ബല്‍റാമിനെ തള്ളിയ നേതൃത്വത്തിനെതിരെ കോണ്‍ഗ്രസിനുള്ളില്‍ വികാരം; യുവനേതൃത്വം ബല്‍റാമിനൊപ്പം

0
75

എം.മനോജ്‌ കുമാര്‍ 

തിരുവനന്തപുരം: എകെജി വിവാദത്തില്‍ എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, എം.എം.ഹസന്‍, രമേശ്‌ ചെന്നിത്തല, കെ.മുരളീധരന്‍ എന്നിവര്‍ക്കെതിരെ കോണ്‍ഗ്രസില്‍ ശക്തമായ വികാരം. ഇതാദ്യമായാണ് ഗ്രൂപ്പ് പോരുകളില്‍ നിന്നും വിഭിന്നമായി കോണ്‍ഗ്രസില്‍ തലമുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ശക്തമായ വികാരം ഉയരുന്നത്.

ഗ്രൂപ്പ് ഭേദമെന്യേയാണ് നേതാക്കള്‍ പാര്‍ട്ടിയിലെ ഏറ്റവും സ്വാധീന ശക്തിയുള്ള ഈ നേതാക്കള്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നത്. സിപിഎമ്മിന്റെ ചരിത്രത്തിലെ ഉജ്ജ്വല അധ്യായങ്ങളായ എ.കെ.ഗോപാലനേയും പത്നി സുശീലാ ഗോപാലനെയും ചേര്‍ത്തുള്ള വി.ടി.ബല്‍റാമിന്റെ ഫെയ്സ് ബുക്ക്‌ പോസ്റ്റ്‌ വിവാദമായപ്പോള്‍ കാര്യങ്ങള്‍ മനസിലാക്കാതെ ബല്‍റാമിനെ തള്ളിക്കളഞ്ഞതിനെതിരെയാണ് നേതാക്കള്‍ക്കെതിരെ വികാരമുയരുന്നത്.

എകെജി വിവാദത്തില്‍ ശക്തമായ പ്രതിഷേധമാണ്‌ അടിത്തട്ടില്‍ നിന്നും കോണ്‍ഗ്രസിനെതിരെ ഉയരുന്നത്.

ഇനി കോണ്‍ഗ്രസ് നേതാക്കളെ ആക്ഷേപിച്ചാല്‍ ബല്‍റാം ശൈലിയില്‍ മറുപടി പറയാനാണ് കോണ്‍ഗ്രസിലെ യുവതലമുറ തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് ബല്‍റാമിനെ വിമര്‍ശിച്ച
നേതാക്കളെ തള്ളി യുവനേതാക്കള്‍ മുന്നോട്ട് വന്നിരിക്കുന്നത്.

യുവ നേതൃത്വം ഈ വിഷയത്തില്‍ ബല്‍റാമിന് നിരുപാധിക പിന്തുണയാണ് നല്‍കുന്നത്. ഒപ്പം സിപിഎം നടത്തുന്ന സോഷ്യല്‍ മീഡിയാ ആക്രമണങ്ങള്‍ക്ക് ബല്‍റാം ശൈലിയില്‍ മറുപടി പറയാന്‍ കൂടി യുവ കോണ്‍ഗ്രസ് നേതാക്കള്‍ ഒരുങ്ങുകയാണ്. അതുകൊണ്ട് തന്നെയാണ് ബല്‍റാമിനു നിരുപാധിക പിന്തുണ ഇവര്‍ നല്‍കുന്നതും. നേതാക്കളെ തള്ളിക്കളഞ്ഞാണ് കോണ്‍ഗ്രസിലെ പല പ്രമുഖരും ബല്‍റാമിന് അനുകൂലമായി മുന്നോട്ടുവന്നിരിക്കുന്നത്.

കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സിപിഎം നേതാക്കള്‍ നടത്തുന്ന പ്രസ്താവനകള്‍ എന്തുകൊണ്ട് നേതാക്കള്‍ കണക്കിലെടുക്കുന്നില്ല എന്നാണ് കോണ്‍ഗ്രസ് നേതാവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ 24 കേരളയോടു ചോദിച്ചത്. ബല്‍റാമിന്റെ എകെ ജി വിമര്‍ശനം ശരിയായില്ലെങ്കിലും ബല്‍റാമിനെ ചോദ്യം ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അടക്കമുള്ള നേതാക്കള്‍ക്ക് എന്ത് മാത്രം ധാര്‍മികതയുണ്ടെന്നു കോണ്‍ഗ്രസ് നേതാക്കള്‍ കണക്കുകൂട്ടേണ്ടിയിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.

രാജ്മോഹന്‍ ഉണ്ണിത്താന്റെ നിലപാടിന് സമാനമായാണ്‌ കോണ്‍ഗ്രസിലെ ചെറുതും വലുതുമായ നേതാക്കള്‍ നീങ്ങുന്നത്. ബല്‍റാമിനെ തള്ളാന്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ ഈ നേതാക്കള്‍ക്ക് എന്തുമാത്രം പരിജ്ഞാനമുണ്ടെന്നു കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നടങ്കം ചോദിക്കുന്നു. കോണ്‍ഗ്രസിനെതിരായ സോഷ്യല്‍ മീഡിയ ആക്രമണങ്ങളെ നല്ല രീതിയില്‍ ചെറുത്തുനില്‍ക്കുക എന്ന ദൗത്യം ഏറ്റെടുത്ത് ചെയ്യുന്ന നേതാവാണ്‌ ബല്‍റാം.

