി ഔദ്യോഗിക ജീവിതം ആരംഭിച്ച ജോണ്‍ യങ് 42 വര്‍ഷം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയില്‍ പ്രവര്‍ത്തിച്ചു. 2004ല്‍ ആണ് അദ്ദേഹം ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്.