കലോത്സവം: വ്യാജ അപ്പീലുകളുമായി മത്സരാര്‍ത്ഥികള്‍; 10 അപ്പീലുകള്‍ പിടിച്ചെടുത്തു

0
47

തൃശ്ശൂര്‍: കലോത്സവത്തിന് വ്യാജ അപ്പീലുകളുമായി മത്സരാര്‍ത്ഥികള്‍. ബാലാവകാശ കമ്മീഷന്റെ പേരിലുള്ള വ്യാജ അപ്പീലുകളുമായാണ് മത്സരാര്‍ത്ഥികള്‍ എത്തിയിരിക്കുന്നത്. 10 അപ്പീലുകളാണ് ഇത്തരത്തില്‍ പിടിച്ചെടുത്തിരിക്കുന്നത്. നൂറിലേറെ വ്യാജ അപ്പീലുകള്‍ ഇറങ്ങിയിട്ടുണ്ടെന്ന് നിഗമനം. അപ്പീല്‍ ഉത്തരവില്‍ കമ്മീഷന്റെ വ്യാജ ഒപ്പും സീലുമാണുള്ളതെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ കെ വി മോഹന്‍ കുമാര്‍ പറഞ്ഞു.

ഗ്രൂപ്പ് ഡാന്‍സ് ,വട്ടപ്പാട്ട് ,തുടങ്ങിയ ഗ്രൂപ്പ് ഇനങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികളാണ് വ്യാജ അപ്പീലുകളുമായി എത്തിയിരിക്കുന്നതെന്നാണ് ഡിപിഐ പറയുന്നത്. എറണാകുളം,കോഴിക്കോട് എന്നിങ്ങനെ നാല് ജില്ലകളില്‍ നിന്നുള്ളവരാണ് ഇവര്‍. അപ്പീലുകളില്‍ ഇട്ടിരിക്കുന്ന ഒപ്പും സീലും വ്യാജമാണ്. ഒപ്പിട്ടിരിക്കുന്ന രജിസ്ട്രാറും മെമ്പര്‍മാരും ഇപ്പോള്‍ ആ തസ്തികകളിലുള്ളവരല്ലെന്നും ഡിപിഐ പറഞ്ഞു. വ്യാജ അപ്പീലുകളുമായി കലോത്സവത്തില്‍ എത്തുന്നവര്‍ക്കെതിരെയും അപ്പീലുകള്‍ നിര്‍മ്മിച്ച് നല്‍കുന്നവര്‍ക്കെതിരെയും ക്രിമിനല്‍ നടപടി സ്വീകരിക്കുമെന്ന് ഡിപിഐ അറിയിച്ചു.
കഴിഞ്ഞ ദിവസം ലോകായുക്തയുടെ അപ്പീലുമായി സംസ്ഥാന കലോത്സവത്തില്‍ വിദ്യാര്‍ത്ഥികള്‍ പങ്കെടുക്കുന്നത് തടഞ്ഞുകൊണ്ട് ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. ലോകായുക്തയുടെ അധികാര പരിധി ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സ്റ്റേ. മുന്‍ വര്‍ഷങ്ങളില്‍ ജില്ലാതല കലോത്സവങ്ങളിലെ വിധി നിര്‍ണ്ണയം ചോദ്യം ചെയ്ത് നിരവധി വിദ്യാര്‍ത്ഥികള്‍ ലോകായുക്തയെ സമീപിക്കാറുണ്ടായിരുന്നു. ഈ വിധി വന്ന സാഹചര്യത്തിലായിരിക്കാം ഇപ്പോള്‍ വ്യാജ അപ്പീലുകള്‍ സംസ്ഥാന  കലോത്സവത്തിന്റെ നിറം കെടുത്തുന്നത്.