സംസ്ഥാന സ്‌കൂള്‍ കലോത്സവം: രണ്ടാം ദിനത്തിന് തിരശ്ശീല ഉയര്‍ന്നു; കോഴിക്കോട് മുന്നില്‍

0
105

തൃശ്ശൂര്‍: തുടര്‍ച്ചയായ പന്ത്രണ്ടാം കലാകിരീടം ലക്ഷ്യമിട്ട് തൃശ്ശൂരിലെത്തിയ കോഴിക്കോട് കുതിപ്പ് തുടങ്ങി. അമ്പത്തിയെട്ടാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ 200 പോയിന്റുമായി കോഴിക്കോട് ലീഡ് ഉയര്‍ത്തി. ആദ്യ ദിനം തുടക്കം മുതല്‍ തന്നെ ലീഡ് ചെയ്തിരുന്ന പാലക്കാട് 196 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. ആതിഥേയരായ തൃശ്ശൂര്‍ 194 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്. മലപ്പുറം,കണ്ണൂര്‍ എന്നീ സംസ്ഥാനങ്ങളും 194 പോയിന്റുമായി തൃശ്ശൂരിനൊപ്പമുണ്ട്.

സ്‌കൂളുകളില്‍ 31 പോയിന്റ് നേടിയ ആലത്തൂര്‍ ബി.എസ്.എസ്. ഗുരുകുലം ഹയര്‍ സെക്കന്‍ഡറിയാണ് മുന്നില്‍. 25 പോയിന്റുമായി കോഴിക്കോട് സില്‍വര്‍ ഹില്‍സ് സ്‌കൂളുണ്ട് തൊട്ടു പിറകില്‍.

ഒന്നാം ദിനം ആദ്യമത്സരങ്ങള്‍ മുതല്‍ വൈകിയത് മത്സരാര്‍ഥികളെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വേദി ഒന്നില്‍ 11 മണിയ്ക്ക് ആരംഭിക്കേണ്ട മോഹിനിയാട്ടം രണ്ടു മണിക്കൂറിലേറെ വൈകിയാണ് തുടങ്ങിയത്. ആദ്യദിനത്തിലെ 54 ഇനങ്ങളില്‍ ഇരുപതോളം ഇനങ്ങള്‍ ഇന്ന് പുലര്‍ച്ചെയാണ് അവസാനിച്ചത്.
പ്രധാന വേദിയായ നീര്‍മാതളത്തില്‍ ഹൈസ്‌കൂള്‍ ആണ്‍കുട്ടികളുടെ ഭരതനാട്യമാണ് ഇന്നത്തെ ആദ്യ മത്സരയിനം. ജനപ്രിയ ഇനങ്ങളായ മിമിക്രി, നാടകം, ഭരത നാട്യം, കുച്ചുപൊടി, പഞ്ചവാദ്യം എന്നിവയ്ക്ക് പുറമെ ലളിതഗാനം, ഓടക്കുഴല്‍, നാടന്‍പാട്ട്, കഥാപ്രസംഗം, മാപ്പിളപ്പാട്ട്, വൃന്ദവാദ്യം, പദ്യംചൊല്ലല്‍, കൂടിയാട്ടം, എണ്ണച്ചായം, കഥകളി, ഉപന്യാസമത്സരം, കോല്‍ക്കളി, ബാന്റ്‌മേളം എന്നിവയാണ് മറ്റ് മത്സരയിനങ്ങള്‍.