ബല്‍റാമിനോട് ഉറക്കെ ഒരു ‘ഒഎംകെവി’

0
766


കെ.ശ്രീജിത്ത്

കോണ്‍ഗ്രസിന്റെ യുവനേതാവ് വി.ടി.ബല്‍റാം എം.എല്‍.എ ആണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. ഇന്ത്യയിലെ എക്കാലത്തെയും മഹാനായ കമ്യൂണിസ്റ്റ് നേതാവ് എ.കെ.ഗോപാലന്‍ ഒരു ബാലപീഡകനാണെന്ന് ബല്‍റാം ഫെയ്‌സ്ബുക്കില്‍ ആരോപിച്ചതാണ് ഇതിന് ആധാരം. ഈ ആരോപണത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്നപ്പോള്‍ ബല്‍റാം വീണ്ടും പ്രത്യക്ഷപ്പെട്ടു. അത് ഖേദം പ്രകടിപ്പിക്കാനോ മാപ്പ് പറയാനോ അല്ല, പകരം താന്‍ പറഞ്ഞത് ശരിയാണെന്ന് സ്ഥാപിച്ചെടുക്കാനായി എ.കെ.ജിയുടെ ആത്മകഥ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ട്. ‘വീണിടത്ത് കിടന്ന് ഉരുളുക’ എന്നൊരു പ്രയോഗമുണ്ട് മലയാളത്തില്‍. ബല്‍റാം ഇപ്പോള്‍ ചെയ്യുന്നത് അതാണ്.

എകെജിയുടെ ആത്മകഥ, 2001ല്‍ ദ ഹിന്ദു ദിനപത്രത്തില്‍ വന്ന ഒരു റിപ്പോര്‍ട്ട് എന്നിവയാണ് ബല്‍റാം തന്റെ ആരോപണങ്ങള്‍ക്ക് ആധാരമാക്കുന്നത്. ‘പറയേണ്ടത് പറഞ്ഞിട്ടേ പോകുന്നുള്ളൂ’ എന്ന ഹാഷ് ടാഗില്‍ ആരോപണത്തെ ന്യായീകരിച്ചുകൊണ്ട് ബല്‍റാം ഇങ്ങിനെ എഴുതുന്നു…

‘ആദ്യത്തേത് ‘പോരാട്ടകാലങ്ങളിലെ പ്രണയം’ എന്ന തലക്കെട്ടോടുകൂടി ദ് ഹിന്ദു ദിനപത്രം 2001 ഡിസബര്‍ 20ന് പ്രസിദ്ധീകരിച്ച വാര്‍ത്ത. ‘ഒരു ദശാബ്ദത്തോളം നീണ്ടുനിന്ന പ്രണയത്തിനൊടുവിലാണ്’ എകെ ഗോപാലന്‍ എന്ന മധ്യവയസ്‌കനായ വിപ്ലവകാരി സുശീലയെ വിവാഹം കഴിച്ചതെന്ന് ആ വാര്‍ത്തയില്‍ ഹിന്ദു ലേഖകന്‍ കൃത്യമായി പറയുന്നു. നമുക്കറിയാവുന്ന ചരിത്രമനുസരിച്ചാണെങ്കില്‍ വിവാഹസമയത്ത് സുശീലയുടെ പ്രായം 22 വയസ്സ്. ആ നിലക്ക് പത്ത് വര്‍ഷത്തോളം നീണ്ട പ്രണയാരംഭത്തില്‍ അവര്‍ക്ക് എത്ര വയസ്സുണ്ടായിരിക്കുമെന്ന് കണക്കുകൂട്ടാവുന്നള്ളൂ. 1940കളുടെ തുടക്കത്തില്‍ സുശീലയുടെ വീട്ടില്‍ എകെജി ഒളിവില്‍ കഴിഞ്ഞപ്പോഴാണ് അവര്‍ ആദ്യം കാണുന്നതെന്നും അടുപ്പമുണ്ടാക്കിയതെന്നും വാര്‍ത്തയില്‍ പറയുന്നു. 1929 ഡിസംബറില്‍ ജനിച്ച സുശീലക്ക് 1940ന്റെ തുടക്കത്തില്‍ പത്തോ പതിനൊന്നോ വയസ്സേ ഉണ്ടാകുകയുള്ളൂ എന്നും വ്യക്തം.

