ഭീകരരെ സംരക്ഷിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം തടവ് ശിക്ഷ പ്രഖ്യാപിച്ച് പാകിസ്താന്‍; പ്രഖ്യാപനം അമേരിക്ക സഹായം നിര്‍ത്തലാക്കിയതിനെ തുടര്‍ന്ന്

0
47

ഇസ്ലാമാബാദ്: മുംബൈ ഭീകരാക്രമണ സൂത്രധാരന്‍ ഹാഫിസ് സെയ്ദ്, പഠാന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൂത്രധാരനായ മസൂദ് അസ്ഹര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നതിന് പാകിസ്താന്‍ സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തി.

ഇത്തരം സംഘടനകളെ സഹായിക്കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ ലഭിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഭീകരസംഘടകളെ സഹായിക്കുന്നുവെന്ന് ചൂണ്ടികാണിച്ച് പാകിസ്താന് നല്‍കികൊണ്ടിരുന്ന സാമ്പത്തിക സഹായമുള്‍പ്പെടെ അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാകിസ്താന്റെ പുതിയ തീരുമാനമെന്നത് ഏറെ ശ്രദ്ദേയമാണ്.

പുതിയ തീരുമാനം സംബന്ധിച്ച് രാജ്യവ്യാപകമായി ദിനപത്രങ്ങളില്‍ സര്‍ക്കാര്‍ പരസ്യം നല്‍കുകയായിരുന്നു. സാമ്പത്തിക സഹായം നല്‍കുന്നതിന് വിലക്കേര്‍പ്പേടുത്തിയ 72 സംഘടനകളുടെ പട്ടികയും പരസ്യത്തോടൊപ്പം പ്രസിദ്ദീകരിച്ചിട്ടുണ്ട്. ലഷ്‌കറെ തയിബ, ജമാഅത്തുദ്ദവ, ഫലാ ഇ ഇന്‍സാനിയത് ഫൗണ്ടേഷന്‍, ജയിഷെ മുഹമ്മദ് തുടങ്ങിയവയും വിലക്കേര്‍പ്പെടുത്തിയ സംഘടനകളില്‍പ്പെടുന്നു.
പാകിസ്താനില്‍ 1997 ല്‍ പാസാക്കിയ ഭീകരവിരുദ്ധ നിയമമനുസരിച്ചും 1948ലെ യുഎന്‍ രക്ഷാസമിതി ചട്ടമനുരിച്ചും ഇത്തരം സംഘടനകള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് നിരോധിച്ചിട്ടുള്ളതാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ഈ നിയമം ലംഘിക്കുന്നവരില്‍നിന്നും 10 ലക്ഷം രൂപ പിഴ ഈടാക്കുമെന്നും ഇത്തരക്കാരുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

ഭീകരര്‍ക്ക് സഹായം നല്‍കുന്നുവെന്നാരോപിച്ച് പാകിസ്താന് നല്‍കികൊണ്ടിരുന്നു സാമ്പത്തിക സഹായവും, സൈനിക സഹായവും അമേരിക്ക നിര്‍ത്തലാക്കിയിരുന്നു. അഫ്ഗാനിസ്താനിലെ ഭീകരവാദ പ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നേതൃത്വം നല്‍കുന്നുവെന്നാരോപിച്ചായിരുന്നു അമേരിക്കയുടെ നടപടി.

പാകിസ്താന്‍ അമേരിക്കയെ വിഡ്ഢികളാക്കുകയായിരുന്നുവെന്നാണ് സഹായം നിര്‍ത്തലാക്കികൊണ്ട് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അഭിപ്രായപ്പെട്ടിരുന്നത്. ട്വിറ്ററിലൂടെയാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. കഴിഞ്ഞ 15 വര്‍ഷത്തിനിടെ അമേരിക്ക പാകിസ്താന് നല്‍കിയത് 2.11 ലക്ഷം കോടി രൂപയാണ്.

അഫ്ഗാനിസ്ഥാനില്‍ ഭീകരര്‍ക്കെതിരെ അമേരിക്ക പോരാടുമ്പോള്‍ ഭീകരരുടെ സുരക്ഷിത താവളമായി പാകിസ്താന്‍ മാറുകയായിരുന്നുവെന്നും ഇനിയും ഇത് അനുവദിക്കാനാകില്ലെന്നുമായിരുന്നു ഡോണള്‍ഡ് ട്രംപ് ട്വിറ്ററില്‍ കുറിച്ചത്.