എകെജിയ്‌ക്കെതിരായ ബല്‍റാമിന്റെ പ്രസ്താവന പിന്‍വലിക്കണമെന്ന് ഉമ്മന്‍ചാണ്ടി

0
46


തിരുവനന്തപുരം: എ.കെ.ജിയ്ക്കെതിരായ വി.ടി.ബല്‍റാം എം.എല്‍.എയുടെ പ്രസ്താവന പിന്‍വലിക്കണം എന്ന് ഉമ്മന്‍ചാണ്ടി. എന്നാല്‍ ഇതേത്തുടര്‍ന്നുണ്ടാകുന്ന അസഹിഷ്ണുതയും അക്രമങ്ങളും അംഗീകരിക്കാനാവില്ലെന്നും പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ട് ചിരിയാണ് വന്നതെന്നും ഉമ്മന്‍ ചാണ്ടി തിരുവനന്തപുരത്ത് പറഞ്ഞു.

ബല്‍റാമിന്റെ പരാമര്‍ശത്തോടു വിയോജിക്കുന്നുവെന്ന് കഴിഞ്ഞ ദിവസവും ഉമ്മന്‍ ചാണ്ടി വ്യക്തമാക്കിയിരുന്നു. മറ്റു പാര്‍ട്ടികളെ ബഹുമാനിക്കുന്നതാണ് കോണ്‍ഗ്രസിന്റെ ശൈലിയെന്നും അത് എല്ലാവരും തുടരണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. എന്നാല്‍ എംഎല്‍എയുടെ ഓഫീസ് ആക്രമിച്ചതുള്‍പ്പെടെയുള്ള നിയമലംഘനങ്ങളും അപലപിക്കപ്പെടേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

അതിനിടെ, ബല്‍റാമിനെ വിമര്‍ശിക്കുന്നവര്‍ ഇതിനേക്കാള്‍ വലിയ തെറ്റ് ചെയ്തവരെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പ്രതികരിച്ചു. നെഹ്റു കുടുംബത്തെ വരെ മോശമായി അധിക്ഷേപിച്ചവരാണ് ബല്‍റാമിനെ വിമര്‍ശിക്കുന്നത്. ബല്‍റാം പറഞ്ഞതിനെ ന്യായീകരിക്കുന്നില്ല. രാഷ്ട്രീയ രംഗത്ത് പ്രവര്‍ത്തിക്കുന്നവരുടെ സംസ്‌കാരമാണ് പ്രധാനമെന്നും തിരുവഞ്ചൂര്‍ അഭിപ്രായപ്പെട്ടു.