കിമ്മുമായുള്ള സംഭാഷണത്തിന് സമ്മതമറിയിച്ച് ട്രംപ്‌

0
62

ക്യാംപ് ഡേവിഡ്(യുഎസ്എ): ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്നുമായി ഫോണിലൂടെ സൗഹൃദ സംഭാഷണത്തിനു പരിപൂര്‍ണ സമ്മതം അറിയിച്ച് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അതോടൊപ്പം, ഇരു കൊറിയകളും തമ്മില്‍ നടത്തുന്ന ചര്‍ച്ചയില്‍ പുരോഗമനപരമായ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. മേരിലാന്‍ഡിലെ ക്യാംപ് ഡേവിഡില്‍ പ്രസിഡന്‍ഷ്യല്‍ റിട്രീറ്റില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടി പറയുകയായിരുന്നു ട്രംപ്.

രണ്ടു വര്‍ഷമായി ദക്ഷിണ കൊറിയയുമായി മുടങ്ങിക്കിടന്ന ചര്‍ച്ച അടുത്തയാഴ്ച പുനരാരംഭിക്കാമെന്ന് ഉത്തര കൊറിയ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ വാഷിങ്ടനും സോളും സംയുക്തമായി നടത്തിയിരുന്ന സൈനികാഭ്യാസം നിര്‍ത്തിവെച്ചു. ഈ പശ്ചാത്തലത്തില്‍ ട്രംപിന്റെ പ്രസ്താവനയെ പ്രതീക്ഷയോടെയാണ് ഈ രംഗത്തെ വിദഗ്ധര്‍ കാണുന്നത്. കിമ്മുമായി സംസാരിക്കാന്‍ തയ്യാറായ ട്രംപ്, അതിന്‌ നിബന്ധനകള്‍ പാടില്ലെന്നും അറിയിച്ചു.

അധികാരത്തിലേറിയത് മുതല്‍ പരസ്പരം ആക്രമിക്കുന്ന തീപ്പൊരി പ്രസ്താവനകളാണ് ഇരു നേതാക്കന്മാരും നടത്തിയത്. റോക്കറ്റ് മാനെന്ന് വിളിച്ച് കിമ്മിനെ പലതവണ ട്രംപ് അധിക്ഷേപിച്ചിരുന്നു. കഴിഞ്ഞയാഴ്ച, ഉത്തര കൊറിയയുടെ അണ്വായുധ മിസൈലിന്റെ ബട്ടന്‍ തന്റെ മേശപ്പുറത്തുണ്ടെന്നു പറഞ്ഞ കിമ്മിനു മറുപടിയായി, അതിലും വലിയ അണ്വായുധമാണ് തങ്ങളുടെ പക്കലുള്ളതെന്നും അതിന്റെ ബട്ടന്‍ തന്റെ മേശപ്പുറത്തുണ്ടെന്നും ട്രംപ് തിരിച്ചടിച്ചിരുന്നു.