‘സ്വന്തം പാര്‍ട്ടിക്കാരെ നിലയ്ക്കുനിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ക്ക് സാരോപദേശം നല്‍കൂ’; മുഖ്യമന്ത്രിക്ക് ചുട്ട മറുപടിയുമായി ചെന്നിത്തല

0
70


തിരുവനന്തപുരം: എകെജിയെ അധിക്ഷേപിച്ച വി.ടി. ബല്‍റാമിനോട് യോജിപ്പില്ലെന്ന് വ്യക്തമാക്കിയും, ഇതിന്റെ പേരില്‍ കോണ്‍ഗ്രസിനെ കടന്നാക്രമിച്ച മുഖ്യമന്ത്രി പിണറായി വിജയന് ശക്തമായ ഭാഷയില്‍ മറുപടി നല്‍കിയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. ബല്‍റാമിന്റെ പരാമര്‍ശത്തോട് യോജിപ്പില്ലെങ്കിലും, സ്വന്തം പാര്‍ട്ടിക്കാരെ നിലയ്ക്കുനിര്‍ത്തിയിട്ട് കോണ്‍ഗ്രസുകാര്‍ക്ക് സാരോപദേശം നല്‍കാന്‍ ചെന്നിത്തല മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.
വിവാദ പരാമര്‍ശവുമായി ബന്ധപ്പെട്ട് ബല്‍റാമിനോട് സംസാരിച്ചിരുന്നു. കോണ്‍ഗ്രസ് നേതാക്കളെ മോശക്കാരാക്കിയതിന് നല്‍കിയ മറുപടിയിലാണ് വിവാദ പരാമര്‍ശമുണ്ടായതെന്നാണ് പറഞ്ഞത്. ഇതിനോട് കോണ്‍ഗ്രസിന് യോജിപ്പില്ല. എന്നാല്‍, ഇതിന്റെ പേരില്‍ ക്ഷുഭിതനായി മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രതികരണം കണ്ടു. സ്വന്തം മന്ത്രിസഭയിലെ അംഗങ്ങള്‍ മറ്റുള്ളവരെ പുലഭ്യം പറയുന്നത് എന്തുകൊണ്ട് മുഖ്യമന്ത്രി കാണുന്നില്ലെന്നും ചെന്നിത്തല ചോദിച്ചു. ഇത്തരക്കാരെ മര്യാദ പഠിപ്പിച്ചിട്ടു മതി കോണ്‍ഗ്രസുകാര്‍ക്കുള്ള സാരോപദേശമെന്നും ചെന്നിത്തല മുഖ്യമന്ത്രിയെ ഓര്‍മിപ്പിച്ചു.
ബല്‍റാം വിവരദോഷിയും ധിക്കാരിയുമാണെന്ന് എകെജി വിഷയത്തിലുള്ള പ്രതികരണത്തില്‍ മുഖ്യമന്ത്രി കുറിച്ചിരുന്നു. ബല്‍റാമിനെ തിരുത്താനുള്ള വിവേകമുള്ളവര്‍ കോണ്‍ഗ്രസിലില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഈ പശ്ചാത്തലത്തിലാണ് ചെന്നിത്തലയുടെ മറുപടി.