മാധ്യമ പ്രവര്‍ത്തക ഹര്‍ജി പിന്‍വലിച്ചതില്‍ തനിക്കൊന്നും ചെയ്യാനില്ല: എ.കെ.ശശീന്ദ്രന്‍

0
53


എം.മനോജ് കുമാര്‍

തിരുവനന്തപുരം: പരാതിക്കാരിയായ മാധ്യമപ്രവര്‍ത്തക ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിച്ച കാര്യത്തില്‍ തനിക്കൊന്നും ചെയ്യാനില്ലെന്ന് മുന്‍ മന്ത്രിയും എന്‍സിപി നേതാവുമായ എ.കെ.ശശീന്ദ്രന്‍ 24 കേരളയോട് പറഞ്ഞു.

ഹൈക്കോടതി നിരീക്ഷണം ശക്തമാക്കിയ സാഹചര്യത്തില്‍ ഭയന്നാകും പെണ്‍കുട്ടി ഹര്‍ജി പിന്‍വലിക്കാന്‍ കാരണമെന്ന് കരുതുന്നതായും ശശീന്ദ്രന്‍ പറഞ്ഞു. ശശീന്ദ്രനെതിരായി പരാതി നല്‍കിയ മാധ്യമ പ്രവര്‍ത്തക ഹര്‍ജി പിന്‍വലിച്ചത് എന്തുകൊണ്ട് എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ശശീന്ദ്രന്‍.

ഫോണ്‍ കെണി കേസില്‍ ഹൈക്കോടതിയിലെ നിയമ നടപടി തുടരും എന്ന് ഉറപ്പായതോടെ ശശീന്ദ്രന് ഒപ്പം എന്‍സിപി കൂടി പ്രതിസന്ധിയിലാണ്. ഹൈക്കോടതിയില്‍ നല്കിയ ഹര്‍ജി പിന്‍വലിക്കാന്‍ മാധ്യമ പ്രവര്‍ത്തക തീരുമാനമെടുത്തതോടെ ഈ ഇടത് മന്ത്രിസഭയില്‍ എന്‍സിപിക്ക് ഒരു മന്ത്രി സ്ഥാനം ലഭിക്കാനുള്ള സാധ്യതകള്‍ തുലോം വിരളമായിക്കഴിഞ്ഞു.

ഹൈക്കോടതിയിലെ കേസ് തീരാതെ ശശീന്ദ്രന് തിരികെ മന്ത്രി സ്ഥാനം ലഭിക്കില്ല. തോമസ് ചാണ്ടിയുടെ കേസാകട്ടെ സുപ്രീം കോടതിയുടെ പരിഗണനയിലും. ആദ്യം ആര് നിരപരാധിയാകുന്നു. അവര്‍ക്ക് മന്ത്രി പദവി എന്നാണ് പാര്‍ട്ടി സംസ്ഥാന പ്രസിഡനറും ദേശീയ ജനറല്‍ സെക്രട്ടറിയുമായ ടി.പി.പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞിരുന്നത്.

ആകെ ഈ രണ്ട് എംഎല്‍എമാര്‍ മാത്രമാണ് പാര്‍ട്ടിക്കുള്ളത്. എ.കെ.ശശീന്ദ്രനും തോമസ് ചാണ്ടിക്കും മന്ത്രിപദം എളുപ്പമല്ല് എന്ന് മനസിലാക്കിയതോടെയാണ് ആര്‍.ബാലകൃഷ്ണ പിള്ളയുടെ പാര്‍ട്ടിയെ എന്‍സിപിയില്‍ ചേര്‍ക്കാന്‍ പീതാംബരന്‍ മാസ്റ്റര്‍ നടപടി സ്വീകരിച്ചത്.

യാഥാര്‍ത്ഥ്യ ബോധത്തോടെ കാര്യങ്ങള്‍ യഥാവിധി മനസിലാക്കിയുള്ള രാഷ്ട്രീയ നീക്കമായിരുന്നു പീതാംബരന്‍ മാസ്റ്റര്‍ നടത്തിയത്. ഈ നീക്കത്തെ എ.കെ.ശശീന്ദ്രന്‍-തോമസ് ചാണ്ടി വിഭാഗങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് തകര്‍ക്കുകയായിരുന്നു. പീതാംബരന്‍ മാസ്റ്റര്‍ക്ക് പറ്റിയ പാളിച്ച ഈ നീക്കത്തെക്കുറിച്ച് ഒരു സൂചനയും ആര്‍ക്കും നല്‍കിയില്ല എന്നതാണ്. അതുകൊണ്ട് തന്നെ കൊച്ചിയില്‍ കൂടിയ കഴിഞ്ഞ എന്‍സിപി നേതൃയോഗത്തില്‍ പാര്‍ട്ടി ഒറ്റക്കെട്ടായി പീതാംബരന്‍ മാസ്റ്ററുടെ തീരുമാനത്തെ എതിര്‍ത്തു.

