ഗ്രൂപ്പില്ലാത്ത നേതാവായതിനാലാണ് കോണ്‍ഗ്രസ് ഗ്രൂപ്പുകള്‍ വി.ടി.ബല്‍റാമിനെ ആക്രമിക്കുന്നത്: രാജ്മോഹന്‍ ഉണ്ണിത്താന്‍

0
69

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: ഗ്രൂപ്പില്ലാത്ത നേതാവായതിനാലാണ് എകെജി വിവാദത്തില്‍ പാര്‍ട്ടിയിലെ
ഗ്രൂപ്പുകള്‍ വി.ടി.ബല്‍റാമിനെ ആക്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ 24 കേരളയോടു പറഞ്ഞു.

ഗ്രൂപ്പില്ലാത്ത നേതാവാണ്‌ വി.ടി.ബല്‍റാം. അതുകൊണ്ട് ബല്‍റാം കോണ്‍ഗ്രസില്‍ ആക്രമണത്തിനു വിധേയനാകുന്നു, ഗ്രൂപ്പില്‍ ഉണ്ടായിരുന്നെങ്കില്‍ ഗ്രൂപ്പുകള്‍ പിന്തുണച്ചേനെ. സോളാര്‍ ആരോപണം വന്നപ്പോള്‍ കണ്ടില്ലേ? ഇരു ഗ്രൂപ്പുകളിലും പെട്ട നേതാക്കളുണ്ട്. അതുകൊണ്ട് ഗ്രൂപ്പുകള്‍ ഒരുമിച്ച് നിന്നു.

ബല്‍റാം ഡല്‍ഹിയില്‍ നിന്നുള്ള നിര്‍ദ്ദേശം കൊണ്ട് രംഗത്ത് വന്ന നേതാവാണ്‌. ബല്‍റാമിന്റെ വളര്‍ച്ചയില്‍ രമേശിനും ഉമ്മന്‍ചാണ്ടിക്കും ഒന്നും പങ്കില്ല. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി കൊണ്ടുവന്ന യുവ നേതാക്കളില്‍ ഒരാളാണ് ബല്‍റാം.

അന്നും ബല്‍റാം ഒരു  ഗ്രൂപ്പിലും ഇല്ല. ഇന്നും ഒരു ഗ്രൂപ്പിലും ഇല്ല. എന്തായാലും ബല്‍റാമിനെ വിമര്‍ശിക്കുന്നതിന് മുന്‍പ് ബല്‍റാം പറഞ്ഞതില്‍ എന്തെങ്കിലും വസ്തുതാപരമായ പിശക് ഉണ്ടോയെന്നു കോണ്‍ഗ്രസ് നേതാക്കള്‍ പരിശോധിക്കേണ്ടിയിരുന്നു.

ബല്‍റാം പറഞ്ഞതില്‍ വസ്തുതാപരമായ പിശകില്ല. വസ്തുതകള്‍ ബല്‍റാം ഉദ്ദരിക്കുക മാത്രമാണ് ചെയ്തത്. കോണ്‍ഗ്രസ് നേതാക്കള്‍ അത് മനസിലാക്കേണ്ടിയിരുന്നു. ഈ പശ്ചാത്തലത്തില്‍ ബല്‍റാം അത് പറയേണ്ടിയിരുന്നോ എന്ന് ചോദിച്ചാല്‍ എന്നുതന്നെയാണ് എന്റെ അഭിപ്രായം. പറഞ്ഞപ്പോള്‍ വിവാദമായി. പക്ഷേ ഈ വിവാദം കോണ്‍ഗ്രസ് നേതാക്കള്‍ ഏറ്റുപിടിക്കേണ്ടിയിരുന്നില്ല – ഉണ്ണിത്താന്‍ പറഞ്ഞു.

