കുല്‍ഭൂഷന്റെ കുടുംബത്തെ അപമാനിച്ച സംഭവം: പാകിസ്ഥാനെതിരെ യുഎസില്‍ പ്രതിഷേധം

0
63


വാഷിങ്ടന്‍: പാകിസ്ഥാന്‍ ജയിലില്‍ കഴിയുന്ന ഇന്ത്യക്കാരന്‍ കുല്‍ഭൂഷന്‍ ജാദവിനെ സന്ദര്‍ശിച്ച കുടുംബത്തെ അപമാനിച്ച സംഭവത്തില്‍ യുഎസിലെ പാക് എംബസിക്കു മുന്നില്‍ പ്രതിഷേധം. ഇന്ത്യന്‍ വംശജരായ അമേരിക്കക്കാരും ബലൂചിസ്ഥാന്‍ സ്വദേശികളുമാണ് ചെരുപ്പു കള്ളന്‍ പാക്കിസ്ഥാന്‍ (#ChappalChorPakistan) എന്ന ഹാഷ്ടാഗുമായി വാഷിങ്ടന്‍ ഡിസിയിലെ പാക് എംബസിക്കു മുന്നില്‍ ചെരുപ്പുകളുമായി പ്രതിഷേധം നടത്തിയത്. ഉപയോഗിച്ചു പഴകിയ ചെരുപ്പുകളാണു പ്രതിഷേധത്തിനായി ഇവര്‍ കൊണ്ടുവന്നത്.

ക്രിസ്മസ് ദിനത്തില്‍ പാക് സര്‍ക്കാരിന്റെ അനുവാദത്തോടെ കുല്‍ഭൂഷനെ സന്ദര്‍ശിക്കാനെത്തിയ ഭാര്യയുടെ കാലില്‍ കിടന്ന ചെരുപ്പ് ഉദ്യോഗസ്ഥര്‍ ഊരി വാങ്ങിച്ചിരുന്നു. പിന്നീട് ഇവ തിരികെ നല്‍കിയുമില്ല. തുടര്‍ന്ന് ചെരുപ്പില്‍ രഹസ്യ വസ്തുവുണ്ടെന്ന് പാകിസ്ഥാന്‍ ആരോപണം ഉന്നയിച്ചിരുന്നു.
ഇതിലൂടെ പാകിസ്ഥാന്റെ ഇടുങ്ങിയ ചിന്താഗതിയാണ് വ്യക്തമാകുന്നതെന്നും പാകിസ്ഥാനെ നയിക്കുന്നത് ഇത്തരം ഇടുങ്ങിയ ചിന്താഗതിക്കാരാണെന്നും പ്രതിഷേധക്കാര്‍ പറയുന്നു. സങ്കടപ്പെട്ടു നിന്ന കുല്‍ഭൂഷന്റെ ഭാര്യയില്‍ നിന്നു ചെരുപ്പ് കട്ടെടുത്ത പാക്കിസ്ഥാന് ഈ ചെരുപ്പുകളും ഉപയോഗിക്കാനാകുമെന്നും പ്രതിഷേധക്കാര്‍ പറഞ്ഞു.

കുല്‍ഭൂഷനെ സന്ദര്‍ശിക്കാനെത്തിയ അമ്മയെയും ഭാര്യയെയും സുരക്ഷയുടെ പേരു പറഞ്ഞ് പാകിസ്ഥാന്‍ അപമാനിക്കുകയായിരുന്നു. പാകിസ്ഥാന്‍ കൂടിക്കാഴ്ച സംബന്ധിച്ച് ഇന്ത്യയുമായുണ്ടാക്കിയ ധാരണകള്‍ ലംഘിക്കുകയും കൂടിക്കാഴ്ചയ്ക്കു മുമ്പ് അമ്മയുടെയും ഭാര്യയുടെയും വസ്ത്രങ്ങള്‍ അഴിച്ച് പരിശോധിച്ചു. ഭാര്യയുടെ താലിയും മറ്റാഭരണങ്ങളും അഴിച്ചുമാറ്റിച്ചിരുന്നു. ഇന്ത്യ ഈ നടപടിയില്‍ ശക്തമായ പ്രതിഷേധം അറിയിച്ചു.