ബോണക്കാട് സംഘര്‍ഷത്തില്‍ സര്‍ക്കാരിനെ വിമര്‍ശിച്ച് നെയ്യാറ്റിന്‍കര രൂപതയുടെ ഇടയലേഖനം; വിശ്വാസികളോട് സഹനസമരത്തിന് ഒരുങ്ങാന്‍ ആഹ്വാനം

0
50

തിരുവനന്തപുരം: ബോണക്കാട് കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി നെയ്യാറ്റിന്‍കര ലത്തീന്‍ രൂപതയുടെ ഇടയലേഖനം. സര്‍ക്കാര്‍ വര്‍ഗീയ ശക്തികള്‍ക്കു കുടപിടിക്കുകയാണെന്ന് ഇടയലേഖനം വിമര്‍ശിക്കുന്നു. വിശ്വാസികളോട് സഹനസമരത്തിന് ഒരുങ്ങാന്‍ ഇടയലേഖനം ആഹ്വാനം ചെയ്യുന്നു. രൂപതയുടെ കീഴിലുള്ള പള്ളികളില്‍ ഇടയലേഖനം വായിച്ചു.

വിശ്വാസികള്‍ക്ക് നേരെ പൊലീസ് നരനായാട്ട് നടത്തി. വര്‍ഗീയശക്തികള്‍ക്കു കുടപിടിക്കുന്ന സമീപനമാണ് സര്‍ക്കാരിന്റേത്. വിഷയത്തില്‍ സര്‍ക്കാര്‍ മൗനം വെടിയണം. വിഷയത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നും ഇടയലേഖനത്തില്‍ പറയുന്നു.


അതേസമയം, കുരിശുമലയിലെ കുരിശ് തകര്‍ത്ത സംഭവത്തിലും കഴിഞ്ഞ ദിവസത്തെ പൊലീസ് നടപടിയിലും സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കാനാണ് രൂപതയുടെ തീരുമാനം. വിശ്വാസികള്‍ക്കെതിരായ പൊലീസ് നടപടിയില്‍ പ്രതിഷേധിച്ച് ജനുവരി ഒന്‍പതിന് ആര്‍ച് ബിഷപ് സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റ് മാര്‍ച്ചും ഉപവാസസമരവും സംഘടിപ്പിക്കും. ശനിയാഴ്ച രൂപതയുടെ നേതൃത്വത്തില്‍ പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു.

ആര്‍ച് ബിഷപ് സൂസെപാക്യം കഴിഞ്ഞ ദിവസം പൊലീസ് നടപടിയെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. കുരിശുമലയില്‍ കുരിശ് സ്ഥാപിക്കുന്നതില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. പ്രശ്നങ്ങള്‍ സമാധനപരമായി പരിഹരിക്കാനാണ് സഭാ നേതൃത്വം ആഗ്രഹിക്കുന്നത്. ഇതിനായി മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്നും സൂസെപാക്യം കൂട്ടിച്ചേര്‍ത്തു. കുരിശ് തകര്‍ത്തതിന് പിന്നില്‍ സാമുഹ്യവിരുദ്ധരാണ്. ഉത്തരവാദിത്വപ്പെട്ടവര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. മിന്നലേറ്റാണ് കുരിശ് തകര്‍ന്നതെന്ന വാദം അംഗീകരിക്കാനാകില്ല. അദ്ദേഹം പറഞ്ഞു. ആരാധനാ സ്വാതന്ത്ര്യം ഹനിക്കപ്പെടുന്നത് അംഗീകരിക്കാനാകില്ല. എന്നാല്‍ ബോണക്കാട് നടന്ന സംഘര്‍ഷത്തില്‍ ഖേദമുണ്ടെന്നും സൂസെപാക്യം കൂട്ടിച്ചേര്‍ത്തു.

ജനുവരി അഞ്ചിനാണ് ബോണക്കാട് വിശ്വാസികളും പൊലീസും തമ്മില്‍ സംഘര്‍ഷം നടന്നത്. വിലക്ക് ലംഘിച്ച് കുരിശുമലയിലേക്ക് വിശ്വാസികള്‍ മാര്‍ച് നടത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ബോണക്കാട് കുരിശുമലിയിലെ കോണ്‍ക്രീറ്റ് കുരിശ് 2017 ഓഗസ്റ്റില്‍ തകര്‍ക്കപ്പെട്ടിരുന്നു. കുരിശ് പുന:സ്ഥാപിക്കണമെന്ന ആവശ്യവുമായാണ് വിശ്വാസികള്‍ കുരിശിന്റെ വഴിയെ എന്ന പേരില്‍ മാര്‍ച്ച് നടത്തിയത്. സ്ത്രീകളും കുട്ടികളും അടങ്ങുന്ന 1000 ത്തിലധികം വിശ്വാസികളാണ് മാര്‍ച്ചില്‍ പങ്കെടുത്തത്. തുടര്‍ന്ന് ബോണക്കാടും വിതുരയിലും പൊലീസും വിശ്വാസികളും ഏറ്റുമുട്ടുന്ന കാഴ്ചയ്ക്കാണ് നഗരം സാക്ഷിയായത്.