കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ ജനതാദള്‍ വിഭാഗങ്ങള്‍ക്ക് തലവേദനയാകുന്നു

0
118

എം.മനോജ്‌ കുമാര്‍

തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് കേരളത്തിലെ ജനതാദള്‍ വിഭാഗങ്ങള്‍ക്ക് കടുത്ത പ്രതിസന്ധിയാകുന്നു. കര്‍ണാടകയില്‍ ജനതാദള്‍ സെക്യുലറും ബിജെപിയും യോജിച്ചുനീങ്ങാന്‍ ഏകദേശം ധാരണയായിട്ടുണ്ട്. പൊതുവെ അത് പ്രകടമല്ലെങ്കിലും അടിത്തട്ടില്‍ സഹകരണം ശക്തമാണ്. തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളില്‍ പൊതുവേ യോജിച്ചുപോകുന്ന നിലപാടാണ് ദേവഗൗഡ വിഭാഗവും ബിജെപിയും കര്‍ണാടകയില്‍ സ്വീകരിച്ചിരിക്കുന്നത്. ഇതാണ് കേരളത്തിലെ ജനതാദള്‍ യുണൈറ്റഡിനെയും, സെക്യുലറിനെയും ബുദ്ധിമുട്ടിലാക്കുന്നത്.

ദേവഗൗഡ നേതാവായ ജനതാദള്‍ സെക്യുലറില്‍ കേരളാ ജെഡിയുവിനെ ലയിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് ആണ് വീരേന്ദ്രകുമാറിനെ പിന്നോട്ടടിപ്പിക്കുന്നത്. തത്കാലം ലയനം വേണ്ടെന്ന തീരുമാനത്തിലാണ് വീരേന്ദ്രകുമാര്‍.

ബംഗളൂരുവില്‍ വീരേന്ദ്രകുമാര്‍ നേരിട്ട് നടത്തിയ അന്വേഷണങ്ങളില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ വിലയിരുത്തിയാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് വീരേന്ദ്രകുമാര്‍ നീങ്ങുന്നത്.

വീരേന്ദ്രകുമാര്‍ ലയിക്കാന്‍ ആഗ്രഹിക്കുന്ന ജനതാദള്‍ സെക്യുലര്‍ വിഭാഗത്തിനു ഈ കര്‍ണാടക തിരഞ്ഞെടുപ്പില്‍ വലിയ റോള്‍ ഉണ്ട്. റോളുണ്ട്. സെക്യുലറിന്റെ മുഖ്യനേതാവായ ദേവഗൗഡയുടെ തട്ടകമാണ് കര്‍ണാടക എന്നതാണ് ഇതിന് കാരണം.

വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയില്‍ സിദ്ധാരാമയ്യക്ക് അധികാരം പിടിക്കാന്‍ പ്രയാസമാണ് എന്നാണ് ബിജെപിയും ദേവഗൗഡയും കരുതുന്നത്. നിയമസഭയില്‍ കോണ്‍ഗ്രസിന് ഭൂരിപക്ഷം ഇല്ലെങ്കില്‍ യോജിച്ച് കര്‍ണാടക ഭരിക്കാം എന്ന നിലപാടിലേക്ക് ജനതാദള്‍ സെക്യുലറും ബിജെപിയും നീങ്ങും എന്നാണു അവിടെ നിന്നും വരുന്ന സൂചനകള്‍.

കേരളത്തിലെ ജെഡിയുവിനെ ജനതാദള്‍ സെക്യുലറില്‍ ലയിപ്പിക്കാന്‍ പദ്ധതിയിട്ടാല്‍ മുന്‍പ് നിതീഷ് കുമാറിന്റെ ജെഡിയുവില്‍ എസ് ജെഡിയെ ലയിപ്പിച്ച അനുഭവമാകും ഉണ്ടാവുക. ഇത് മനസിലാക്കിയാണ് ജെഡിയുവിനെ എസ് ജെഡിയില്‍ ലയിപ്പിക്കാനുള്ള പദ്ധതിയില്‍ നിന്ന് വീരേന്ദ്രകുമാര്‍ പിന്‍വാങ്ങാന്‍ തീരുമാനിച്ചിരിക്കുന്നത്.

ഇത് മനസിലാക്കിയാണ് കേരളത്തില്‍ സ്വതന്ത്ര പാര്‍ട്ടി എന്ന നിലയിലേക്ക് വീരേന്ദ്രകുമാര്‍ നീങ്ങുന്നത്.

വീരേന്ദ്രകുമാറിന് ജനതാദള്‍ സെക്യുലറില്‍ ലയിക്കാനുള്ള ആഗ്രഹം ഉപേക്ഷിക്കുമ്പോള്‍ സെക്യുലറിനെ സംബന്ധിച്ച് മറ്റൊരു പ്രശ്‌നം തലപൊക്കുകയാണ്. കര്‍ണാടകയില്‍ അവരുടെ നേതാവ് ബിജെപിയുമായി യോജിച്ച് സര്‍ക്കാരുണ്ടാക്കിയാല്‍ ഇവിടെ ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന സെക്യുലറിന് അത് വന്‍ തി
രിച്ചടിയാകും. ബിജെപിയെ കടുത്ത രാഷ്ട്രീയ എതിരാളികള്‍ ആയി കരുതുന്ന പാര്‍ട്ടിയാണ് സിപിഎം. ആ സിപിഎം നേതൃത്വം നല്‍കുന്ന സര്‍ക്കാരില്‍ അംഗമായിരിക്കെ സ്വന്തം പാര്‍ട്ടി കര്‍ണാടകയില്‍ ബിജെപിയുമായി കൂട്ടുചേര്‍ന്നാല്‍ അത് പ്രശ്‌നമാകുമെന്ന് അവര്‍ക്കറിയാം.

ജെഡിയു നിതീഷ്കുമാറിന്റെ പിടിയില്‍ അമര്‍ന്നപ്പോള്‍ കേരളത്തിലെ ജെഡിയു അനുഭവിച്ച അതേ പ്രതിസന്ധിയിലൂടെ സംസ്ഥാനത്തെ ജനതാദള്‍ സെക്യുലര്‍ ഘടകത്തിനും കടന്നുപോകേണ്ടിവരും. ഒരു പിളര്‍പ്പ് വരെ സംജാതമാകുന്ന രാഷ്ട്രീയ സാഹചര്യമാണ് കേരളത്തിലെ ജനതാദള്‍ സെക്യുലറിനെ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ആശങ്കയോടെയാണ് കേരളത്തിലെ ജെഡിയുവും ജനതാദള്‍ സെക്യുലറും കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്.