നടന്‍ ഉണ്ണി മുകുന്ദന്‍ പീഡനത്തിന് ശ്രമിച്ചെന്ന കേസില്‍ പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടു

0
79

നടന്‍ ഉണ്ണി മുകുന്ദന്‍ ലൈംഗിക പീഡനത്തിന് ശ്രമിച്ചെന്ന കേസില്‍ പരാതിക്കാരി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയെ സമീപിച്ചു. കേസിലെ ഇരയുടെ പേരും ചിത്രങ്ങളും പരസ്യപ്പെടുത്തി പ്രതി വ്യക്തിപരമായി തേജോവധം ചെയ്യുകയാണെന്നും അഭിഭാഷകന്‍ ആരോപിച്ചു.

ഭീഷണിയുള്ളതിനാലാണ് കോടതിയിലെത്താന്‍ പരാതിക്കാരിക്ക് കഴിയാത്തതെന്നും പൊലീസ് സംരക്ഷണം അനുവദിക്കണമെന്നും അഭിഭാഷകന്‍ ആവശ്യപ്പെട്ടു. എന്നാല്‍, പൊലീസ് സംരക്ഷണം എല്ലാ പരാതിക്കാര്‍ക്കും നല്‍കുക പ്രായോഗികമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.

കേസില്‍ ഉണ്ണി മുകുന്ദന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജിയുടെ വാദത്തിനിടയിലാണ് യുവതി പൊലീസ് സംരക്ഷണം ആവശ്യപ്പെട്ടത്. അതേസമയം പൊലീസ് സംരക്ഷണം ആവശ്യപ്പെടുന്നതിന്റെ കാരണങ്ങള്‍ ബോധിപ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കി. 27ന് കേസ് വീണ്ടും പരിഗണിക്കുമ്പോള്‍ പരാതിക്കാരി നേരിട്ട് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

യുവതിയുടെ വിവരങ്ങള്‍ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്ന പരാതിയില്‍ ഉണ്ണി മുകുന്ദനും മറ്റു രണ്ടു പേര്‍ക്കുമെതിരെ പൊലീസ് കേസെടുത്തു. യുവതിയുടെ പിതാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്.

തനിക്കെതിരായ പീഡനക്കേസ് കെട്ടിച്ചമച്ചതാണെന്നാണ് ഉണ്ണി മുകുന്ദന്‍ കോടതിയെ അറിയിച്ചത്. കള്ളക്കേസില്‍ കുടുക്കി തന്നെ തേജോവധം ചെയ്യാനും പണം തട്ടാനുമാണ് പരാതിക്കാരിയുടെ ശ്രമമെന്ന് ഉണ്ണി മുകുന്ദന്‍ വാദിച്ചു.