രണ്ടാമത്തെയും മൂന്നാമത്തേയും ചിത്രങ്ങള്‍ സാക്ഷാല്‍ എകെ ഗോപാലന്റെ ആത്മകഥയില്‍ നിന്ന്. ഒളിവില്‍ കഴിയുന്ന കാലത്ത് അഭയം നല്‍കിയ വീട്ടിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയിരുന്ന കുസൃതിക്കുട്ടിയുമായുള്ള സഹവാസവും ആ കൊച്ചുകുട്ടിയെ ജീവിതത്തിലേക്ക് ക്ഷണിക്കുന്ന കാര്യത്തില്‍ ആദ്യം തോന്നിയ കുറ്റബോധവും പിന്നെ അതിനെ മറികടന്നതുമൊക്കെ എകെജിയുടെ തന്നെ വാക്കുകളില്‍ സ്പഷ്ടമായി വിരിഞ്ഞുവരുന്നുണ്ട്. ഒളിവുജീവിതത്തിനുശേഷം പിടിക്കപ്പെട്ട് അദ്ദേഹം ജയിലില്‍ കഴിയുന്ന കാലത്ത് പുറത്ത് പ്രണയാര്‍ദ്രമായ മനസ്സുമായി കാത്തിരുന്ന സുശീലയെക്കുറിച്ചും അദ്ദേഹം തന്നെ മനസ്സുതുറക്കുന്നു. ജയിലില്‍ നിന്ന് പുറത്തുകടന്നാലുടന്‍ വിവാഹിതരാകാന്‍ അവര്‍ തീരുമാനിക്കുന്നു. അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു. പ്രസ്ഥാനത്തോടും അതിന്റെ അതികായനായ നേതാവിനോടും ഒരു കൊച്ചുകുട്ടിക്ക് തോന്നുന്ന ആരാധനയും തിരിച്ച് നേതാവിന് മൈനറായ കുട്ടിയോട് തോന്നുന്ന ‘മമത’യും ആത്മകഥയില്‍നിന്ന് നമുക്ക് വായിച്ചെടുക്കാം.

എകെജി പലര്‍ക്കും വിഗ്രഹമായിരിക്കാം. അദ്ദേഹത്തിന്റെ പൊതുപ്രവര്‍ത്തനത്തേയും പാര്‍ലമെന്ററി പ്രവര്‍ത്തനത്തേയും കുറിച്ച് ഏവര്‍ക്കും മതിപ്പുമുണ്ട്. എന്നുവെച്ച് അദ്ദേഹത്തിന്റെ വ്യക്തിജീവിതത്തേക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍ ആരും ആവര്‍ത്തിക്കരുത് എന്ന് ഭക്തന്മാര്‍ വാശിപിടിച്ചാല്‍ അത് എപ്പോഴും നടന്നു എന്ന് വരില്ല. മുന്‍പൊരിക്കല്‍ അഭിപ്രായം പറഞ്ഞ എഴുത്തുകാരന്‍ സക്കറിയയെ കായികമായി ആക്രമിച്ച് നിശബ്ദനാക്കിയെന്ന് വച്ച് അത്തരം അസഹിഷ്ണുത എപ്പോഴും വിജയിക്കില്ല’

ബോധപൂര്‍വം വസ്തുതകളെ വളച്ചൊടിച്ച് തന്റെ വാദങ്ങളെ ന്യായീകരിക്കാന്‍ ബല്‍റാം ചെയ്യുന്ന കോപ്രായങ്ങള്‍ എന്തായാലും അംഗീകരിക്കാന്‍ വയ്യ. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ‘അങ്ങനെ ജയില്‍മോചിതനായ ശേഷം ആദ്യഭാര്യ ജീവിച്ചിരിക്കേത്തന്നെ എകെജിയുടെ രണ്ടാം വിവാഹം സുശീലയുമായി നടക്കുകയും ചെയ്യുന്നു’ എന്ന ബല്‍റാമിന്റെ വാചകങ്ങള്‍. ആദ്യഭാര്യയുമായി വിവാഹമോചനം നടന്ന് അവര്‍ മറ്റൊരു വിവാഹം കഴിച്ചിരുന്നു എന്ന യാഥാര്‍ത്ഥ്യം ബല്‍റാം ബോധപൂര്‍വം മറച്ചുവെയ്ക്കുന്നു. ഇക്കാര്യം തന്റെ ആത്മകഥയില്‍ എ.കെ.ജി വ്യക്തമാക്കുന്നുണ്ട്. എന്നാല്‍ ബല്‍റാം ഇത് കണ്ടില്ലെന്ന് നടിക്കുന്നു. എന്നിട്ട് ബോധപൂര്‍വം വ്യക്തിഹത്യ നടത്തുന്നു. വിവാഹമോചിതനായ ഒരാള്‍ തന്റെ ആദ്യഭാര്യ ജീവിച്ചിരിക്കെ മറ്റൊരു വിവാഹം കഴിക്കാന്‍ പാടില്ലെന്നാണെങ്കില്‍ ഇവിടെ വിവാഹമോചിതരായ ആരും തന്നെ രണ്ടാമത് വിവാഹം കഴിക്കാന്‍ പാടില്ലല്ലോ?

തന്റെ മധ്യവര്‍ഗ സദാചാര ബോധം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ കേരളം പോലൊരു സമൂഹം അത് പൊറുക്കില്ലെന്ന് ബല്‍റാം മറക്കരുത്. ഒരാള്‍ ആരെ പ്രണയിക്കണമെന്നും ആരുടെ കൂടെ ജീവിക്കണമെന്നതും അയാളുടെ വ്യക്തിപരമായ കാര്യമാണ്. എ.കെ.ജിയെ പ്രണയിക്കണമോ വിവാഹം കഴിക്കണമോ എന്നൊക്കെ തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം സുശീലാ ഗോപാലനുണ്ട്. എത്ര വയസില്‍ പ്രണയിക്കണം, എത്ര വയസുള്ള ആളെ പ്രണയിക്കണം എന്നൊക്കെ വ്യക്തിപരമായ തീരുമാനങ്ങളാണ്. അല്ലാതെ അതിന് ബല്‍റാമിനെപ്പോലുള്ള കപട സദാചാരവാദികളുടെ സമ്മതത്തിന്റെ ആവശ്യം സമൂഹത്തില്‍ ആര്‍ക്കുമില്ല.

