നോട്ട് നിരോധനം കാരണം ഉണ്ടായ നഷ്ടത്തില്‍ മനംനൊന്ത് ബിജെപി ഓഫീസിലെത്തി വ്യവസായിയുടെ ആത്മഹത്യാശ്രമം

0
59

ഡെറാഡൂണ്‍: നോട്ട് നിരോധനത്തില്‍ ഉണ്ടായ നഷ്ടത്തില്‍ മനംനൊന്ത് വ്യവസായിയുടെ ആത്മഹത്യാശ്രമം. ബിജെപി ഓഫീസിലെത്തിയായിരുന്നു പ്രകാശ് പാണ്ഡെയെന്ന വ്യവസായിയുടെ ആത്മഹത്യാശ്രമം. ഉത്തരാഖണ്ഡ് കൃഷിമന്ത്രി സുബോധ് ഉനിയാലിന്റെ ഡെറാഡൂണിലെ ഓഫിസിലെത്തിയാണ് ഇദ്ദേഹം വിഷം കഴിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചത്. കുഴഞ്ഞുവീണയുടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഇയാളുടെ നില അതീവ ഗുരുതരമാണെന്നും നിരീക്ഷണത്തിലാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.

കാത്‌ഗോഡാമിലെ നയ് കോളനി നിവാസിയായ ഇയാളുടെ ബിസിനസ് മേഖല ചരക്കുഗതാഗതമായിരുന്നു. 2016ലെ നോട്ട് നിരോധനത്തെത്തുടര്‍ന്നുണ്ടായ കച്ചവടത്തില്‍ ഇടിവു നേരിട്ടെന്ന് പറഞ്ഞാണ് ഇത്തരമൊരു കൃത്യത്തിനു മുതിര്‍ന്നതെന്ന് മന്ത്രി അറിയിച്ചു.

എടുത്ത ലോണുകള്‍ തിരിച്ചടയ്ക്കാന്‍ നിര്‍വാഹമില്ലെന്നും ഇത് ചൂണ്ടിക്കാട്ടി കത്തയച്ചിരുന്നതായും ഇയാള്‍ ബിജെപി ഓഫിസിലെത്തിയപ്പോള്‍ അറിയിച്ചു. പ്രധാനമന്ത്രിക്കും ധനമന്ത്രിക്കും ബിജെപി അധ്യക്ഷനുമാണു കത്തയച്ചത്. ലോണുകള്‍ എഴുതിത്തള്ളണമെന്ന് ഇവരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ സാധിച്ചു തന്നില്ലെന്നും കൂട്ടിച്ചേര്‍ത്തു.

തന്റെ കഥ പറഞ്ഞുകൊണ്ടിരിക്കെയാണ് ഇയാള്‍ താഴെ വീണത്. ഉടന്‍ തന്നെ മന്ത്രിയുടെ കാറില്‍ ഇയാളെ ആശുപത്രിയിലെത്തിച്ച് ഐസിയുവില്‍ പ്രവേശിപ്പിച്ചു. പാര്‍ട്ടി ഓഫിസില്‍ എത്തുന്നതിനു മുന്‍പു തന്നെ ഇയാള്‍ വിഷം കഴിച്ചിരുന്നുവെന്നു കരുതുന്നതായി മന്ത്രി അറിയിച്ചു.