എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ സമയം അനുവദിക്കണമെന്ന് പാര്‍ലമെന്ററി സമിതി

0
58

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ അഞ്ച് വര്‍ഷം സമയം അനുവദിക്കണമെന്നും എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കരുതെന്നും പാര്‍ലമെന്ററി സമിതി. എയര്‍ ഇന്ത്യക്ക് നല്കുന്ന സാമ്പത്തിക സഹായം നിര്‍ത്തുന്നതിനുള്ള സമയം ഇതല്ലെന്നും പ്രവര്‍ത്തനം
മെച്ചപ്പെടുത്താന്‍ അഞ്ച് വര്‍ഷം സമയം അനുവദിക്കുന്നതിനൊപ്പം കടം എഴുതിത്തള്ളുകയും ചെയ്യണമെന്ന് സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എയര്‍ ഇന്ത്യയെ സ്വകാര്യവത്കരിക്കാനുള്ള നടപടി പുനഃപരിശോധിക്കണമെന്ന് ട്രാന്‍സ്‌പോര്‍ട്ട്, ടൂറിസം, സംസ്‌കാരം എന്നിവയുടെ പാര്‍ലമെന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു.

ഇന്ത്യയുടെ അഭിമായമായ എയര്‍ ഇന്ത്യയുടെ ഓഹരി വില്‍പ്പനയ്ക്ക് ബദല്‍ മാര്‍ഗ്ഗം കണ്ടെത്തണമെന്നും സമിതി ആവശ്യപ്പെട്ടു. ഇന്ത്യക്ക് അകത്തും പുറത്തും പ്രകൃതിക്ഷോഭങ്ങള്‍, രാഷ്ട്രീയവും സാമൂഹികവുമായ അസ്ഥിരത എന്നിവ ഉണ്ടാവുന്ന സാഹചര്യങ്ങളില്‍ എയര്‍ ഇന്ത്യ അവസരത്തിനനുസരിച്ച് പ്രവര്‍ത്തിക്കാറുണ്ടെന്ന് കമ്മിറ്റി നിരീക്ഷിച്ചു. എയര്‍ ഇന്ത്യയുടെ പ്രവര്‍ത്തനം ലാഭക്കണ്ണോടെ മാത്രം വിലയിരുത്തെരുതെന്നും കമ്മിറ്റി ആവശ്യപ്പെട്ടു.