പദ്മാവതിന് വിലക്ക് ഏര്‍പ്പെടുത്തി രാജസ്ഥാന്‍ സര്‍ക്കാര്‍

0
72

ന്യൂഡല്‍ഹി: വിവാദങ്ങളെത്തുടര്‍ന്ന് പേര് മാറ്റി റിലീസിന് ഒരുങ്ങുന്ന സഞ്ജയ് ലീല ബെന്‍സാലി ചിത്രം പദ്മാവത് പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍. രാജസ്ഥാനില്‍ ചിത്രം ഒരു കാരണവശാലും റിലിസ് ചെയ്യാന്‍ അനുവദിക്കില്ലെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി ഗുലാബ് ചന്ദ് ഖട്ടാരിയ അറിയിച്ചു. ഈ മാസം 25 ന് ചിത്രം റീലിസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ നിലപാട്.

പദ്മാവതി എന്ന് പേരിട്ടിരുന്ന ചിത്രത്തിനെതിരെ ഉണ്ടായ എതിര്‍പ്പുകളെ തുടര്‍ന്ന് സെന്‍സര്‍ ബോര്‍ഡ് റിലീസിനുള്ള അനുമതി നിഷേധിച്ചിരുന്നു. ഇതേത്തുടര്‍ന്ന് അഞ്ച് സുപ്രധാന മാറ്റങ്ങളോടെ പദ്മാവത് എന്ന് പേരുമാറ്റി ചിത്രം പുറത്തിറക്കാന്‍ ധാരണയായിരുന്നു. തുടര്‍ന്നാണ് പദ്മാവത് എന്ന പേരില്‍ ചിത്രം റീലിസ് ചെയ്യാന്‍ അണിയറ പ്രവര്‍ത്തകര്‍ തീരുമാനിച്ചത്.

രജപുത്രവികാരത്തെ വ്രണപ്പെടുത്തുന്ന രംഗങ്ങള്‍ ചിത്രത്തിലുണ്ടെന്ന് ആരോപിച്ച് ഉത്തരേന്ത്യയിലാകെ ചിത്രത്തിനെതിരെ പ്രതിഷേധങ്ങള്‍ വ്യാപകമായിരുന്നു. ചിത്രത്തിലെ നായിക ദീപികയ്ക്കും സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കും വധഭീഷണി വരെ ഉയര്‍ന്നിരുന്നു. ചിത്രത്തിനെതിരെ രംഗത്ത് വന്ന രജ്പുത് കര്‍ണി സേന ചിത്രത്തിന് വിലക്കേര്‍പ്പെടുത്തണം എന്ന നിലപാടില്‍ തന്നെ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നതിനിടെയാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.