ബംഗളൂരുവില്‍ ബാര്‍ റസ്റ്റോറന്റിനു തീപിടിച്ച് അഞ്ചു മരണം

0
51

ബെംഗളൂരു: ബംഗളൂരുവില്‍ ബാര്‍ റസ്റ്റോറന്റിനു തീപിടിച്ച് അഞ്ചു മരണം. കലാസിപ്പാളയത്തെ കൈലാഷ് ബാര്‍ റസ്‌റ്റോറന്റിലാണ് ഇന്ന് പുലര്‍ച്ചെ തീപിടിത്തമുണ്ടായത്. ബാറില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന ബാര്‍ ജീവനക്കാരാണ് മരിച്ചത്. പുലര്‍ച്ചെ മൂന്നോടെയാണ് അപകടം നടന്നത്.

തുംകൂര്‍ സ്വദേശികളായ സ്വാമി (23), പ്രസാദ് (20), മഹേഷ് (35), ഹാസ്സന്‍ സ്വദേശി മഞ്ജുനാഥ് (45), മാണ്ഡ്യ സ്വദേശിനി കീര്‍ത്തി (24) എന്നിവരാണ് മരിച്ചത്. മൃതദേഹങ്ങള്‍ വിക്ടോറിയ ആശുപത്രിയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി എത്തിച്ചു. ഗുരുതരമായി പൊള്ളലേറ്റ ഒരാള്‍ ചികിത്സയിലാണ്.

കെആര്‍ മാര്‍ക്കറ്റിനു സമീപം കുംബാര സംഘ കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് ബാര്‍ പ്രവര്‍ത്തിക്കുന്നത്. അഗ്നിശമനസേന എത്തി തീയണച്ച ശേഷം നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഷോര്‍ട് സര്‍ക്യൂട്ട് ആണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് പ്രാഥമിക നിഗമനം.