ഒരു പെണ്‍കുട്ടി പന്ത്രണ്ടാം വയസില്‍ പ്രണയിച്ചാല്‍ അത് ബാലപീഡനത്തിന്റെ പരിധിയില്‍ വരുമെന്ന് ബല്‍റാമിനോട് ആരാണ് പറഞ്ഞത്? ഇതൊരു മനോരാഗമാണ്. സ്വന്തം അച്ഛനെ തല്ലിയിട്ടായാലും പ്രശസ്തനാവുക എന്ന മനോരോഗം. ബല്‍റാമിനെ ഇത് പിടികൂടിയിട്ട് കാലം കുറേയായി. എ.കെ.ജിയെപ്പോലെ മനുഷ്യസ്‌നേഹിയായ, ലോകം ആദരിക്കുന്ന ഒരു മനുഷ്യനെ അതിന് തിരഞ്ഞെടുക്കുമ്പോള്‍ തന്നെ പൊതുസമൂഹത്തിന് ആ രോഗം മനസിലാകും. മാത്രമല്ല എ.കെ.ജിയെ ആക്ഷേപിക്കുന്നതിലൂടെ ബല്‍റാമിന്റെ ഉള്ളിലെ സ്ത്രീവിരുദ്ധത കൂടിയാണ് പുറത്തുവന്നിരിക്കുന്നത്. അതുകൊണ്ടാണ് സുശീലയുടെ പ്രണയത്തോട് ബല്‍റാമിന് ഇത്ര പുച്ഛം.

പിന്നെ, മനുഷ്യന്റെ വിഷമങ്ങളില്‍ വേദനിക്കുന്ന, ആകുലപ്പെടുന്ന, അവനോട് ചേര്‍ന്നുനില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഓരോരുത്തരും എ.കെ.ജിയെ സ്‌നേഹിക്കുന്നു. ബല്‍റാമിന്റെ ഭാഷയില്‍ അതാണല്ലോ ‘ഭക്തി’. അരികുചേര്‍ക്കപ്പെട്ടവനെ ചേര്‍ത്തുപിടിക്കുന്നവരെ സ്‌നേഹിക്കുന്നത് ഭക്തിയാണെങ്കില്‍, അങ്ങിനെ ചെയ്യുന്നവര്‍ ഭക്തരാണെങ്കില്‍ കേരള സമൂഹത്തിലെ ഭൂരിപക്ഷവും അതില്‍ അഭിമാനിക്കുന്നവരായിരിക്കും. അതില്‍ അസൂയപ്പെട്ടിട്ട് കാര്യമില്ല ബല്‍റാം. താങ്കള്‍ക്ക് അത്രയും ഉയരത്തിലെത്താന്‍ എന്തായാലും കഴിയില്ലെന്ന് താങ്കളുടെ ചെയ്തികളില്‍ നിന്നുതന്നെ വ്യക്തമാണ്.

‘എ.കെ.ജിയുടെ വ്യക്തിജീവിതത്തെക്കുറിച്ച് പബ്ലിക് ഡൊമൈനില്‍ ലഭ്യമായ വിവരങ്ങള്‍’ എന്നാണ് ബല്‍റാം പോസ്റ്റില്‍ പറയുന്നത്. ഞാനൊരു ബാലപീഡകനായിരുന്നു, പന്ത്രണ്ട് വയസുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ട് എന്ന് എ.കെ.ജി ആത്മകഥയില്‍ പറയുന്നുണ്ട് എന്നാണോ ‘പബ്ലിക് ഡൊമൈന്‍’ എന്ന പ്രയോഗം കൊണ്ട് ബല്‍റാം ഉദ്ദേശിക്കുന്നത്? അദ്ദേഹം പറയുന്ന വാദങ്ങള്‍ക്ക് ആധാരം ആത്മകഥ എന്ന പബ്ലിക് ഡൊമൈനാണോ? അതില്‍ എവിടെയാണ് എ.കെ.ജി സുശീലാ ഗോപാലനെ പീഡിപ്പിച്ചു എന്ന് പറഞ്ഞിട്ടുള്ളത് എന്ന് ദയവായി ബല്‍റാം ഒന്ന് വിശദീകരിക്കുക. അതല്ലെങ്കില്‍ പാര്‍വതി ജൂഡ് ആന്റണിയോട് പറഞ്ഞത് മാത്രമെ കേരള സമൂഹത്തിന് ബല്‍റാമിനോട് പറയാനുള്ളൂ. ഉറക്കെ ഒരു ‘ഒഎംകെവി’