ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ആന്റ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ ബാങ്കിങ്ങ് മേഖലയില്‍ കടുത്ത അരാജകത്വം സൃഷ്ടിക്കുമെന്ന് വര്‍ഗീസ് ജോര്‍ജ്

0
72

എം.മനോജ് കുമാര്‍

തിരുവനന്തപുരം: ഫിനാന്‍ഷ്യല്‍ റിസര്‍ച്ച്  ആന്റ്  ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ ബാങ്കിങ്ങ് മേഖലയില്‍ കടുത്ത അരാജകത്വം സൃഷ്ടിക്കുമെന്ന് ജനതാദള്‍ യുണൈറ്റഡ് (ശരദ് യാദവ്) വിഭാഗം ദേശീയ ജനറല്‍ സെക്രട്ടറി ഡോ.വര്‍ഗീസ് ജോര്‍ജ് 24 കേരളയോട് പറഞ്ഞു.

പൊതുമേഖലാ ബാങ്കുകള്‍ തകര്‍ക്കാനുള്ള ഒരു കള്ളക്കളി ബില്‍ അവതരിപ്പിക്കുന്നതിന് പിന്നില്‍ നടക്കുന്നുണ്ട്. പൊതുമേഖലാ ബാങ്കുകളില്‍ നിക്ഷേപം നടത്തിയിരിക്കുന്ന സാധാരണ ജനങ്ങളെ ആശങ്കാകുലരാക്കുന്ന ഒരു നീക്കമാണ് ബില്‍ വഴി കേന്ദ്രസര്‍ക്കാര്‍ നടത്താന്‍ പോകുന്നത്.

ബാങ്കുകളിലെ നിക്ഷേപത്തിന് ഒരു ഗ്യാരണ്ടിയും ഇല്ലെന്ന് പൊതുജനങ്ങളെ ബോധ്യപ്പെടുത്തുന്ന ഒരു ബില്ലാണിത്. ബില്‍ നിയമമായാല്‍ പൊതുമേഖലാ ബാങ്കുകളും സ്വകാര്യ ബാങ്കുകളും തമ്മില്‍ ഒരു വ്യത്യാസവുമില്ലന്ന അവസ്ഥ വരും.  ബാങ്കുകള്‍ തകര്‍ന്നാല്‍ നിക്ഷേപകരുടെ നിക്ഷേപം എന്നെന്നേക്കുമായി നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകും. പൊതുമേഖലയും സ്വകാര്യ മേഖലയും തമ്മില്‍  വ്യത്യാസമില്ലെന്ന് വന്നാല്‍ പൊതുമേഖലാ ബാങ്കുകളിലെ നിക്ഷേപം സ്വകാര്യ ബാങ്കുകളിലേക്ക് പ്രവഹിക്കുന്ന അവസ്ഥ വരും. അങ്ങിനെയൊരു ലക്ഷ്യം കൂടി ഈ ബില്ലിന് പിന്നിലുണ്ടെന്ന് വര്‍ഗീസ് ജോര്‍ജ് ചൂണ്ടിക്കാട്ടുന്നു.

ഒരു ബാങ്ക് തകര്‍ന്നാല്‍ മറ്റു ബാങ്കുകളിലെ നിക്ഷേപകരുടെ പണമെടുത്ത് തകര്‍ന്ന ബാങ്കിലെ നിക്ഷേപകര്‍ക്ക് നഷ്ടപരിഹാരം നല്‍കാനുള്ള നിയമപരമായ അവകാശം കൂടി സര്‍ക്കാരിന് കൈവരും. കോര്‍പ്പറേറ്റ് കമ്പനികള്‍ ഇപ്പോള്‍ സര്‍ക്കാരിന് വരുത്തിവെച്ചിരിക്കുന്ന ലക്ഷം കോടിയുടെ കിട്ടാക്കടം പിരിക്കാന്‍ നടപടി സ്വീകരിക്കാതെയാണ് പൊതുജനങ്ങളുടെ നിക്ഷേപമെടുത്ത് ബാങ്കുകള്‍ വരുത്തിവെയ്ക്കുന്ന നഷ്ടത്തിന് പകരം നല്‍കാന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നത്.

2008-ല്‍ സാമ്പത്തിക പ്രതിസന്ധി കാരണം അമേരിക്കയിലെയും യൂറോപ്പിലെയും ബാങ്കുകള്‍ തകര്‍ന്നപ്പോള്‍ ഇന്ത്യന്‍ ബാങ്കുകള്‍ക്ക് ഒരു കോട്ടവും സംഭവിച്ചില്ല. അത്രയും സുരക്ഷിതമായ ഇന്ത്യന്‍ ബാങ്കിംഗ് രീതി തകര്‍ക്കാനാണ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് ആന്റ് ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് ബില്‍ വഴി കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്.

ഈ ബില്ലിനെതിരെ ജനതാദള്‍ യുണൈറ്റഡ് (ശരദ് യാദവ്) വിഭാഗം ശക്തമായി രംഗത്ത് വരുമെന്നും വര്‍ഗീസ് ജോര്‍ജ് പറഞ്ഞു.