ബോണക്കാട് പ്രശ്‌നം: പ്രത്യക്ഷ സമരം മാറ്റിവെച്ചു

0
56


തിരുവനന്തപുരം: ബോണക്കാട് കുരിശുമല സംഘര്‍ഷവുമായി ബന്ധപ്പെട്ട് നാളെ മുതല്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പ്രത്യക്ഷ സമരം ലത്തീന്‍ സഭാ നേതൃത്വം മാറ്റിവച്ചു. തിരുവനന്തപുരം ലത്തീന്‍ അതിരൂപത ആര്‍ച്ച് ബിഷപ്പ് ഡോ. എം.സൂസെപാക്യത്തിന്റെ നേതൃത്വത്തില്‍ വനം മന്ത്രി കെ.രാജുവുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം മാറ്റിവെച്ചത്.

കുരിശുമലയിലേക്ക് നിയന്ത്രിതമായ ആളെ കയറ്റാമെന്ന് ആര്‍ച്ച് ബിഷപ്പിന് മന്ത്രി ഉറപ്പുനല്‍കിയെന്നാണ് വിവരം. എന്നാല്‍ വനഭൂമിയില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അനുവദിക്കില്ലെന്നും ചര്‍ച്ചയില്‍ വ്യക്തമാക്കിയതായാണ് റിപ്പോര്‍ട്ട്. അതിനിടെ, വിഷയത്തില്‍ ആരാധനാ സ്വാതന്ത്ര്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ കാണാന്‍ സഭാ നേതൃത്വം ശ്രമം നടത്തുന്നുണ്ട്.

ആരാധനാ സ്വാതന്ത്ര്യത്തിനായി മുഖ്യമന്ത്രിയെ കാണുമെന്നും മുഖ്യമന്ത്രിയില്‍ നിന്ന് ഉറപ്പ് ലഭിക്കുമെന്നാണ് പ്രതീക്ഷയെന്നും ഡോ. എം.സൂസെപാക്യം പറഞ്ഞു. സമാധാനപരമായി പ്രശ്‌നം തീര്‍ക്കാനാണ് ശ്രമമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ബോണക്കാട് ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കില്ലെന്ന് മന്ത്രി കെ.രാജുവും ചര്‍ച്ചയ്ക്കുശേഷം വ്യക്തമാക്കി. കോടതി നിര്‍ദേശം അനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

പൊലീസ് നടപടിയുണ്ടായ ബോണക്കാട് ആരാധനാ സ്വാതന്ത്ര്യത്തിനുവേണ്ടി പ്രത്യക്ഷ സമരത്തിനിറങ്ങാന്‍ നെയ്യാറ്റിന്‍കര രൂപത ഞായറാഴ്ച ഇടയലേഖനത്തിലൂടെ ആഹ്വാനം നല്‍കിയിരുന്നു. സര്‍ക്കാര്‍ വര്‍ഗീയശക്തികള്‍ക്ക് കുടപിടിക്കുകയാണെന്നും മുഖ്യമന്ത്രി മൗനം വെടിഞ്ഞ് പ്രശ്‌നപരിഹാരത്തിന് ഇടപെടണമെന്നും രാവിലെ രൂപതയിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തില്‍ ആവശ്യപ്പെട്ടിരുന്നു.