ഗള്‍ഫില്‍ ഷവര്‍മ വില്‍പന കേന്ദ്രങ്ങള്‍ ഏകീകൃത സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കണം

0
69

ദുബായ്: ഗള്‍ഫ് മേഖലകളില്‍ ഏറ്റവും പ്രിയപ്പെട്ട ഭക്ഷണമാണ് ഷവര്‍മ. ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന ഷവര്‍മ പാചകം ചെയ്യാനും വില്‍ക്കാനും ഇനി മുതല്‍ ഏകീകൃത മാനദണ്ഡങ്ങള്‍ പാലിക്കണം. മുഴുവന്‍ എമിറേറ്റിലെയും ഷവര്‍മ സ്ഥാപനങ്ങള്‍ ഈ മാനദണ്ഡങ്ങള്‍ പാലിച്ചാണ് പ്രവര്‍ത്തിക്കേണ്ടത്.
എമിറേറ്റ്സ് അതോറിറ്റി ഫോര്‍ സ്റ്റാന്‍ഡഡൈസേഷന്‍ ആന്റ് മെട്രോളജി അഥവാ എസ്മയാണ് രാജ്യത്തെ ഷവര്‍മ വില്‍പന കേന്ദ്രങ്ങള്‍ക്ക് പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ നിശ്ചയിച്ചത്. ഷവര്‍മ നിര്‍മാണത്തിന്റെയും വില്‍പനയുടെയും എല്ലാ ഘട്ടങ്ങളിലും എസ്മയുടെ മാനദണ്ഡങ്ങള്‍ പാലിച്ചിരിക്കണമെന്നാണ് നിര്‍ദേശം. ഷവര്‍മ നിര്‍മാണത്തിന് ഇറച്ചി തെരഞ്ഞെടുക്കുന്നത് മുതല്‍ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍, സൂക്ഷിപ്പ്, പാക്കിങ്, വിതരണം എന്നിവയില്‍ വരെ പുതിയ മാനദണ്ഡങ്ങളുണ്ടാകുമെന്ന് എസ്മ ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അല്‍ മുഐനി അറിയിച്ചു. ജിഎസ്ഒ സ്റ്റാന്‍ഡേര്‍ഡ് പ്രകാരം ഹലാല്‍ രീതിയില്‍ അറവ് ശാലയില്‍ അറുത്ത ഇറച്ചി മാത്രമേ ഷവര്‍മ നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടുള്ളു.

ശരീ അത്ത് നിയമം അനുവദിക്കാത്ത ഒരു ഘടകവും നിര്‍മാണത്തിന് ഉപയോഗിക്കാന്‍ പാടില്ല. കടയുടെ പരിധിക്ക് പുറത്ത് ഷവര്‍മ നിര്‍മിച്ച് കടയിലെത്തിച്ച് വില്‍പന നടത്താന്‍ അനുവദിക്കില്ല. ജോലിക്കാരെല്ലാം ആരോഗ്യസര്‍ട്ടിഫിക്കറ്റുള്ളവരായിരിക്കണം. ജീവനക്കാര്‍ക്ക് പകര്‍ച്ചാവ്യാധികള്‍, ശ്വാസകോശരോഗങ്ങള്‍, മുറിവുകള്‍, പഴുപ്പുകള്‍ എന്നിവയുണ്ടാകാന്‍ പാടില്ല. പുകവലിയടക്കം അനാരോഗ്യകരമായ ദുശീലങ്ങളും ജീവനക്കാര്‍ക്ക് പാടില്ല. നേരത്തേ ദുബായ് അടക്കം വിവിധ എമിറേറ്റുകളില്‍ ഇത്തരം സുരക്ഷാമാനദണ്ഡങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇപ്പോള്‍ രാജ്യമൊട്ടാകെ മാനദണ്ഡങ്ങള്‍ ഏകീകരിക്കുകയാണ് എസ്മ.