പീതാംബരന്‍ മാസ്റ്റര്‍ക്ക് ക്ഷമാപണം നടത്തേണ്ടിയും വന്നു. പീതാബരന്‍ മാസ്റ്റര്‍ക്ക് ക്ഷമാപണം നടത്തേണ്ടി വന്നത് മാത്രമല്ല പ്രശ്‌നം. ദേശീയ നേതൃത്വത്തിന്റെ അറിവോടെ പീതാംബരന്‍ മാസ്റ്റര്‍ നടത്തിയ നീക്കമാണ് പൊളിഞ്ഞത്. ഈ നീക്കം കേരളാ നേതാക്കള്‍ തകര്‍ത്തതിന്റെ പേരില്‍ ദേശീയ നേതാക്കള്‍ക്ക് പ്രകടമായ അനിഷ്ടമുണ്ട്.

എന്‍സിപിക്ക് ഒരു മന്ത്രി വേണം എന്നതിന്റെ അടിസ്ഥാനത്തില്‍ ദേശീയ നേതൃത്വത്തിന്റെ ഒത്താശയോടെയാണ് കേരളാ കോണ്‍ഗ്രസ്(ബി)യെ എന്‍സിപിയില്‍ ലയിപ്പിക്കാന്‍ പീതാംബരന്‍ മാസ്റ്റര്‍ നീക്കം നടത്തിയത്. രണ്ട് നേട്ടങ്ങള്‍ പാര്‍ട്ടിക്ക് ഈ നീക്കം വഴി ലഭിക്കുമായിരുന്നു. ഒന്ന് കെ.ബി.ഗണേഷ്‌കുമാര്‍ വഴി പാര്‍ട്ടിക്ക് ഒരു മന്ത്രി പദവി. രണ്ടാമത് എംഎല്‍എമാര്‍ രണ്ട് എന്നത് മാറി മൂന്നാകും. മാത്രമല്ല സമീപഭാവിയില്‍ത്തന്നെ ചവറ എംഎല്‍എ വിജയന്‍ പിള്ള, ആര്‍എസ്പി എംഎല്‍എയായി തുടരുന്ന കോവൂര്‍ കുഞ്ഞുമോന്‍ എന്നിവരുടെ പാര്‍ട്ടികളെയും കൂടി എന്‍സിപിയിലേക്ക് ലയിപ്പിക്കാമെന്നും കണക്കുകൂട്ടിയിരുന്നു. അങ്ങിനെ വരുമ്പോള്‍ അഞ്ച് എംഎല്‍എമാരുള്ള പാര്‍ട്ടിയായി എന്‍സിപിയ്ക്ക് മാറാമായിരുന്നു. പാര്‍ട്ടിയുടെ ഭാവി മുന്നില്‍ക്കണ്ട് പീതാംബരന്‍ മാസ്റ്റര്‍ നടത്തിയ ഈ നീക്കം പൊളിച്ച നേതാക്കള്‍ക്കെതിരെ സ്വാഭാവികമായും കേന്ദ്ര നേതൃത്വത്തിന് അതൃപ്തിയുണ്ട്.

അതുകൊണ്ടുതന്നെ തോമസ് ചാണ്ടി-ശശീന്ദ്രന്‍ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ നല്‍കി വരുന്ന പിന്തുണ പാര്‍ട്ടി ദേശീയ നേതൃത്വം ഇനി നല്‍കുമോ എന്നത് കാത്തിരുന്നു കാണേണ്ട കാര്യമാണ്. മന്ത്രി എന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന ഏക പ്രതീക്ഷ എ.കെ.ശശീന്ദ്രന്‍ മാത്രമാണ്. ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി മാധ്യമ പ്രവര്‍ത്തക പിന്‍വലിക്കാന്‍ തീരുമാനമെടുത്തതോടെ ശശീന്ദ്രന്‍ മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രതി കൂടിയായി മാറിയിട്ടുണ്ട്. മാധ്യമ പ്രവര്‍ത്തക കേസ് പിന്‍വലിക്കുന്നതിനുള്ള ഹര്‍ജി ഹൈക്കോടതിയില്‍ നല്‍കിയപ്പോള്‍ തന്നെ ഇത് രണ്ട് വ്യക്തികള്‍ തമ്മിലുള്ള ഇടപാടല്ലെന്നും പൊതുതാത്പര്യമുള്ള വിഷയമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

ഹൈക്കോടതി നടത്തിയ ശക്തമായ ഈ നിരീക്ഷണം കേസില്‍ ശശീന്ദ്രന് വന്‍ തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ മന്ത്രി പദവിയിലേക്ക് തിരിച്ചെത്തുക ശശീന്ദ്രന് എളുപ്പമല്ല. എന്‍സിപിയ്ക്ക് നല്‍കിയ മന്ത്രി പദവി അനിശ്ചിത കാലത്തേയ്ക്ക് ഇങ്ങിനെ ഒഴിച്ചിടേണ്ടതുണ്ടോ എന്ന് വൈകാതെ ഇടതുമുന്നണി യോഗത്തിലും ചോദ്യം ഉയര്‍ന്നേക്കാം. അപ്പോള്‍ സ്വാഭാവികമായും ഇടതുമുന്നണിയ്ക്ക് ഒരു തീരുമാനത്തിലെത്തേണ്ടിവരും.