ഒളിയമ്പുമായി ബല്‍റാം: മന്‍മോഹന്‍ സിങ് പാവങ്ങളുടെ യഥാര്‍ത്ഥ പടത്തലവന്‍

0
87

പാലക്കാട്: .എ.കെ.ജിക്കെതിരെ വിമര്‍ശനം ഉന്നയിച്ച് കുരുക്കിലായ തൃത്താല എം.എല്‍.എ വി.ടി ബല്‍റാം സി.പി.എമ്മിനെതിരെ വീണ്ടും രംഗത്ത്. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ അധിക്ഷേപിച്ച മന്ത്രിയെ സി.പി.എമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുകയാണെന്നും ഇത് സി.പി.എമ്മിന്റെ ജീര്‍ണ്ണതയാണ് തെളിയിക്കുന്നതെന്നും ബല്‍റാം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഇന്ത്യന്‍ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുന്‍പ്രധാനമന്ത്രിയെ ഹീന ഭാഷയില്‍ അധിക്ഷേപിച്ച മന്ത്രിക്ക് ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹന്‍ജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണതെന്നും ബല്‍റാം പറഞ്ഞു. ലോകത്തേറ്റവും കൂടുതല്‍ ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്ന് മിഡില്‍ ക്ലാസിലേക്കുയര്‍ത്തിയ ദീര്‍ഗ്ഘവീക്ഷണമുള്ള ഭരണാധികാരിയാണ്. ആ നിലക്ക് ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണെന്നു എ.കെ.ജിയെ പരോക്ഷമായി സൂചിപ്പിച്ച് ബല്‍റാം പറഞ്ഞു.

ബല്‍റാമിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

ഡോ. മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർണ്ണത തെളിയിക്കുന്നു. ഇന്ത്യൻ സാമ്പത്തിക വിപ്ലവത്തിന്റെ പതാകയേന്തി നാടിന്റെ വികസനത്തിനു വേണ്ടി പടപൊരുതിയ മഹാനായ മുൻപ്രധാനമന്ത്രിയെ ഹീന ഭാഷയിൽ അധിക്ഷേപിച്ച മന്ത്രിക്ക്‌ ഈ രാജ്യത്തിന്റെ ചരിത്രമോ മന്മോഹൻജിയുടെ ജീവിതമോ അറിയില്ലായിരിക്കാം. വകതിരിവില്ലായ്മയും വിവരക്കേടുമാണത്. ആ വകതിരിവില്ലായ്മയാണോ സിപിഎമ്മിന്റെയും സർക്കാരിന്റേയും മുഖമുദ്ര എന്ന് വിശദീകരിക്കേണ്ടത് ആപാർട്ടി/ഭരണ നേതൃത്വങ്ങളാണ്. ഡോ. മന്മോഹൻ സിംഗ്‌ ഈ നാടിന്റെ വിവേകമാണ്; ജന ഹൃദയങ്ങളിൽ സാമ്പത്തിക വിപ്ലവ പോരാളിയാണ്; ലോകത്തേറ്റവും കൂടുതൽ ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മിഡിൽ ക്ലാസിലേക്കുയർത്തിയ ദീർഗ്ഘവീക്ഷണമുള്ള ഭരണാധികാരിയാണ്‌. ആ നിലക്ക്‌ ആലങ്കാരികമായല്ല, പ്രായോഗികമായി പാവങ്ങളുടെ പടത്തലവനാണ്. ആ മഹദ് ജീവിതത്തിന്റെ യശസ്സിൽ ഒരു നുള്ള് മണൽ വീഴ്ത്തുന്നത് ഇന്ത്യയിലെ ഇടത്തരക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സാധാരണ ജനങ്ങളുടെയും ഹൃദയത്തിനേൽപ്പിക്കുന്ന പരിക്കാണ്. വിവരദോഷിയായ മന്ത്രിയ്ക്ക് അത് പറഞ്ഞു കൊടുക്കാൻ വിവേകമുള്ള നേതൃത്വം സിപിഎമ്മിനും സർക്കാരിനും ഇല്ല എന്നതാണ് ആ പാർട്ടിയുടെയും കേരള സംസ്ഥാനത്തിന്റേയും ദുരന്തം. ഉയർന്നു വന്നതും സിപിഎമ്മിനെപ്പേടിച്ച്‌ ഉയർന്നുവരാത്തതുമായ പ്രതികരണങ്ങൾ കണ്ടെങ്കിലും അത്തരം ബോധം വരാത്തതിൽ സഹതപിക്കുന്നു. അറിവില്ലായ്മയും ധിക്കാരവും കയ്യേറ്റഭൂമിക്കുവേണ്ടിയുള്ള ആർത്തിയും ഒരു ജനതയുടെ; ജനകോടികളുടെ ഹൃദയ വികാരത്തെ ആക്രമിച്ചു കൊണ്ടാവരുത് എന്ന് ഹർകിഷൻസിംഗ്‌ സുർജിത്തിനെയും ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയുടെ ചരിത്രത്തേയും മറന്ന നിർഗുണ സഖാക്കൾ ഓർക്കുന്നത് നന്ന്. ഡോ. മന്മോഹൻസിംഗിനെയും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തേയും മാത്രമല്ല ഈ നാടിന്റെ ആത്മാഭിമാനത്തെ തന്നെയാണ് മുറിവേൽപ്പിക്കുന്നതെന്ന് മനസ്സിലാക്കാനുള്ള ഔചിത്യം സിപിഎമ്മിനും കേരള സർക്കാരിനുമുണ്ടാകട്ടെ എന്നാശംസിക്കുന്നു.

ഡോ. മന്മോഹൻ സിംഗിനെ അവഹേളിച്ച മന്ത്രിയെ സിപിഎമ്മും മുഖ്യമന്ത്രിയും സംരക്ഷിക്കുന്നത് ആ പാർട്ടിയുടെയും സർക്കാരിന്റേയും ജീർ…

Posted by VT Balram on 7 ಜನವರಿ 2018