മുഖ്യമന്ത്രി അടക്കമുള്ള സിപിഎം നേതാക്കള്‍ ബല്‍റാമിനെ കടിച്ചുകീറുകയാണ്.  സിപിഎം നേതാക്കള്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ എന്തൊക്കെ പ്രതികരണം നടത്തുന്നു എന്ന് ഇപ്പോള്‍ ബല്‍റാമിനെതിരെ തിരിഞ്ഞ നേതാക്കള്‍ കണക്കിലെടുക്കേണ്ടിയിരുന്നു.

കാവിയുടുത്ത സന്യാസിയുടെ മനസുള്ള നേതാവാണ്‌ മന്‍മോഹന്‍ സിംഗ്. അമേരിക്കയില്‍ മന്‍മോഹന്‍ സിംഗ് പോകുന്നത് മദ്യപിക്കാനാണ് എന്നാണു പിണറായി മന്ത്രിസഭയിലെ ഒരു മന്ത്രി പറഞ്ഞത്. ഈ മന്ത്രിയെ സംരക്ഷിക്കുന്ന നിലപാടാണ് പിണറായി സ്വീകരിച്ചത്. ഈ പിണറായി വിജയന് ബല്‍റാമിനെ വിമര്‍ശിക്കാന്‍ എന്ത് ധാര്‍മിക അവകാശമാണുള്ളത്? ഇക്കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ മനസിലാക്കേണ്ടതായിരുന്നു-രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

എകെജിയെ തൊട്ടപ്പോള്‍ സിപിഎമ്മിന് വേദനിച്ചു. മന്‍മോഹന്‍ സിംഗിനെ സിപിഎം തൊട്ടപ്പോള്‍ കോണ്‍ഗ്രസിന് എന്തുകൊണ്ടാണ് വേദനിക്കാതിരുന്നത്? വി.ടി.ബല്‍റാം ഒരു യുവനേതാവാണ്. എന്നാല്‍ മന്ത്രി എം.എം.മണി ഒരു യുവാവല്ല. അദ്ദേഹം എത്രയോ പരിചയ സമ്പന്നനാണ്. അദ്ദേഹം എന്തൊക്കെയാണ് വിളിച്ചുപറയുന്നത്. സിപിഎം നേതാക്കള്‍ ഈ എം.എം.മണിക്ക് പിന്തുണ നല്‍കുകയാണ്.

മഹാത്മാഗാന്ധിയെ വാര്‍ദ്ദയിലെ കള്ളനെന്നു സിപിഎം വിളിച്ചു. സാമ്രാജ്യത്തിന്റെ ചെരുപ്പുനക്കി എന്ന് വിളിച്ചു. ഇന്ദിരാഗാന്ധിയെ ഭാരതയക്ഷി എന്ന് വിളിച്ചു. ഇങ്ങിനെ പെരുമാറുകയും പ്രസ്താവന നടത്തുകയും ചെയ്യുന്ന സിപിഎം നേതാക്കള്‍ക്ക് വേണ്ടി കോണ്‍ഗ്രസ് പക്ഷത്തു നിന്നും ഒരു പ്രതിരോധം വേണ്ടിയിരുന്നില്ല.

ബിജെപിക്കെതിരെ ഒരു പോസ്റ്റിട്ടാല്‍ സംഘടിതമായ ആക്രമണം വരും. സിപിഎമ്മിനെതിരെ പ്രതികരിച്ചാല്‍ സംഘടിതമായ ആക്രമണം വരും. കോണ്‍ഗ്രസിനെ തൊട്ടാല്‍ എന്തുകൊണ്ടാണ് വേദനിക്കാത്തത് എന്ന് നേതാക്കള്‍ ചിന്തിക്കണം. കോണ്‍ഗ്രസിനെതിരെ വിമര്‍ശനം വന്നാല്‍ നേതാക്കള്‍ പല ചേരിയില്‍ നിലയുറപ്പിക്കും. ഈ നിലപാട് കോണ്‍ഗ്രസ് മാറ്റേണ്ട കാലം അതിക്രമിച്ചു-ഉണ്ണിത്താന്‍ പറഞ്ഞു.