ചെറുപ്പത്തിന്റെ ആവേശത്തില്‍ ബല്‍റാമിന് തെറ്റുപറ്റിയാല്‍ അത് പാര്‍ട്ടിയ്ക്കകത്ത്‌ തിരുത്തുകയാണ് വേണ്ടത്. അല്ലാതെ താക്കീത് നല്‍കുകയല്ല വേണ്ടതെന്ന് ബല്‍റാമിന് പിന്തുണ നല്‍കുന്ന നേതാക്കള്‍ പറയുന്നു.ഞങ്ങള്‍ ബല്‍റാമിന് ഒപ്പമാണെന്ന് മിക്ക നേതാക്കളും രഹസ്യമായി പറയുന്നു.

ബല്‍റാമിനെ ന്യായീകരിച്ചുകൊണ്ട്‌ കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തിക്കാട്ടുന്നത് ഹിന്ദുവില്‍ വന്ന ലേഖനമാണ്. അത് ഉദ്ധരിക്കുക മാത്രമാണ് ബല്‍റാം ചെയ്തത്. സിപിഎം നേതാക്കള്‍ പതിവായി കോണ്‍ഗ്രസ് നേതാക്കളെ ആക്ഷേപിക്കുന്നു. ഈ ആക്ഷേപിക്കലിനു ബല്‍റാം നടത്തിയ മറുപടിയാണ് എകെജി വിവാദം.

കോണ്‍ഗ്രസ് നേതാക്കളെ കമ്മ്യൂണിസ്റ്റ് നേതാക്കള്‍ക്ക്‌ എത്ര വേണമെങ്കിലും ആക്ഷേപിക്കാം. തിരിച്ചായിക്കൂടെ. തിരിച്ചായാല്‍ കോണ്‍ഗ്രസിന് വേണ്ടി വാദിച്ച നേതാക്കളെ തള്ളിക്കളയാന്‍ കഴിയുമോ? പാര്‍ട്ടിയ്ക്കുള്ളില്‍ അതിവേഗം പിന്തുണ കൂടുന്ന ഈ ചോദ്യത്തിനാണ് എ.കെ.ആന്റണി, ഉമ്മന്‍ ചാണ്ടി, എം.എം.ഹസന്‍, കെ.മുരളീധരന്‍ തുടങ്ങിയ നേതാക്കള്‍ മറുപടി പറയേണ്ടത്.

കോണ്‍ഗ്രസ് നേതാക്കളെയും അവരുടെ കുടുംബാംഗങ്ങളെയും സിപിഎം നേതാക്കള്‍ നിയമസഭയില്‍ ആക്ഷേപിച്ചു. അന്നൊന്നും വ്യക്തിപരമായ ആക്ഷേപങ്ങള്‍ വേണ്ട എന്നാരും പറഞ്ഞില്ല – കോണ്‍ഗ്രസ് നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.

സരിതയുടെ പേരില്‍ എന്തുമാത്രം വ്യക്തിപര വിമര്‍ശനങ്ങളാണ് കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരിടേണ്ടി വന്നത്. അന്നൊന്നും ആരും രംഗത്ത് വന്നതായി കണ്ടില്ല. ഇപ്പോള്‍ സിപിഎം നേതാക്കള്‍ ആക്ഷേപിക്കപ്പെടുമ്പോള്‍ കവചം തീര്‍ക്കുന്നത് സ്വന്തം നേതാക്കളെ തള്ളിക്കളഞ്ഞു വേണോ എന്നാണു കോണ്‍ഗ്രസില്‍ നിന്നും ഉയരുന്ന ചോദ്യം.

എകെജി പ്രശ്നത്തില്‍ സിപിഎം നേതാക്കള്‍ വടി കൊടുത്ത് അടി വാങ്ങിച്ചതാണ് എന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ വിലയിരുത്തുന്നത്. പക്ഷെ ബല്‍റാമിന് തെറ്റ് പറ്റി എന്നും ഇവര്‍ സൂചിപ്പിക്കുന്നു. പക്ഷെ തള്ളിപ്പറയാന്‍ എളുപ്പമാണ്. സംരക്ഷിക്കാന്‍ എളുപ്പമല്ല. താഴേക്കിടയിലുള്ള കോണ്‍ഗ്രസ് നേതാക്കള്‍ ഇത്തരമൊരു സംരക്ഷണം കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ നിന്ന് ചില നേരത്തെങ്കിലും പ്രതീക്ഷിക്കുന്നു. സോഷ്യല്‍ മീഡിയ വിഷയങ്ങളില്‍ പ്രത്യേകിച്ചും.

കോണ്‍ഗ്രസ് വെറുക്കപ്പെടുന്ന മേഖലയാണിത്‌. അവിടെ എത്ര പേര്‍ കോണ്‍ഗ്രസിന് പ്രതിരോധം തീര്‍ക്കാനുണ്ട്. ബല്‍റാമിനെ പോലെ വളരെ കുറച്ചു പേര്‍ മാത്രം. ആ ബല്‍റാമിനെ ഇങ്ങിനെ കൈവിട്ടു കളഞ്ഞു എന്ന് കാണിച്ചാണ്‌ എ.കെ.ആന്റണി ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കെതിരെ പ്രതിഷേധം കനക്കുന്നത്.

പഴയ കോണ്‍ഗ്രസ് അല്ല ഇപ്പോഴുള്ളത്. കോണ്‍ഗ്രസ് മാറിക്കഴിഞ്ഞു. അത് നേതാക്കള്‍ മനസിലാക്കണം –  ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പ്രതികരിക്കുന്നു. ഒപ്പം എകെജി വിവാദം കോണ്‍ഗ്രസിന് പുതിയ ഉണര്‍വ് നല്‍കിയതായി കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രഹസ്യമായി സമ്മതിക്കുകയും ചെയ്യുന്നു.