ഓണ്‍ലൈന്‍ ഷോപ്പിങ്; മൊബൈൽ ആപ്പുകളുടെ ഉപയോഗം കുറയുന്നു

0
83

ലണ്ടന്‍: ഓണ്‍ലൈന്‍ ഷോപ്പിങിന് മൊബൈൽ ആപ്പുകളുടെ ഉപയോഗം കുറയുന്നു. ഇകോമേഴ്‌സ് ഉപയോക്താക്കള്‍ സാധനങ്ങള്‍ വാങ്ങാന്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് കുറവാണെന്ന് പഠനം.

വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനങ്ങളെ കുറിച്ച് അന്വേഷിക്കാനും സാധനങ്ങള്‍ ക്രമീകരിക്കാനുമെല്ലാം ഫോണുകള്‍ ഉപയോഗപ്പെടുത്തുന്നുണ്ടെങ്കിലും അവ വാങ്ങുന്നതിനായി ഫോണുകളുടെ ഉപയോഗം കുറവാണെന്നും ഇടപാടുകള്‍ ഇടയ്ക്ക് വെച്ച് അവസാനിപ്പിക്കുന്നുവെന്നുമാണ് ബ്രിട്ടനിലെ ഈസ്റ്റ് ആന്‍ജില സര്‍വ്വകലാശാലയിലെ ഗവേഷകരുടെ കണ്ടെത്തല്‍.

2016 ല്‍ 46 ശതമാനം വളര്‍ച്ചയാണ് ഇ-കൊമേഴ്‌സ് രംഗത്തെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിനുണ്ടായിരുന്നത്. എന്നാല്‍ 2017 ഇത് 27 ശതമാനം മാത്രമാണ്. വിവിധ ഇകൊമേഴ്‌സ് വെബ്‌സൈറ്റുകളില്‍ നിന്നും ഉപയോക്താക്കളില്‍ നിന്നും ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകരുടെ കണ്ടെത്തലുകള്‍. ജേണല്‍ ഓഫ് ബിസിനസ് റിസര്‍ച്ചില്‍ ഈ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ഷോപ്പിങ് രംഗത്ത് മൊബൈല്‍ ആപ്പുകള്‍ക്കുള്ള പ്രീതി വര്‍ധിച്ചുവരുന്നുണ്ടെന്നും അതേസമയം ഉപയോക്താക്കള്‍ ഇടപാടുകള്‍ പൂര്‍ത്തിയാക്കാതെ നിര്‍ത്തിപ്പോകുന്നത് ഡസ്‌ക്ടോപ് വഴിയുള്ള ഓണ്‍ലൈന്‍ ഷോപ്പിങിനേക്കാള്‍ കൂടുതലാണെന്നും ഗവേഷകര്‍ പറഞ്ഞു.

ഫോണുകളുടെ ചെറിയ ഡിസ്‌പ്ലേയില്‍ ചിത്രങ്ങള്‍ മുഴുവനായി കാണാന്‍ സാധിക്കാത്തതും മൊബൈല്‍ ആപ്പുകള്‍ വഴി സ്‌പെഷ്യല്‍ ഓഫറുകള്‍ ശ്രദ്ധയില്‍ പെടാത്തതും രഹസ്യ വിലകള്‍ (Hidden Costs) പരിശോധിക്കാന്‍ കഴിയാത്തതും ആണ് ഇതിനുള്ള കാരണമായി ഗവേഷകര്‍ നിരീക്ഷിക്കുന്നത്.

മൊബൈല്‍ ഫോണുകള്‍ വഴിയുള്ള പണമിടപാടിലെ സ്വകാര്യതയെയും സുരക്ഷിതത്വത്തേയും കുറിച്ചുള്ള ആശങ്കകളും മൊബൈല്‍ ആപ്പുകള്‍ വഴിയുള്ള ഷോപ്പിങില്‍ പണമിടപാട് പൂര്‍ത്തിയാക്കാതെ ഉപയോക്താക്കളെ പിന്നോട്ട് വലിക്കാന്‍ കാരണമാകുന്നുണ്ട്. മൊബൈല്‍ ഷോപ്പിങിന് വേണ്ടി വന്‍ നിക്ഷേപങ്ങള്‍ നടത്തിയ സ്ഥാപനങ്ങള്‍ക്ക് ഈ സാഹചര്യം ഒരു വെല്ലുവിളിയായിരിക്കുകയാണ്.