ഗാന്ധി വധം: ദുരൂഹതയ്ക്ക് സ്ഥാനമില്ലെന്ന് അമിക്കസ്‌ക്യൂറി

0
68


ന്യൂഡല്‍ഹി: രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ കൊലപാതകത്തില്‍ ദുരൂഹതയ്ക്ക് സ്ഥാനമില്ലെന്ന് അമിക്കസ്‌ക്യൂറി. നാഥുറാം ഗോഡ്സെ തന്നെയാണ് അദ്ദേഹത്തെ കൊലപ്പെടുത്തിയതെന്നും ഗോഡ്സെ അല്ലാതെ മറ്റൊരാള്‍ ഉതിര്‍ത്ത വെടിയേറ്റാണ് ഗാന്ധിജി കൊല്ലപ്പെട്ടതെന്ന വാദത്തിന് യാതൊരു തെളിവുമില്ലെന്നും അമിക്കസ്‌ക്യൂറി സുപ്രീം കോടതിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഗാന്ധിജിക്ക് നാല് വെടിയുണ്ട ഏറ്റെന്ന വാദത്തിന് യാതൊരു അടിസ്ഥാനവുമില്ലെന്നും അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ടില്‍ പറയുന്നു. വിചാരണ കോടതിയുടെ 4000 പേജ് രേഖകളും 1969 ലെ ജീവന്‍ലാല്‍ കപൂര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ടും പരിശോധിച്ചാണ് അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

ഗാന്ധി വധത്തില്‍ ദുരൂഹതയുണ്ടെന്നും പുനരന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് സവര്‍ക്കര്‍ അനുയായി നല്‍കിയ ഹര്‍ജിയിലാണ് സുപ്രീം കോടതി അമിക്കസ്‌ക്യൂറിയെ നിയോഗിച്ചത്. മുതിര്‍ന്ന അഭിഭാഷകന്‍ അമരീന്തര്‍ സരണിനെയും അഭിഭാഷകരായ സഞ്ചിത് ഗുരു, സമര്‍ഥ് ഖന്ന എന്നിവരും അടക്കുന്ന മൂന്നംഗ സംഘത്തെയാണ് കോടതി അമിക്കസ്‌ക്യൂറിയായി നിയമിച്ചത്.

ഗാന്ധിജിയുടെ ശരീരത്തില്‍ നാല് വെടിയുണ്ടകളാണ് ഏറ്റതെങ്കിലും ഇതില്‍ നാലാമത്തേത് ഗോഡ്സെയുടെ തോക്കില്‍ നിന്നല്ലെന്നും മറ്റൊരാള്‍ ഉതിര്‍ത്ത ഈ വെടിയേറ്റാണ് ഗാന്ധിജി മരിച്ചതെന്നുമായിരുന്നു ഹര്‍ജിയിലെ വാദം.